ഖത്തർ ലോകകപ്പ്: ലോകോത്തരം പരിശീലന വേദികൾ
text_fieldsദോഹ: ഓരോ ചുവടുവെപ്പിലും ലോകത്തെ അതിശയിപ്പിച്ചാണ് ഖത്തർ ലോകകപ്പിന് ഒരുങ്ങിയിരിക്കുന്നത്. ചുരുങ്ങിയ ദൂരപരിധിക്കുള്ളിൽ അത്യാധുനിക സംവിധാനങ്ങളോടെ എട്ട് ലോകോത്തര സ്റ്റേഡിയങ്ങൾ മത്സര സജ്ജമായി. മത്സരിക്കാനെത്തുന്ന 32 ടീമുകൾക്ക് കളിമൈതാനത്തെക്കാൾ ഉയർന്ന നിലവാരം നിലനിർത്തുന്ന 40 പരിശീലന ഗ്രൗണ്ടുകളും തയ്യാറാക്കി. ഗ്രൂപ്പ് റൗണ്ടിൽ മത്സരിക്കുന്ന എല്ലാ ടീമിനും ഒരു തടസ്സവുമില്ലാതെ ഏത് സമയവും പരിശീലനം നടത്താനുള്ള സൗകര്യത്തോടെയാണ് 40 പരിശീലന മൈതാനങ്ങൾ സജ്ജമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ഓരോ സ്റ്റേഡിയത്തോടും ചേർന്ന് അരഡസിനോളം പരിശീലന മൈതാനങ്ങളുണ്ട്. ഇതിനുപുറമെ, ടീമുകളുടെ ബേസ് ക്യാമ്പായി മാറുന്ന ഹോട്ടലുകളോട് ചേർന്നും ഏറ്റവും മികച്ച സൗകര്യത്തോടെ പരിശീലന വേദികൾ സജ്ജമായി. ഇതിനകംതന്നെ ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നതാണ് മറ്റൊരു വിശേഷം. ഫിഫ അറബ് കപ്പിലും, ക്ലബ് ലോകകപ്പിലും ഉൾപ്പെടെ വലിയ മത്സരങ്ങൾക്ക് ടീമുകളെത്തിയപ്പോൾ ഈ പരിശീലന വേദികൾ ഉപയോഗിച്ചിരുന്നു.
ഹോട്ടലും പരിശീലന സ്ഥലവും ഉൾപ്പെടുന്നതാണ് ലോകകപ്പിനെത്തുന്ന 32 ടീമുകളുടെയും ബേസ് ക്യാമ്പ്. ഇവയാവട്ടെ, മത്സരിക്കുന്ന സ്റ്റേഡിയങ്ങളുമായി അടുത്ത ദൂരത്തിലും. കോമ്പാക്ട് ലോകകപ്പ് എന്ന നിലയിൽ വിശ്വമേളയെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തർ കാണികൾക്കും ടീമിനും വാഗ്ദാനം ചെയ്യുന്നതും ഇതു തന്നെയാണ്. കൂടുതൽ സമയം വിശ്രമത്തിനും പരിശീലനത്തിനുമായി ചിലവഴിക്കാനും ടീമിന് കഴിയും. മത്സരദിനങ്ങളിൽ കുറഞ്ഞദൂരം മാത്രം യാത്ര ചെയ്താൽ മതിയെന്നതും അനുഗ്രഹമാണ്.
ലോകകപ്പ് സമയത്ത് 33 ബേസ് ക്യാമ്പുകളാണ് ഉപയോഗപ്പെടുത്തുക. 32 എണ്ണം ടീമുകൾക്കാണെങ്കിൽ ഒരെണ്ണം മാച്ച് ഒഫീഷ്യലുകൾക്കായിരിക്കും. ലോകകപ്പ് വേദി സ്വന്തമാക്കുന്ന ഘട്ടത്തിൽ ഖത്തർ വാഗദ്ഗാനം ചെയ്ത 40 ബേസ് ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതാണ് ലോകകപ്പ് വേളയിൽ ടീമുകൾക്കും മാച്ച് ഒഫീഷ്യൽസിനുമായി ഉപയോഗപ്പെടുത്തുന്നത്.
പരിശീലന മൈതാനത്തുനിന്നും ഹോട്ടലിലേക്ക് ഏറ്റവും കൂടിയ ദൂരം 20 മിനിറ്റ് ബസ് യാത്രയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്രൈയിനിങ് സൈറ്റ് പ്രൊജക്ട് മാനേജർ അലി അൽ ദോസരി പറഞ്ഞു. ഫ്ലഡ്ലൈറ്റ്, പുൽതകിടിയിൽ തീർത്ത പിച്ച്, മീഡിയ ട്രെയിനിങ് സെഷൻ, ഡ്രസിങ് റൂം, മെഡിക്കൽ-റിക്കവറി ഫെസിലിറ്റി, മീഡിയ സെന്‍റർ, ഐ.ടി-കമ്യുണിക്കേഷൻ നെറ്റ്വർക് എന്നീ സംവിധാനങ്ങളോടെയാണ് ഓരോ പരിശീലന വേദികളും സജ്ജമാക്കിയിരിക്കുന്നത്. പകുതിയോളം പരിശീലന മൈതാനങ്ങൾ പുതുതായി നിർമിച്ചപ്പോൾ, ശേഷിച്ചവ നിലവിലുള്ളത് പുതുക്കി പണിതാണ് ഒരുക്കിയത്. ടീം ബേസ് ക്യാമ്പിനോട് ചേർന്നും പരിശീലന മൈതാനങ്ങളുണ്ട്. ലോകകപ്പ് മത്സര വേദികളിലെ അതേ പിച്ചുകൾ തന്നെയാണ് എല്ലാ പരിശീലന മൈതാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഗുണത്തിലും ടർഫിന്‍റെ വലിപ്പത്തിലുമെല്ലാം അതേ നിലവാരം കാത്ത് സൂക്ഷിക്കുന്നു -അലി അൽദോസരി പറഞ്ഞു.
കഴിഞ്ഞഏതാനും വർഷങ്ങളായി ക്ലബ് ലോകകപ്പ് കളിച്ച ലിവർപൂൾ, ബയേൺ മ്യുണിക്, അറബ് കപ്പ് കളിച്ച ടീമുകൾ, ഏറ്റവും ഒടുവിലായി സൗഹൃദ മത്സരത്തിനെത്തിയ ക്രൊയേഷ്യ, സ്െളാവേനിയ, ബൾഗേറിയ തുടങ്ങിയ ടീമുകളും മികച്ച അഭിപ്രായമാണ് മൈതാനങ്ങളിൽ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഇർസൽ ട്രെയ്നിങ് സെന്‍ററിലായിരുന്നു ക്രൊയേഷ്യൻ ടീം പരിശീലനം നടത്തിയത്. പരിശീലന വേദികളിലെ സജ്ജീകരണങ്ങളിലും ഗുണനിലവാരത്തിലും ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡലിച്ചും മതിപ്പ് പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.