ചിലിയെ കുരുക്കാൻ ഖത്തർ; ലോകകപ്പ് സന്നാഹമത്സരത്തിൽ ഖത്തർ ഇന്ന് ചിലിക്കെതിരെ
text_fieldsദോഹ: നാലു ദിനം മുമ്പ് കാനഡക്കെതിരായ അഗ്നി പരീക്ഷക്കുശേഷം, ഖത്തർ ദേശീയ ടീം ചൊവ്വാഴ്ച വീണ്ടും കളത്തിൽ. ലോകകപ്പ് സന്നാഹത്തിൽ തങ്ങളുടെ രണ്ടാം അങ്കത്തിൽ മുൻ കോപ അമേരിക്ക ജേതാക്കളും തെക്കനമേരിക്കൻ പവർഹൗസുമായ ചിലിയാണ് എതിരാളി. ഓസ്ട്രിയയിലെ വിയനയിൽ ഖത്തർ സമയം രാത്രി എട്ടുമണിക്കാണ് കിക്കോഫ്. കാനഡക്കെതിരായ മത്സരത്തിൽ 2-0ത്തിന് തോറ്റ ഖത്തർ, ഏറെ കരുതലോടെയാവും ഇത്തവണ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ കളിയുടെ ആദ്യ മിനിറ്റിൽതന്നെ ടീം ഗോൾ വഴങ്ങിയെങ്കിലും പിന്നീട് ഉണർന്നുകളിച്ചവർ, ശക്തമായ പ്രതിരോധത്തിലൂടെയായിരുന്നു പിടിച്ചുനിന്നത്.
മധ്യനിരക്കാർ വരെ പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോൾ ആക്രമണത്തിന്‍റെ മൂർച്ച കുറഞ്ഞതാണ് തിരിച്ചടിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയത്. ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും കളത്തിലും കടലാസിലും കരുത്തരാണ് ചിലി. മെയ്ക്കരുത്തുകൊണ്ടും കളി നിയന്ത്രിക്കുന്ന ചിലിക്കെതിരെ അധ്വാനിച്ചുകളിച്ചാലേ ഖത്തറിന് വിജയം നേടാൻ കഴിയൂ. അവസാന മത്സരത്തിൽ മൊറോക്കോയോട് 2-0ത്തിന് തോറ്റാണ് ചിലിയുടെ വരവ്. അലക്സിസ് സാഞ്ചസ്, ചാൾസ് അരാഗ്വിസ്, അർതുറോ വിദാൽ, പൗലോ ഡയസ് തുടങ്ങിയ വമ്പന്മാരെല്ലാം മൊറോക്കോക്കെതിരെ ബൂട്ടു കെട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.