ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ; ഇറാനെ തോൽപിച്ചത് 3-2ന്
text_fieldsദോഹ: കിക്കോഫ് വിസിൽ മുഴക്കം മുതൽ അവസാന മിനിറ്റിലെ ലോങ് വിസിൽ വരെ ആവേശം തിരതല്ലിയ അങ്കത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാളിന്‍റെ കലാശപ്പോരാട്ടത്തിന്. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഷ്യയിലെ മുൻനിര സംഘമായ ഇറാനെ 3-2ന് വീഴ്ത്തിയാണ് ഹസൻ അൽഹൈദോസും അക്രം അഫിഫും നയിച്ച ഖത്തർ പട കിരീടപ്പോരാട്ടത്തിലേക്ക് ജൈത്രയാത്ര നടത്തിയത്.
ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ജോർഡനെ നേരിടും. 2019ൽ യു.എ.ഇയിൽ ആദ്യമായി ഏഷ്യൻ കപ്പ് കിരീടമണിഞ്ഞതിനു പിന്നാലെ തുടർച്ചയായി രണ്ടാം ഫൈനൽ പ്രവേശനമാണ് ഖത്തറിന്. കളിയുടെ നാലാം മിനിറ്റിൽ സർദാർ അസ്മൗനിലൂടെ ഗോളടി തുടങ്ങിയ ഇറാനിൽ നിന്നു ഉജ്വല പോരാട്ട വീര്യത്തിലൂടെ കളി തട്ടിയെടുത്തായിരുന്നു ഖത്തർ നാട്ടുകാർക്ക് മുന്നിൽ കളം വാണത്. 17ാം മിനിറ്റിൽ ജാസിം ജാബിറിലൂടെ സമനില പിടിച്ചവരെ 43ാം മിനിറ്റിൽ ഉശിരൻ ലോങ് റേഞ്ച് ഷോട്ടിലൂടെ അക്രം അഫീസ് ലീഡു നൽകി. ഒടുവിൽ 82ാം മിനിറ്റിൽ അൽമുഈസ് അലി കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തറിന്‍റെ പട്ടിക തികഞ്ഞു. 51ാം മിനിറ്റിൽ അലി റിസ ജഹൻ ബക്ഷ പെനാൽറ്റി ഗോളിലൂടെ ഇറാന് ഉയിർത്തെഴുന്നേൽപ് നൽകിയെങ്കിലും മിന്നും ആക്രമണവും, കരുത്തുറ്റ പ്രതിരോധവും ഒപ്പം 13 മിനിറ്റു നീണ്ട ഇഞ്ചുറി ടൈമിലെ ഭാഗ്യത്തിന്‍റെ അകമ്പടി കൂടിയായതോടെ ഖത്തറിന്‍റെ ഫൈനൽ പ്രവേശം ഉറപ്പായി. ഇതിനിടെ ഇഞ്ചുറി ടൈമിന്‍റെ ആദ്യമിനിറ്റിൽ ഇറാന്‍റെ ഷോജ റെഡ് കാർഡുമായി പുറത്തായി.
ആദ്യം ഇറാൻ; തിരിച്ചടിച്ച് ഖത്തർ
കളിയിലെ ആദ്യ നീക്കം തന്നെ ഗോളിൽ അവസാനിപ്പിച്ചായിരുന്നു ഇറാൻ തുടങ്ങിയത്. നാലാം മിനിറ്റിൽ തങ്ങൾക്കനുകൂലമായി ലഭിച്ച ത്രോവിൽ നിന്നായിരുന്നു ഗോളിലേക്കുള്ള തുടക്കം. ഹൈബാളായി വന്ന ത്രോയെ ഹെഡ്ഡറിലൂടെ മറിഞ്ഞെത്തിയപ്പോൾ ബോക്സിനുള്ളിൽ സർദാർ അസ്മൗനിന്‍റെ ആദ്യ ശ്രമം പന്തിൽ തൊട്ടില്ലെങ്കിലും വെട്ടിയൊഴിഞ്ഞെടുത്ത ബൈസിക്ക്ൾ കിക്കിൽ പന്ത് ഖത്തർ ഗോൾ മിഷാൽ ബർഷിമിനെയും കടന്നു വലയിലേക്ക്.
ആദ്യ മിനിറ്റിലെ ഇറാന്‍റെ ഗോൾ ഗാലറിയെ ഞെട്ടിച്ചെങ്കിലും, കുലുങ്ങാതെതന്നെ ഖത്തറിന്‍റെ മുന്നേറ്റങ്ങൾക്ക് തുടർന്നു. ഇരു വിങ്ങുകളെ ചടുലമാക്കി അക്രം അഫിഫും യൂസുഫ് അബ്ദുൽ റസാഖും കുതിച്ചപ്പോൾ, അൽ മുഈസ് അലി മികച്ച നീക്കങ്ങൾക്ക് തന്ത്രം മെനഞ്ഞ് ഒപ്പം നിന്നു.
തുടർച്ചയായ ആക്രമണങ്ങൾക്ക് 17ാം മിനിറ്റിൽ ഫലമുണ്ടായി. ഗോൾലൈനിൽ നിന്നും അക്രം അഫിഫ് പിറകിലേക്ക് നൽകിയ ക്രോസിൽ പന്തു പിടിച്ചെടുത്ത ജാസിം ജാബിർ അബ്ദുസ്സലാം തൊടുത്ത ഷോട്ട് ഇറാൻെറ സെയ്ദ് ഇസ്തുലൈഹിയുടെ ബൂട്ടിൽ തട്ടി ഉയർന്നപ്പോൾ ഗോളിയെയും കബളിപ്പിച്ച് വലയിലേക്ക് ഊർന്നിറങ്ങി.
മിനിറ്റുകൾക്കകം തിരിച്ചടിച്ചതിൻെറ ആവേശത്തിൽ കളിയിലേക്ക് തിരികെയെത്തിയ ഖത്തർ 43ാം മനിറ്റിൽ അക്രം അഫിഫിൻെറ സോളോ മുന്നേറ്റവും ഗോളാക്കി ലീഡ് പിടിച്ചുകൊണ്ട് ആദ്യപകുതി പിരിഞ്ഞു. രണ്ടാം പകുതിയിൽ പെനാലറ്റിയെ ഗോളാക്കി തിരിച്ചെത്തിയ ഇറാനുമേൽ, പ്രതിരോധത്തേക്കാൾ മൂർച്ചയുള്ള ആക്രമണത്തെ ആയുധമാക്കി തന്നെയാണ് ഖത്തർ കളം വാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.