ബെയ്‍ലിനായി വെയ്‍ൽസിനൊരു ലോകകപ്പ്
text_fieldsതങ്ങളുടെ രാജ്യത്തെ കാർഡിഫിൽ സ്റ്റേഡിയത്തിൽ നടന്ന േപ്ലഓഫ് മത്സരത്തിൽ യുക്രെയ്നെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ വെയ്ൽസ് ഖത്തറിന്റെ കളിക്കളത്തിൽ പോരാട്ടവീര്യത്തിന് മൂർച്ച കൂട്ടാനുള്ള തയാറെടുപ്പിലാണ്.
ക്യാപ്റ്റൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് ക്ലിയർ ചെയ്യാനുള്ള യുക്രെയ്ന്റെ ആന്ദ്രേ ആർമോലെങ്കയുടെ ശ്രമത്തിനിടെ സെൽഫ് ഗോൾ വീണതാണ് വെയ്ൽസിന് ടിക്കറ്റ് ഉറപ്പിച്ചത്. പ്രായം 33ലെത്തിയ ബെയ്‍ലിന് ഇതാദ്യമായി ഒരുപക്ഷേ അവസാനമായും ലോകകപ്പ് കളിക്കാൻ അവസരം.
ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ് ബിയിലാണ് വെയ്ൽസ്. 1958ൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെ കളിച്ചതാണ് വെയ്ൽസിന്റെ ലോകകപ്പ് മുൻ പരിചയം. 64 വർഷങ്ങൾക്കുശേഷം വീണ്ടും ലോകകപ്പിനായി ഖത്തറിലെത്തുമ്പോൾ ക്യാപ്റ്റൻ ഗാരെത് ബെയ്‍ലും കോച്ച് റോബ് പേജും ശുഭപ്രതീക്ഷയിലാണ്.
വലിയ നേട്ടങ്ങളൊന്നും കൊയ്തിട്ടില്ലെങ്കിലും മൈതാനത്ത് കരുത്തുകാട്ടുന്ന അമേരിക്കയോടാണ് വെയ്ൽസിന്റെ ആദ്യ മത്സരം. വെയ്ൽസ് ആരാധകർ കൊതിക്കുന്ന പ്രകടനങ്ങൾ പുറത്തെടുക്കാനായാൽ ഗ്രൂപ് ബിയിലെതന്നെ ഇറാനോടും ഇംഗ്ലണ്ടിനോടും വെയ്ൽസിന് കരുത്തുകാട്ടാനായേക്കും. ഗോൾകീപ്പർ വെയിൻ ഹെന്നെ സെയുടെ മികച്ച സേവിങ് പ്രകടനങ്ങളും വെയ്ൽസിന് തുണയാകും.
ആശാൻ
വെയ്ൽസുകാരനായ റോബർട്ട് ജോൺ പേജെന്ന 48കാരന്റെ പരിശീലനമികവിലാണ് വെയ്ൽസ് ഖത്തറിൽ പന്തുതട്ടാനിറങ്ങുക. ഇംഗ്ലണ്ടിലെ പോർട്ട് വെയ്ൽ, നോർത്താപ്ടൻ ടൗൺ എഫ്.സി എന്നീ ടീമുകളുടെ പരിശീലകനായി റോബ് പേജ് പ്രവർത്തിച്ചിരുന്നു.
2017 മുതൽ 2019 വരെ അണ്ടർ 21 വെയ്ൽസ് ടീമിന്റെയും പരിശീലകനായി. 2020 മുതലാണ് വെയ്ൽസ് നാഷനൽ ടീമിന്റെ ഹെഡ് കോച്ചായത്. പ്രീമിയർ ലീഗിലും ഇംഗ്ലീഷ് ഫുട്ബാൾ ലീഗിലും മികച്ച കളിക്കാരനായി തിളങ്ങിയ സമയം പ്രതിരോധനിരയിലെ മിന്നുംതാരമായിരുന്നു ഇദ്ദേഹം.
1958നുശേഷം വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുമ്പോൾ റോബ് പേജിന്റെ പരിചയസമ്പന്നത ടീമിന് ഏറെ ഗുണം ചെയ്തേക്കും.
കുന്തമുന
വെയ്ൽസ് നായകൻ ഗാരെത് ബെയ്‍ലിന്റെ കാൽപാദങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവൻ. ബെയ്‍ലിനൊപ്പം ടീമിലുള്ളവർക്ക് കട്ടക്ക് കളിക്കാനായാൽ വെയ്ൽസിന് മൈതാനത്ത് പുതിയ ചരിത്രം തീർക്കാം. വിങ്ങർ പൊസിഷനിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന ബെയ്‍ലിന് മറ്റു പൊസിഷനുകളിൽ കളിക്കുന്ന താരങ്ങൾക്ക് ഊർജം പകരേണ്ട ഉത്തരവാദിത്തമുണ്ട്.
അണ്ടർ 17, അണ്ടർ 19, അണ്ടർ 21 ദേശീയ ടീമുകളിൽ പന്തുതട്ടിയിട്ടുണ്ട്. ലോസ് ആഞ്ജലസ് എഫ്.സി ക്ലബിലും ബെയ്ൽ കളിക്കുന്നുണ്ട്. ബെയ്ൽ ഫുട്ബാളിൽനിന്ന് വിരമിക്കുന്നുവെന്ന വാർത്തകൾ ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ, വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടിയപ്പോൾ വിരമിക്കൽ പദ്ധതി തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.