മെക്സികോയെ അട്ടിമറിച്ച് ഖത്തർ കോൺകകാഫ് ക്വാർട്ടറിൽ
text_fieldsദോഹ: അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടം നേടി ഖത്തർ. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം അകന്നുനിന്ന ശേഷം, നിർണായക അങ്കത്തിൽ കരുത്തരായ മെക്സികോയെ 1-0ത്തിന് അട്ടിമറിച്ചാണ് സെൻട്രൽ അമേരിക്ക-വടക്കൻ അമേരിക്ക, കരീബിയൻ രാജ്യങ്ങളുടെ പോരിടമായ കോൺകകാഫിലെ നോക്കൗട്ടിലേക്ക് ഇടം നേടിയത്.
ജയിച്ചാൽ മാത്രം ക്വാർട്ടർ ഫൈനൽ എന്ന നിലയിൽ ഇറങ്ങിയ മത്സരത്തിൽ 27ാം മിനിറ്റിലായിരുന്നു ഹസിം ഷെഹതയിലൂടെ ഖത്തർ വിജയം കുറിച്ചത്. വിങ്ങിൽ നിന്നും മുസബ് ഖിദിർ നൽകിയ ക്രോസിനെ മനോഹരമായ ഹെഡറിലൂടെയാണ് ഹസിം, നായകൻ കൂടിയായ ഗോൾകീപ്പർ ഗ്വിയേർമോ ഒചാവോ കാത്ത വലയിലേക്ക് എത്തിച്ചത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഹെയ്തിയോട് 2-1ന് തോറ്റ ഖത്തർ, രണ്ടാം അങ്കത്തിൽ ഹോണ്ടുറസിനോട് 1-1ന് സമനില പാലിച്ചിരുന്നു. മെക്സികോക്കെതിരായ ജയത്തോടെ നാല് പോയിന്‍റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി. ആറ് പോയന്‍റുള്ള മെക്സികോയാണ് ഒന്നാമത്. ക്വാർട്ടറിൽ പാനമ, അല്ലെങ്കിൽ മാർടിനിക് ടീമുകളിൽ ഒന്നായിരിക്കും ഖത്തറിന്റെ എതിരാളി.
കോൺകകാഫ് രാജ്യങ്ങളുടെ പോരാട്ടത്തിൽ അതിഥി രാജ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. 2021ൽ ടൂർണമെന്റിൽ പങ്കെടുത്ത് സെമി ഫൈനൽ വരെ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.