ഖത്തർ ലോകകപ്പ് നൽകിയത് അതുല്യമായ അനുഭവങ്ങൾ -അർജന്റീന വളന്റിയർമാർ
text_fieldsഅണ്ടർ 20 ലോകകപ്പ് വളന്റിയർ ടീമിന്റെ ഭാഗമായ മൂന്നുപേർ ഖത്തർ ലോകകപ്പ് അനുഭവങ്ങൾ പങ്കുവെക്കുന്നു
ദോഹ: ആറു മാസം മുമ്പാണ് ഖത്തറിലെ ലോകകപ്പ് ജോലികളും പൂർത്തിയാക്കി അർജന്റീനക്കാരായ ഗ്വാഡലൂപ്പേ, തൊമാസ്, ഫകുൻഡോ എന്നിവർ നാട്ടിലേക്കു മടങ്ങിയത്. ഇന്ന്, മറ്റൊരു ലോകകപ്പിന്റെ തിരക്കിലാണ് ഈ മൂവർ സംഘം. സ്വന്തം നാട്ടിൽ അണ്ടർ 20 ലോകകപ്പ് പൊടിപൊടിക്കുമ്പോൾ ഖത്തറിൽനിന്നു ലഭിച്ച അനുഭവങ്ങളും അറിവും മറ്റൊരു ലോകമേളയുടെ സംഘാടനത്തിൽ ഉപയോഗപ്പെടുത്തുകയാണ് ഇവർ.
ജീവിതത്തിൽ ആദ്യമായി നേരിട്ടു പങ്കാളിത്തംവഹിച്ച ലോകകപ്പിലെ ഓരോ ഓർമകളും സുവനീറുകളായി സൂക്ഷിച്ചിരിക്കുകയാണ് ഇവർ. ഏറ്റവും മികച്ച അനുഭവങ്ങളായിരുന്നു ലോകകപ്പ് സമ്മാനിച്ചതെന്നും അണ്ടർ 20 മത്സരങ്ങളുടെ ഒരുക്കങ്ങൾക്കിടയിൽ അവർ പറയുന്നു.
ഖത്തറിൽ ഫിഫ ലോകകപ്പ് പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ്പിലൂടെ ഒരു പുതിയ സംസ്കാരത്തെ കണ്ടെത്താനും അറിയാനും കായിക ലോകത്തേക്ക് ആഴത്തിൽ ഇറങ്ങാനും സാധിച്ചത് ജീവിതത്തിലെ സവിശേഷ അനുഭവമായിരുന്നെന്ന് ഫകുൻഡോ ഫെറോ പറയുന്നു.
ഫിഫ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ ലോകകപ്പ് അനുഭവങ്ങളുമായി മൂവരും മനസ്സ് തുറന്നത്. അർജന്റീനയിൽ നടക്കുന്ന ഫിഫ അണ്ടർ-20 ലോകകപ്പിന്റെ വിജയത്തിനായുള്ള പ്രയത്നത്തിലാണ് തങ്ങളെന്നും അവർ വ്യക്തമാക്കി.
ഖത്തർ എന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു. ആദ്യ ലോകകപ്പിൽ ഫിഫയുമായി ചേർന്നുനിന്നുള്ള ആദ്യ അനുഭവംകൂടിയായിരുന്നത്. കൂടാതെ സ്വന്തം രാജ്യം കൺമുന്നിൽ ലോകകപ്പ് നേടുന്നത് നേരിൽ കാണാനുള്ള ഭാഗ്യവും മെസ്സിയെന്ന വിഖ്യാത താരത്തെ മൈതാനത്ത് നേരിൽ കാണുന്നതും ഖത്തറിലായിരുന്നു. ഒരു സ്വപ്നസാക്ഷാത്കാരത്തിനായിരുന്നു ഖത്തർ വേദിയായത്. ഫകുൻഡോയുടെ സുഹൃത്തായ തൊമാസ് വിസെന്റേ പറഞ്ഞു.
5000ത്തിലധികം അന്താരാഷ്ട്ര വളന്റിയർമാർക്കൊപ്പം ഖത്തർ ലോകകപ്പിൽ സ്വന്തം നാടിനെ പ്രതിനിധാനം ചെയ്ത് എത്തിയത് അതിശയകരവും അതുല്യവുമായ അനുഭവമായിരുന്നെന്ന് ഗ്വാഡലൂപ്പേ കമുറാറ്റി പറഞ്ഞു. പ്രതീക്ഷക്കുമപ്പുറത്തായിരുന്നു ഖത്തർ ലോകകപ്പ് അനുഭവങ്ങളെന്നും കമുറാറ്റി കൂട്ടിച്ചേർത്തു. ഖത്തർ ലോകകപ്പിനുശേഷം അർജന്റീന ആതിഥ്യം വഹിക്കുന്ന അണ്ടർ-20 ലോകകപ്പിന്റെ പിന്നണിയിൽ പ്രവർത്തിക്കുകയാണ് മൂന്നു പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.