ചാലിയാർ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് ഐക്യദാർഢ്യവുമായി ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം സീസണിന് വെള്ളിയാഴ്ച കിക്കോഫ് കുറിക്കും. ദോഹ യൂനിവേഴ്സിറ്റി ഗ്രൗണ്ടിലാണ് (സി.എൻ.എ.ക്യു) 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. വെള്ളിയാഴ്ച മൂന്നു മണിക്ക് ടൂർണമെന്റിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആദ്യ റൗണ്ടിലെ എട്ട് മത്സരങ്ങളും ക്വാർട്ടർ ഫൈനലും വെള്ളിയാഴ്ച നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബർ 29 ന് ദോഹ സ്റ്റേഡിയത്തിലായിരിക്കും സംഘടിപ്പിക്കപ്പെടുകയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആസ്റ്റർ ഹെൽത്ത് കെയർ ടൈറ്റിൽ സ്പോൺസറായും മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ കമ്പനി മെയിൻ സ്പോൺസറായും സംഘടിപ്പിക്കപ്പെടുന്ന ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് 3023 ഖത്തർ റിയാലും എവർ റോളിങ് ട്രോഫിയും ഫസ്റ്റ് റണ്ണർ അപ്പിന് 2023 ഖത്തർ റിയാലും ട്രോഫിയും സെക്കൻഡ് റണ്ണർ അപ്പിന് 1023 ഖത്തർ റിയാലും ട്രോഫിയുമാണ് സമ്മാനം.
ഉദ്ഘാടന മത്സരത്തിൽ ഓർബിറ്റ് എഫ്.സി, ഒറിക്സ് എഫ്.സി കാസർകോടിനെ നേരിടും. തുടർന്നുള്ള മത്സരങ്ങളിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി-വൈക്കിങ് എഫ്.സി അൽഖോർ, അഡ്വാൻസ് പ്ലസ് എഫ്.സി - ഈഗിൾസ് എഫ്.സി, നാമിസ് ഇന്റർനാഷനൽ ന്യൂട്ടൻ എഫ്.സി-അൽ അനീസ് എഫ്.സി, ഖത്തർ ഫ്രണ്ട്സ് മമ്പാട് -വഖാസ് എ.എഫ് സി, മഞ്ഞപ്പട എഫ്.സി - ബ്രദേഴ്സ് എഫ്.സി, ക്യു.കെ.ജെ.കെ.എഫ്.സി മേറ്റ്സ് ഖത്തർ - നസീം യുനൈറ്റഡ്, ഫാർമ കെയർ എഫ്.സി - ബീച്ച് ബോയ്സ് എഫ്.സിയെയും നേരിടും.
ആസ്റ്റർ ഹെൽത്ത് കെയർ കോൺഫറൻസ് ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി സിദ്ദീഖ് ചെറുവാടി, ആസ്റ്റർ ഹെൽത്ത് കെയർ ഗ്രൂപ് മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ, മാക് എം.ഡി ഷൗക്കത്തലി ടി.എ.ജെ, ടൂർണമെന്റ് ഫിനാൻസ് മാനേജർ ജാബിർ ബേപ്പൂർ, മീഡിയ വിങ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട്, രജിസ്ട്രേഷൻ വിങ് ചെയർമാൻ രതീഷ് കക്കോവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.