ലോകകപ്പിനൊരുങ്ങി ഖത്തർ; നറുക്കെടുപ്പ് വെള്ളിയാഴ്ച
text_fieldsദോഹ: വർഷാവസാനത്തിലെ മഹാപോരാട്ടത്തിന് മുമ്പ് ഖത്തർ കാൽപന്ത് ലോകത്തിന്റെ ഹൃദയഭൂമിയാവാൻ ഒരുങ്ങുന്നു. വിശ്വമേളയുടെ പോരിടത്തിൽ ആരൊക്കെ മുഖാമുഖം മാറ്റുരക്കുമെന്നറിയാനുള്ള കാത്തിരിപ്പിന് അറുതിയാവാൻ ഇനി അധികദൂരമില്ല. ഫിഫ ലോകകപ്പിന് പന്തുരുളും മുമ്പേ, ഭാഗ്യപരീക്ഷണത്തിന്റെകൂടി കളിയായ നറുക്കെടുപ്പിന് വെള്ളിയാഴ്ച ഖത്തർ വേദിയാവും.
ബുധനാഴ്ച ആരംഭിക്കുന്ന ഫിഫ സമ്മേളനത്തിന് പിറകെയാണ് ലോകകപ്പ് പോർകളത്തിന്റെ യഥാർഥ ചിത്രം വരച്ചിടുന്ന മത്സര നറുക്കെടുപ്പിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാവുന്നത്. ബുധനാഴ്ച ഫിഫ കൗൺസിലും വ്യാഴാഴ്ച 72ാമത് ഫിഫ കോൺഗ്രസും പൂർത്തിയായശേഷം നക്ഷത്രരാവായിമാറുന്ന നറുക്കെടുപ്പ് ചടങ്ങിന് ഇതേ വേദി സാക്ഷിയാവും. വെള്ളിയാഴ്ച ഖത്തർ സമയം രാത്രി ഏഴിനാണ് (ഇന്ത്യൻ സമയം 9.30) നറുക്കെടുപ്പ് ആരംഭിക്കുന്നത്. തുടക്കം കുറിച്ച് ഒരു മണിക്കൂറിനുള്ളിൽ നറുക്കെടുപ്പ് പൂർത്തിയാവുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.
29 ടീമുകൾ റെഡി; മൂന്ന് സീറ്റ് ബാക്കി
ഏപ്രിൽ ഒന്നിന് രാത്രി നറുക്കെടുപ്പ് തുടങ്ങുമ്പോൾ ലോകകപ്പിന് പന്തുതട്ടേണ്ട 32ൽ 29 ടീമുകളുടെ പേരുകൾ മാത്രമെ തീർപ്പായിട്ടുണ്ടാവൂ. ചൊവ്വാഴ്ച രാത്രിയോടെ പ്രധാന യോഗ്യത മത്സരങ്ങൾ അവസാനിക്കും.
ജൂണിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേഓഫ് കളിച്ചാണ് രണ്ടു ടീമുകൾ യോഗ്യത നേടേണ്ടത്. ഏഷ്യയിൽ നിന്നുള്ള അഞ്ചാം സ്ഥാനക്കാരും തെക്കനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരും തമ്മിലാണ് ഒരു പ്ലേഓഫ്. വടക്കേ അമേരിക്ക (കോൺകകാഫ്) നാലാം സ്ഥാനക്കാരും ഓഷ്യാനിയ ജേതാക്കളും തമ്മിലായിരിക്കും മറ്റൊരു പ്ലേഓഫ്. ജൂൺ 13,14 തീയതികളിലായി ഖത്തറാണ് പ്ലേഓഫ് മത്സരങ്ങൾക്ക് വേദിയാവുക. പ്ലേഓഫ് ഫിക്സ്ചർ സഹിതമായിരിക്കും നറുക്കെടുപ്പ് പാത്രത്തിൽ നിക്ഷേപിക്കുക.
ശേഷമൊരു ടിക്കറ്റ് യൂറോപ്പിൽ നിന്നാണ്. റഷ്യൻ അധിനിവേശത്തെ തുടർന്ന് യോഗ്യത മത്സരം മുടങ്ങിയ യുക്രെയ്ൻ അടങ്ങിയ ഗ്രൂപ്പിനുവേണ്ടിയാണ് ഈ കാത്തിരിപ്പ്. ഇതിൽ വെയിൽസ് ഫൈനലിലെത്തിയിട്ടുണ്ട്. യുക്രെയ്ൻ-സ്കോട്ട്ലൻഡ് സെമിയാണ് നടക്കാനുള്ളത്. ഇത് എന്ന് നടക്കുമെന്നുറപ്പായിട്ടില്ല.
