ഖത്തർ ലോകകപ്പ്: നാളെയാണ് നാളെയാണ്, ടിക്കറ്റ് ക്ലോസിങ്
text_fieldsലോകകപ്പ് ഗാലറിയിൽ ഇരിപ്പിടം തേടുന്ന ആരാധകർക്ക് ടിക്കറ്റ് സ്വന്തമാക്കാൻ ചൊവ്വാഴ്ച വരെ അവസരം. ജൂലൈ അഞ്ചിന് ആരംഭിച്ച ടിക്കറ്റ് വിൽപന നാളെ ഖത്തർ സമയം ഉച്ച 12ഓടെ (ഇന്ത്യൻ സമയം 2.30) അവസാനിക്കും. ലോകകപ്പ് ടിക്കറ്റ് വിൽപന റൗണ്ടിൽ ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്ന ഈ സീരീസിൽ ആദ്യമെത്തുന്നവർക്ക് ആദ്യം (ഫസ്റ്റ് കം ഫസ്റ്റ്) എന്ന നിലയിലാണ് വിൽപന നടന്നത്.
ഇതോടൊപ്പം, ആഗസ്റ്റ് മൂന്നിന് ആരംഭിച്ച പുനർവിൽപന പ്ലാറ്റ്ഫോമും ചൊവ്വാഴ്ച അവസാനിക്കും. റാൻഡം നറുക്കെടുപ്പ് വഴി ടിക്കറ്റുകൾ നൽകിയ ഒന്നും രണ്ടും ഘട്ടങ്ങളുടെ തുടർച്ചയായാണ് 42 ദിവസം നീണ്ടു നിന്ന ഫസ്റ്റ് കം ഫസ്റ്റ് വിൽപന ആരംഭിച്ചത്. അതേസമയം, ഇനിയും ടിക്കറ്റ് ലഭ്യമാകാത്തവർക്കായി കൂടുതൽ ടിക്കറ്റുകളുമായി ലാസ്റ്റ് മിനിറ്റ് വിൽപന ലോകകപ്പ് കിക്കോഫിന് മുന്നോടിയായി ആരംഭിക്കും.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നു ഘട്ടങ്ങളിലായി 30 ലക്ഷം ടിക്കറ്റുകൾ ആരാധകർക്കായി നീക്കിവെക്കുമെന്നായിരുന്നു ഫിഫ നേരത്തേ അറിയിച്ചത്. ഏറ്റവും ഒടുവിലായി ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം 18 ലക്ഷം ടിക്കറ്റാണ് വിറ്റഴിഞ്ഞത്. ആതിഥേയരായ ഖത്തറാണ് ടിക്കറ്റ് ആവശ്യക്കാരിൽ ഏറ്റവും മുന്നിൽ. സ്വദേശികളും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളും ഖത്തറിൽനിന്ന് ടിക്കറ്റിനായി സജീവമായി രംഗത്തുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിൻ, യു.എ.ഇ, അമേരിക്ക രാജ്യങ്ങളാണ് ടിക്കറ്റിനായി ആദ്യ പത്തിലുള്ളവർ.
ടിക്കറ്റ് എടുത്ത ആരാധകർ ഫാൻ ഐഡിയായ ഹയ്യ കാർഡിനും അപേക്ഷിക്കണം. വിദേശ ആരാധകർ താമസംകൂടി ഉറപ്പാക്കിയാണ് ഹയ്യ കാർഡിന് അപേക്ഷിക്കേണ്ടത്. ഇവർക്ക് ലോകകപ്പ് വേളയിൽ ഖത്തറിലേക്കുള്ള പ്രവേശനവും ഇതു വഴിയാവും. www.fifa.com/tickets എന്ന ലിങ്ക് വഴിയാണ് ടിക്കറ്റ് ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.