ഐ.എസ്.എൽ ടേബിളിലെ പഞ്ചാബി സ്പെഷ്യൽ
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും കന്നി സീസണിൽ തന്നെ വരവറിയിച്ച പ്രകടനമായിരുന്നു പഞ്ചാബ് എഫ്.സിയുടേത്. 22 മത്സരങ്ങളിൽനിന്ന് 24 പോയന്റുള്ള പഞ്ചാബ് നിലവിൽ ഏഴാം സ്ഥാനത്താണ്. തങ്ങളുടെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ‘സിംഹങ്ങൾ’, ഐ.എസ്.എല്ലിന്റെ പത്താം വിരുന്നിലൊരുക്കിയ സ്പെഷ്യലുകളെ മറക്കാനാവില്ല.
സീസണിന്റെ തുടക്കത്തിൽ ഏതാനും മത്സരങ്ങളിലുണ്ടായ അമ്പരപ്പ് ഒഴിച്ചുനിർത്തിയാൽ പിന്നീടങ്ങോട്ട് ടേബിൾ ടോപ്പേഴ്സിനെ വിറപ്പിച്ചുവിട്ട പ്രകടനമാണ് പലപ്പോഴും കണ്ടത്. ഗോകുലം കേരളയുടെ മുൻ ക്യാപ്റ്റൻ ലൂക്ക മായൻ നയിച്ച ടീമിൽ അദ്ദേഹത്തിനൊപ്പം ഫ്രഞ്ച് താരം മാദിഹ് തലാലും കൊളംബിയൻ താരം വിൽമർ ജോർഡനും ചേർന്നുള്ള മുന്നേറ്റനിര ഈ സീസണിൽ ഐ.എസ്.എല്ലിലെത്തന്നെ മികച്ച ആക്രമണ നിരകളിലൊന്നായിരുന്നു.
മറ്റു താരങ്ങളൊക്കെ ശരാശരിക്കാരായിരുന്നിട്ടും അറ്റാക്കർമാരുടെ ബലത്തിൽ ബിഗ് ഗെയിമുകൾ പലതും പഞ്ചാബ് നേടി. ഈ ത്രയത്തിന്റെ പവർ കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്കുമുന്നിൽ അനുഭവിച്ചറിഞ്ഞിരുന്നു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്ന് ബ്ലാസ്റ്റേഴ്സ് നാണംകെട്ടത്. ബംഗളൂരുവിനെയും ഇതേ സ്കോറിന് വീഴ്ത്തിയ ടീം ഗോവയോടും മുംബൈയോടും കട്ടക്കുനിന്നു.
കേരള ബ്ലാസ്റ്റേഴ്സ് മുൻ താരവും കോഴിക്കോട് സ്വദേശിയുമായ കെ. പ്രശാന്ത്, ബംഗളൂരു എഫ്.സി മുൻ താരവും കോഴിക്കോട് സ്വദേശിയുമായ ലിയോൺ അഗസ്റ്റിൻ അശോകൻ, ശ്രീനിധി ഡെക്കാൻ മുൻ താരവും മലപ്പുറം സ്വദേശി മുഹമ്മദ് സലാഹ് തുടങ്ങിയവരും പഞ്ചാബിനായി പന്തു തട്ടിയിരുന്നു. 26 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ മാദിഹ് തലാലിനെ ഇതിനകം പല ക്ലബുകളും നോട്ടമിട്ടുകഴിഞ്ഞു.
സിംഹങ്ങളെന്നാണ് പഞ്ചാബ് എഫ്.സിയുടെ വിളിപ്പേര്. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബാളിൽ പഞ്ചാബ് കത്തിനിന്ന കാലമുണ്ടായിരുന്നു. ഐ.എം. വിജയനടക്കമുള്ള താരങ്ങൾ പന്തുതട്ടിയ ജെ.സി.ടി മിൽസ് എഫ്.സി ഇന്ത്യയിലെ മേജർ കിരീടങ്ങളെല്ലാം പഞ്ചാബിന്റെ ഷോക്കേസിലേക്കെത്തിച്ചിട്ടുണ്ട്.
1996ൽ ദേശീയ ലീഗിന്റെ (പിന്നീട് ഐ-ലീഗായി മാറി) കന്നി സീസണിൽത്തന്നെ കിരീടം ചൂടിയ ടീം. ‘മിൽമെൻ’ (വസ്ത്രപ്പണിക്കാർ) എന്നു വിളിപ്പേരുണ്ടായിരുന്ന ടീമിനെ ഉടമകളായ ജഗജിത് കോട്ടൺ ആൻഡ് ടെക്സ്റ്റൈൽ മിൽസ് മാനേജ്മെന്റ് 2011ൽ പിരിച്ചുവിട്ടതോടെ പഞ്ചാബി ഫുട്ബാളിലെ ഒരു യുഗം അവസാനിക്കുകയായിരുന്നു.
രഞ്ജിത് ബജാജിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മിനർവ പഞ്ചാബാണ് പിന്നീട് ആ മണ്ണിൽനിന്ന് കുതിച്ചുയർന്നത്. ഐ- ലീഗ് ജേതാക്കളായ മിനർവ പഞ്ചാബ് പിന്നെ പഞ്ചാബ് എഫ്.സിയായും പഞ്ചാബ് എഫ്.സി 2020ൽ റൗണ്ട് ഗ്ലാസ് പഞ്ചാബായും മാറി.
2022-23 സീസണിൽ ഐ ലീഗ് ജേതാക്കളായതോടെ ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ വീണ്ടും പഞ്ചാബ് എഫ്.സിയായി പേരുമാറി. ഈസ്റ്റ് ബംഗാളിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഐ.എസ്.എല്ലിൽ തങ്ങളുടെ അരങ്ങേറ്റ സീസൺ അവസാനിപ്പിക്കാനായെങ്കിലും നേരിയ പോയന്റിൽ പ്ലേ ഓഫിൽ ഇടം നഷ്ടമായതിന്റെ സങ്കടവും പരിശീലകൻ സ്റ്റയ്കോസ് വെർഗറ്റിസിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.