മിനിപൂരം; ഏഷ്യൻ കപ്പിനൊരുങ്ങി ഖത്തർ; ഇന്ത്യൻ ടീം ഇന്നെത്തും
text_fieldsദോഹ: വൻകരയുടെ കളിയുത്സവത്തിലേക്ക് പന്തുരുളാൻ രണ്ടാഴ്ചമാത്രം ശേഷിക്കെ ഖത്തർ വീണ്ടുമൊരിക്കൽകൂടി കളിയാരവങ്ങളിലേക്ക്. ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള 24 ടീമുകളിൽ ആദ്യ സംഘമായി ഇന്ത്യയുടെ നീലപ്പട ശനിയാഴ്ച ദോഹയിലെത്തും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ശനിയാഴ്ച ന്യൂഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽതന്നെ വലിയ വരവേൽപ്പായിരിക്കും സുനിൽ ഛേത്രിയെയും സംഘത്തെയും കാത്തിരിക്കുന്നത്.ഏഷ്യൻ കപ്പിനുള്ള ആദ്യ വിദേശസംഘമായാണ് നേരത്തേതന്നെ ഇന്ത്യയുടെ വരവ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരച്ചൂടിന് താൽക്കാലിക അവധി നൽകിയാണ് ബ്ലൂ ടൈഗേഴ്സ് രാജ്യത്തിന്റെ വിവിധ ദിക്കുകളിൽനിന്നായി ന്യൂഡൽഹിയിലെത്തി ‘ടീം ഇന്ത്യ’യായി മാറുന്നത്. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിൽ 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ആസ്ട്രേലിയയാണ് ആദ്യ എതിരാളി. പിന്നാലെ, 18ന് ഉസ്ബെകിസ്താനെയും 23ന് സിറിയയെയും നേരിടും.
സന്നാഹമില്ലാതെ
സന്നാഹ മത്സരങ്ങളൊന്നുമില്ലാതെ ഏഷ്യൻ കപ്പിൽ നേരിട്ട് ബൂട്ടുകെട്ടാനാണ് കോച്ച് ഇഗോർ സ്റ്റിമാകിന്റെ പ്ലാൻ. 30 പേരുമായാണ് ദോഹയിലെത്തുന്നത്. ഇവിടെ പരിശീലനം ആരംഭിച്ചശേഷം ജനുവരി മൂന്നിന് മുമ്പായി 26 അംഗ സംഘത്തെ പ്രഖ്യാപിക്കും. കഴിഞ്ഞ നവംബർ 21ന് ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. ഖത്തറിനെതിരായ മത്സരശേഷം, ക്ലബ് ഡ്യൂട്ടിയിലേക്ക് മടങ്ങിയ താരങ്ങൾ വീണ്ടും ഒന്നിച്ച് കളത്തിലിറങ്ങുന്നത് ദോഹയിലാണ്. എതിരാളികളെല്ലാം ചുരുങ്ങിയത് ഒരു സന്നാഹ മത്സരമെങ്കിലും കളിച്ചാണ് ഖത്തറിലെത്തുന്നത്. ആസ്ട്രേലിയ ജനുവരി ആറിന് ബഹ്റൈനെയും ഉസ്ബെക് കിർഗിസ്താനെയും സിറിയ രണ്ട് സന്നാഹ മത്സരങ്ങളും കളിക്കുന്നു. എന്നാൽ, ഇന്ത്യയുടെ നിലപാടിൽ കോച്ചിന് കൃത്യമായ മറുപടിയുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ സജീവമായ മത്സരസീസണിൽ കളിച്ചു തളർന്ന താരങ്ങൾക്ക് ഏഷ്യൻ കപ്പിലെ സുപ്രധാന മത്സരങ്ങൾക്ക് മുമ്പ് ആവശ്യമായ വിശ്രമം നൽകുകയും പരിക്ക് സാധ്യത ഒഴിവാക്കുകയുമാണ് സന്നാഹ മത്സരങ്ങളോട് ‘നോ’ പറയാനുള്ള കാരണം. ആസ്ട്രേലിയക്കെതിരെ വിജയം വലിയ വെല്ലുവിളിയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടാവും ടീം തുടങ്ങുക. ഒന്നാം അങ്കത്തിൽ വലിയ മാർജിനിലെ തോൽവി ഒഴിവാക്കുക. ശേഷമുള്ള രണ്ടിൽ ഒരു ജയവും ഒരു സമനിലയുമായാൽ ടീമിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാനാവും. അവസാന കളികളിലേക്ക് ടീമിന് മുഴുവൻ ഊർജവും നിലനിർത്തുകയെന്നതാണ് ടീം പ്ലാൻ. സഹൽ അബ്ദുൽ സമദ്, കെ.പി രാഹുൽ എന്നീ മലയാളി താരങ്ങളാണ് ടീമിലുള്ളത്. സഹൽ പരിക്കിന്റെ പിടിയിലാണ്. സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, മൻവിർ സിങ്, ലാലിയാൻസുവാല ചാങ്തേ, ഗുർപ്രീത് സിങ്, ഉദാന്ത, ലിസ്റ്റൺ കൊളാസോ, രാഹുൽ ഭെകെ തുടങ്ങിയ പരിചയസമ്പന്നരുടെ നിരയുമുണ്ട്.
ഗാലറി നീലക്കടലാകും
കഴിഞ്ഞ മാസം കുവൈത്തിൽ കണ്ട അതേ ആരാധക ആവേശംതന്നെയാണ് ഖത്തറിലും ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഏഷ്യൻ കപ്പിൽ ഗാലറിയിലെ ഏറ്റവും വലിയ ആരാധക സാന്നിധ്യമായി സംഘാടകർ പ്രതീക്ഷിക്കുന്നതും ഖത്തറിലെ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ഫാൻസിനെയാണ്. നിലവിൽ ടിക്കറ്റ് വാങ്ങിക്കൂട്ടിയവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആതിഥേയരായ ഖത്തർ കഴിഞ്ഞാൽ, ഏറ്റവുമധികം ഗാലറിയുടെ പിന്തുണ ലഭിക്കുന്ന ടീമായി മാറുമ്പോൾ പന്ത്രണ്ടാമന്റെ ആരവം ഛേത്രിക്കും കൂട്ടർക്കും കരുത്താകും. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ കപ്പ് പോരാട്ടമാണിത്. 2019 യു.എ.ഇ ഏഷ്യൻ കപ്പിൽ ടീം ഗ്രൂപ് റൗണ്ടിൽ മടങ്ങുകയായിരുന്നു. 2011ൽ ഖത്തർ വേദിയായപ്പോഴും ഇന്ത്യ കളിച്ചു. മികച്ച വിജയങ്ങളും ശ്രദ്ധേയമായ മുന്നേറ്റങ്ങളുമായി ഫുട്ബാളിൽ കുതിക്കുന്ന ‘ബ്ലൂ ടൈഗേഴ്സി’ന് ഗ്രൂപ് ഘട്ടം കടക്കാനായാൽ അതുമൊരു നേട്ടമാകും. ലോകകപ്പ് ഫുട്ബാളിന് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലും അൽ ബെയ്ത് സ്റ്റേഡിയത്തിലുമാണ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.