ലോകത്തിന്റെ വീടാകാൻ ഖത്തർ ഒരുങ്ങി -ഇൻഫന്റിനോ
text_fieldsദോഹ: 200ലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ലോകം ഖത്തറിലേക്കു ചുരുങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ പതിപ്പിനാവും നവംബർ 20ന് ഖത്തറിൽ കിക്കോഫ് കുറിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തർ ലോകത്തിന്റെ വീടായി മാറാൻ ഒരുങ്ങുകയാണെന്നും എല്ലാ തലത്തിലും ഏറ്റവും മികച്ച ടൂർണമെൻറ് സംഘടിപ്പിക്കുന്നതിനായി ഫിഫയും ഖത്തറും അവസാന ഘട്ട കഠിനപ്രയത്നത്തിലാണെന്നും ഇൻഫൻറിനോ പറഞ്ഞു.
വിഷ് 2022 (വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത്)ന്റെ സമാപന സെഷനിൽ 'കായിക മേഖലയുടെ ശക്തി' എന്ന തലക്കെട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലൂടെ ഖത്തർ വലിയ മാറ്റങ്ങൾക്കാണ് വിധേയമായിരിക്കുന്നതെന്നും ഫിഫ പ്രസിഡൻറ് സൂചിപ്പിച്ചു.
ഖത്തർ ഫുട്ബാൾ മാറ്റത്തിന്റെ പാതയിലാണെന്ന് 2019ൽ ഏഷ്യൻ കപ്പ് ജേതാക്കളായതോടെ ലോകം അറിഞ്ഞതാണ്.ദോഹ ലോക കായിക മേഖലയുടെ തലസ്ഥാന നഗരമായി രൂപാന്തരപ്പെട്ടുകഴിഞ്ഞു -അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് ലോകത്തിന് സമർപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുകയാണ്. കോവിഡ് മഹാമാരി അതിന്റെ അവസാനത്തിലേക്കു കടക്കുന്ന സാഹചര്യത്തിലുള്ള ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് വലിയ പ്രാധാന്യമുണ്ട് -ഇൻഫൻറിനോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.