സൗഹൃദ ഫുട്ബാളിൽ റഷ്യയെ തളച്ച് ഖത്തർ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ബൂട്ടുകെട്ടിയ ഖത്തറിന് റഷ്യക്കെതിരെ ഉജ്ജ്വല സമനില. അൽ ജനൂബ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായി മുന്നേറിയ കളിയുടെ അവസാന മിനിറ്റുകളിലാണ് ഇരു ടീമുകളും സ്കോർ ചെയ്തത്.
നിരന്തര സബ്സ്റ്റിറ്റ്യൂഷനും മുന്നേറ്റങ്ങളുമായി ആവേശകരമായ കളിയിൽ ആദ്യം സ്കോർ ചെയ്തത് ഖത്തറായിരുന്നു. കോട്ടകെട്ടിയ റഷ്യൻ പ്രതിരോധത്തെ കീറിമുറിച്ച് ഗോളിലേക്ക് വഴിയൊരുക്കിയതിന് അക്രം അഫിഫിക്കുതന്നെ നന്ദി പറയണം. 70ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ മധ്യവരക്ക് അരികിൽ നിന്നും അഫിഫി നൽകിയ ക്രോസ്, ഹുമാം അഹമ്മദ് ഏറ്റുവാങ്ങി ഗോൾ മുഖത്തേക്ക് ലോങ് ഷോട്ടായി നൽകി.
അവിടെനിന്നും ഉയർന്നുചാടിയ റഷ്യൻ പ്രതിരോധനിരക്കാരനെ മറികടന്ന് അഹമ്മദ് അലാവുദ്ദീൻ ഹെഡ് ചെയ്ത് വലകുലുക്കുമ്പോൾ ഡൈവു ചെയ്ത ഗോളിയെയും മറികടന്നു.
ഒരു ഗോളിന് ലീഡ് ചെയ്ത ഖത്തറിന് ഒടുവിൽ അവസാന മിനിറ്റിൽ സമനില വഴങ്ങേണ്ടിവന്നു. 90ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ പന്തിനെ അലക്സാണ്ടർ സോൾഡനോവാണ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റിയത്. കഴിഞ്ഞയാഴ്ചയിൽ കെനിയക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റുന്നതായിരുന്നു തങ്ങളേക്കാൾ കരുത്തരായ റഷ്യക്കെതിരായ സമനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.