നറുക്കെടുപ്പിന്റെ സീഡിങ്
നാലു പോട്ടുകൾ (പാത്രങ്ങൾ), അവയിൽ ഓരോന്നിലേക്കും എട്ട് ടീമുകൾ വീതം. ഇങ്ങനെയാവും നറുക്കെടുപ്പിന്റെ ആരംഭം. മാർച്ച് 31ന്റെ റാങ്കിങ് അടിസ്ഥാനമാക്കിയാവും നറുക്കെടുപ്പിലെ ടീം സീഡിങ് നിർണയിക്കുക. ആതിഥേയരായ ഖത്തറും ആദ്യ ഏഴു സ്ഥാനക്കാരുമാവും ടോപ് സീഡുകൾ.
ആതിഥേയരായ ഖത്തർ ഗ്രൂപ് എയിലെ ഒന്നാം ടീമായി ഫിക്സ്ചറിൽ ഇടം നേടും. തുടർന്ന് ഒന്നു മുതൽ ഏഴുവരെയുള്ള റാങ്കുകാർ ഒന്നാം പോട്ടിൽ. എട്ട് മുതൽ 15 വരെ രണ്ടാം പോട്ടിലും, 16 മുതൽ 23 വരെ മൂന്നാം പോട്ടിലുമായിരിക്കും. നാലാം പോട്ടിൽ 24 മുതൽ 28 വരെ റാങ്കുകാരും പ്ലേഓഫ് വഴിയുള്ള മൂന്ന് ടീമും. ഓരോ പോട്ടിലെയും നറുക്കെടുപ്പ് പൂർത്തിയാക്കിയ ശേഷമാവും അടുത്തതിലേക്ക് നീങ്ങുക. തുല്യ ശക്തികൾ ഒരു ഗ്രൂപ്പിൽ ഏറ്റുമുട്ടുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് സീഡിങ് അടിസ്ഥാനമാക്കുന്നത്. യൂറോപ്പൊഴികെ, ഒരു കോൺഫെഡറേഷനിലെ ഒന്നിലേറെ ടീമുകൾ ഒരു ഗ്രൂപ്പിൽ വരുന്നതും ഒഴിവാകും. അതേസമയം, 13 ടീമുകൾ യോഗ്യത നേടുന്ന യൂറോപ്പിൽ നിന്നും അഞ്ച് ഗ്രൂപ്പുകളിൽ രണ്ട് ടീമുകൾ കളിക്കും.
നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ആദ്യ 12 ദിനങ്ങളിലാണ് ഗ്രൂപ് മത്സരങ്ങൾ. ഒരു ദിവസം നാല് മത്സരങ്ങൾ വരെ ഗ്രൂപ് ഘട്ടത്തിലുണ്ടാവും. സ്റ്റേഡിയങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ഒരു വർഷം മുമ്പേ പൂർത്തിയാക്കിയ, ഖത്തറിന് നറുക്കെടുപ്പ് കൂടി പൂർത്തിയാവുന്നതോടെ പന്തുരുളുന്നതിലേക്ക് കാത്തിരിപ്പിന് വേഗവും കൂടും.
യോഗ്യത നേടിയ 29 ടീമുകൾ
ആതിഥേയർ: ഖത്തർ
യൂറോപ് (12):
ബെൽജിയം, ക്രൊയേഷ്യ, ഡെന്മാർക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സെർബിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, പോളണ്ട്, പോർചുഗൽ.
സൗത്ത് അമേരിക്ക (4):
അർജന്റീന, ബ്രസീൽ, എക്വഡോർ, ഉറുഗ്വായ്.
ഏഷ്യ (4):
ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ.
ആഫ്രിക്ക (5):
സെനഗാൾ, കാമറൂൺ, ഘാന, മൊറോക്കോ, തുനീഷ്യ.
കോൺകകാഫ് (3):
കാനഡ, അമേരിക്ക, മെക്സികോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.