ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഖത്തർ x കുവൈത്ത് മുഖാമുഖം
text_fieldsദോഹ: റമദാനിൽ കളിയുടെ ആവേശപ്പൂരം സമ്മാനിക്കാൻ ഏഷ്യൻ ജേതാക്കളായ അക്രം അഫീഫും കൂട്ടുകാരും വ്യാഴാഴ്ച രാത്രി ബൂട്ടുകെട്ടുന്നു. ഒരു മാസം മുമ്പ് സ്വന്തം മണ്ണിൽ ഏഷ്യൻ ഫുട്ബാളിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടിയതിന് ശേഷം അന്നാബികളുടെ ആദ്യ അങ്കമാണിന്ന്. രാത്രി 9.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. 2026 ലോകകപ്പിനും 2027 ഏഷ്യൻ കപ്പിനും യോഗ്യത ഉറപ്പിക്കാനുള്ള ഏഷ്യൻ തല യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ട് മത്സരത്തിനാണ് ഇടവേളക്കുശേഷം പന്തുരുളുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഖത്തർ. ഗ്രൂപ് ‘എ’യിൽ അഫ്ഗാനിസ്താനെ 8-1നും പിന്നാലെ കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 3-0ത്തിനും തോൽപിച്ചാണ് ഖത്തർ ലോകകപ്പ് യാത്രക്ക് കുതിപ്പ് തുടങ്ങുന്നത്. പിന്നാലെ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജൈത്രയാത്ര തുടർന്ന ഖത്തർ സെമിയിൽ ഇറാനെയും ഫൈനലിൽ ജോർഡനെയും തോൽപിച്ച് കിരീടം ചൂടിയാണ് തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചത്.
ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ് മത്സരത്തിൽ കുവൈത്ത് ആദ്യം ഇന്ത്യയോട് തോറ്റെങ്കിലും (1-0) പിന്നീട് അഫ്ഗാനിസ്താനെതിരെ നേടിയ ജയവുമായി (4-0) രണ്ടാം സ്ഥാനത്താണിപ്പോൾ. ഖത്തർ വേദിയായ ഏഷ്യൻ കപ്പിന് യോഗ്യത നേടാതെ പോയ കുവൈത്ത് ജനുവരിയിൽ യുഗാണ്ട, ലിബിയ ടീമുകൾക്കെതിരായ സന്നാഹമത്സരങ്ങളുടെ പരിചയവുമായാണ് ഖത്തറിലെത്തുന്നത്. രണ്ടു കളിയിലും റുയി ബെന്റോയുടെ ടീമിന് തോൽവിയായിരുന്നു വിധി.
നായകൻ ഹസൻ അൽ ഹൈദോസിന്റെ വിരമിക്കൽ, തുടർച്ചയായ രണ്ടു ഏഷ്യൻ കപ്പ് കിരീടത്തിനുശേഷം കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ടീം ഇലവൻ, അക്രം അഫീഫ്, അൽ മൂഈസ് അലി തുടങ്ങിയ താരസാന്നിധ്യം എന്നിവയെല്ലാം ഖത്തർ ദേശീയ ടീമിന്റെ സവിശേഷതയാണ്. മുന്നേറ്റത്തിൽ പരിചയസമ്പന്നനായ ഷബൈബ് അൽ ഖാലിദി, അഹമ്മദ് ദെഹ്ഫിരി എന്നിവരാണ് കുവൈത്തിന്റെ പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.