ഖത്തർ ലോകകപ്പ്: ജർമൻ ടീം പരിശീലനത്തിന് ഒമാനിലേക്ക്
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിന്‍റെ പരിശീലന ക്യാമ്പിന് ജർമൻ ടീം ഒമാനിലെത്തും. നവംബർ 14 മുതൽ 18 വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരിക്കും കോച്ച് ഹൻസി ഫ്ലിക്കിന്‍റെ നേതൃത്വത്തിൽ ടീം പരിശീലനത്തിനിറങ്ങുക. ഇതുസംബന്ധിച്ച് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലീം ബിൻ സഈദ് അൽ വഹൈബി ജർമൻ ഫുട്ബാൾ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
ഒമാൻ ദേശീയ ടീമുമായി സൗഹൃദ മത്സരവും നടത്തും. നവംബർ 16ന് രാത്രി ഒമ്പതിനായിരിക്കും മത്സരം. കാണികൾക്ക് പ്രവേശനമുണ്ടാകുമോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ജർമൻ ടീം ഒരു തവണ മാത്രമാണ് മസ്കത്തിൽ ഒമാനുമായി ഏറ്റുമുട്ടിയിട്ടുള്ളത്. 1998 ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. ജർഗൻ കോഹ്‌ലർ, ജോർഗ് ഹെൻറിച്ച് എന്നിവരായിരുന്നു ജർമനിക്കുവേണ്ടി ഗോളടിച്ചത്.
ഖത്തർ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമെന്ന പകിട്ടുമായാണ് ജർമൻ പട ഇത്തവണത്തെ ലോക മാമാങ്കത്തിനെത്തുന്നത്. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് 'ജെ'യിൽ പത്തിൽ ഒമ്പതും വിജയിച്ചിട്ടുണ്ട്. 36 ഗോളുകളാണ് അടിച്ചുകൂട്ടിയതെങ്കിൽ തിരിച്ചുവാങ്ങിയത് വെറും നാലെണ്ണം മാത്രം. അഞ്ച് ഗോൾവീതം അടിച്ച തിമോവെർണർ, ഇൽകായ്ഗുണ്ടോഗൻ, സെർജി നാബ്രി, നാലു ഗോൾ നേടിയ ലറോയ് സാനെ, മൂന്നു തവണ ലക്ഷ്യം കണ്ട തോമസ് മുള്ളറുമെല്ലാം അടങ്ങുന്ന ടീം ലോകകപ്പിലെ എതിരാളികൾക്ക് വമ്പൻ വെല്ലുവിളിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 1954, 1974, 1990, 2014 വർഷങ്ങളിലായി നാലു തവണ ലോകകപ്പും നേടിയിട്ടുണ്ട്. ഗ്രൂപ് 'ഇ'യിൽ നവംബർ 23ന് ജപ്പാൻ, 27ന് സ്പെയിൻ, ഡിസംബർ ഒന്നിന് കോസ്റ്ററിക എന്നിവർക്കെതിരെയാണ് ആദ്യ റൗണ്ടിലെ മത്സരങ്ങൾ.
അതേസമയം, കാമറൂൺ, സെർബിയ ടീമുകളും ഒമാനിൽ പരിശീലനത്തിനെത്തും. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലായിരിക്കും കാമറൂണ്‍ ടീം പരിശീലന ക്യാമ്പ് നടത്തുക. നവംബര്‍ 10 മുതല്‍ 19 വരെയായിരിക്കും ടീമിന്റെ പരിശീലന ക്യാമ്പ്. ഇതിനായി ടീം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സുഹാര്‍ ക്ലബ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കാമറൂണ്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സാമുവല്‍ ഏറ്റുവും സംഘവും സുഹാര്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ടീമുകൾ സുൽത്താനേറ്റിൽ പരിശീലനത്തിന് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഖത്തറിന് സമാനമായ കാലാവസ്ഥയും ആഗോള നിലവാരമുള്ള സ്റ്റേഡിയങ്ങളും യാത്രാസൗകര്യവുമെല്ലാം ഇവിടേക്ക് ടീമുകളെ ആകർഷിക്കുന്ന കാരണങ്ങളാണ്. ലോകകപ്പ് യോഗ്യത നേടിയ ടീമുകളുടെ പരിശീലന ക്യാമ്പ് ഒരുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സുൽത്താനേറ്റ് നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.