ഖത്തർ ക്യൂ.എൻ.ബി സ്റ്റാർസ് ലീഗ് ഫുട്ബാൾ; അൽ അറബി വീണു, ജയത്തോടെ അൽ ദുഹൈൽ മുന്നിൽ
text_fieldsദോഹ: ഖത്തർ ക്യൂ.എൻ.ബി സ്റ്റാർസ് ലീഗ് ഫുട്ബാളിൽ അൽ അറബിയെ മറികടന്ന് അൽ ദുഹൈൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. അർജന്റീനയുടെ വിഖ്യാത സ്ട്രൈക്കറായിരുന്ന ഹെർനാൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ദുഹൈൽ പത്താം റൗണ്ട് പോരാട്ടത്തിൽ അൽ ശമാലിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.
കഴിഞ്ഞ റൗണ്ട് വരെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ അൽ അറബി തിങ്കളാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ അൽ സദ്ദിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിയതോടെയാണ് ദുഹൈൽ ഒന്നാം സ്ഥാനത്തേക്കുയർന്നത്. പത്തു കളികളിൽ ദുഹൈലിന് 23ഉം അറബിക്ക് 22ഉം പോയന്റാണുള്ളത്. തിങ്കളാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ അൽ മർഖിയയും അൽ അഹ്ലിയും 2-2ന് സമനിലയിൽ പിരിഞ്ഞു.
കെനിയൻ സ്ട്രൈക്കർ ഒഡാംഗ ഒലുംഗയുടെ ഇരട്ടഗോളുകളാണ് ശമാലിനെതിരെ ദുഹൈലിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇരുഗോളും.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 61ാം മിനിറ്റിൽ എതിർ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് പന്ത് കൈക്കലാക്കിയ ഒലുംഗ പന്ത് ഉടനടി വലയിലേക്ക് തള്ളുകയായിരുന്നു. 68ാം മിനിറ്റിൽ ഫർജാനി സാസി തൊടുത്ത കോർണർ കിക്കിൽ കിടിലൻ ഹെഡറുതിർത്താണ് ഒലുഗ ലീഡ് ഇരട്ടിയാക്കിയത്. ഒമ്പതു ഗോളുകളുമായി ലീഗിൽ ടോപ്സ്കോറർ സ്ഥാനത്താണ് ഒലുംഗ.
ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കംമുതൽ അൽ അറബിയും അൽ സദ്ദും ആക്രമിച്ചുകളിച്ചതോടെ മത്സരം ആവേശകരമായിരുന്നു. അക്രം അഫീഫ്, ആന്ദ്രേ ആയൂ, ബഗ്ദാദ് ബൗനെജാ തുടങ്ങിയ വമ്പൻ താരങ്ങളെ സ്റ്റാർട്ടിങ് ലൈനപ്പിൽ കളത്തിലിറക്കിയ അൽ സദ്ദ് രണ്ടും കൽപിച്ചായിരുന്നു. വിയ്യാറയൽ, ആഴ്സനൽ താരമായിരുന്ന സ്പാനിഷ് മിഡ്ഫീൽഡർ സാന്റി കാസോർലയിലൂടെയാണ് നിലവിലെ ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദ് ലീഡ് നേടിയത്. 38ാം വയസ്സിലും മികച്ച ഫോമിൽ കളിക്കുന്ന കാസോർല 66ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്നാണ് വല കുലുക്കിയത്. ആരോൺ ഗുനാർസൺ ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാൽറ്റി കിക്ക്. ആറു മിനിറ്റിനുശേഷം ബോക്സിനു പുറത്തുനിന്ന് ഹസൻ അൽ ഹൈദോസ് തൊടുത്ത ഷോട്ട് അറബികളുടെ വലയിലേക്ക് പാഞ്ഞുകയറിയതോടെ അൽ സദ്ദ് ജയമുറപ്പിക്കുകയായിരുന്നു. സീസണിൽ നിരാശാജകനമായ തുടക്കമിട്ട അൽ സദ്ദ്, തുടർച്ചയായ മൂന്നാം ജയത്തിലൂടെ ഒമ്പതു കളികളിൽ 13 പോയന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. കിരീടസാധ്യത നിലനിർത്തണമെങ്കിൽ ഇനിയുള്ള എല്ലാ കളികളും ജയിച്ചേ തീരൂവെന്ന് അൽ സദ്ദ് കോച്ച് യുവൻ മാനുവൽ ലിയോ പറഞ്ഞു.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകി നടന്ന മത്സരത്തിൽ അയ്മൻ ഹുസൈന്റെ ഇഞ്ചുറി ടൈം പെനാൽറ്റി ഗോളിലൂടെയാണ് അൽ അഹ്ലിയെ അൽ മർഖിയ പിടിച്ചുകെട്ടിയത്.
27ാം മിനിറ്റിൽ അലി ഖാദിരിയിലൂടെ മുന്നിലെത്തിയ അഹ്ലി 66ാം മിനിറ്റിൽ സെൽഫ് ഗോളിന്റെ ആനുകൂല്യവുമായതോടെ 2-0ത്തിന് മുന്നിലെത്തിയിരുന്നു. 85ാം മിനിറ്റിൽ ഡ്രിസ് ഫെറ്റൂഹി ഒരു ഗോൾ തിരിച്ചടിച്ചശേഷമായിരുന്നു അയ്മന്റെ സമനിലഗോൾ. 14 പോയന്റുമായി അൽസദ്ദിന് തൊട്ടുമുന്നിൽ നാലാം സ്ഥാനത്താണ് അൽ അഹ്ലി. 12 ടീമുകൾ മാറ്റുരക്കുന്ന ലീഗിൽ ഒമ്പതു പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് അൽ മർഖിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.