കളി കാണാൻ ജിദ്ദയിൽനിന്ന് കാൽനടയായി അബ്ദുല്ല അൽ-സലമി ദോഹയിൽ
text_fieldsജിദ്ദ: കാൽനടയായി ഖത്തറിലെത്തി ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണുക എന്ന തന്റെ സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് സൗദി യുവാവ് അബ്ദുല്ല അൽ-സലമി. സെപ്റ്റംബർ ആദ്യ വാരത്തിൽ ജിദ്ദയിൽനിന്ന് തുടങ്ങിയ കാൽനട യാത്രയാണ് കഴിഞ്ഞ ദിവസം ദോഹ കോർണിഷിൽ അവസാനിച്ചത്. വിശാലമായ ബ്രൈം തൊപ്പിയും ബാഗും ധരിച്ച് സൗദിയുടെയും ഖത്തറിന്റെയും പതാകകളേന്തി തുടങ്ങിയ അൽ-സലമിയുടെ നടത്തയെക്കുറിച്ച് നേരത്തെ 'ഗൾഫ് മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
55 ദിവസങ്ങളെടുത്ത് 1,600 കിലോമീറ്റർ ദൂരമാണ് ഈ യുവാവ് താണ്ടിയത്. ഒരു ടെലിവിഷൻ ഷോ കാണുന്നതിനിടയിൽ മുതിർന്ന ഒരു ഖത്തറി ഉദ്യോഗസ്ഥൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനെക്കുറിച്ചു വിശദീകരിക്കുന്നത് കേട്ടത് മുതൽ എങ്ങനെയെങ്കിലും ഖത്തറിലെത്തി കളി കാണണമെന്ന ആഗ്രഹവും ആവേശവുമാണ് ഇത്രയും ദൂരം കാൽനടയിൽ പിന്തള്ളി ദോഹയിലെത്താൻ ഈ 33-കാരനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സൗദിക്കും ഖത്തറിനുമിടയിലുള്ള അബു സംറ അതിർത്തി കടന്ന അൽ-സലമി അടുത്ത ദിവസം ദോഹ കോർണിഷിലെത്തിയപ്പോൾ ആരാധകരുടെ വൻ വരവേൽപ്പാണ് ലഭിച്ചത്.
കോർണിഷിലെ കൗണ്ട് ഡൗൺ ക്ലോക്കിന് മുന്നിൽ കേക്ക് മുറിച്ചും ചിത്രം പകർത്തിയുമായിരുന്നു യുവാവിനെ ഖത്തർ സ്വീകരിച്ചത്. യാത്രയുടെ പ്രതീകമായി ചെങ്കടലിൽനിന്ന് ഒരു കുപ്പിയിൽ ശേഖരിച്ച വെള്ളവുമായാണ് അൽ-സലമി ദോഹയിലെത്തിയത്. ഇത് അറേബ്യൻ ഉൾക്കടലിൽ ഒഴിച്ചായിരുന്നു ഫുട്ബാൾ ആവേശത്തിലേക്കുള്ള സഞ്ചാരം പൂർത്തിയാക്കിയത്.
സൗദി ഗ്രാമങ്ങളും വിവിധ ഗോത്ര മേഖലകളും മരുഭൂമിയും മലകളും കടന്നുള്ള യാത്രയുടെ വിശദവിവരങ്ങൾ ദിവസവും യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചുകൊണ്ടിരുന്നു. ഇതുവഴി ജനങ്ങളിൽനിന്ന് കിട്ടിയ പിന്തുണ യാത്ര പൂർത്തിയാക്കാൻ പ്രോത്സാഹനമായതായി അദ്ദേഹം പറഞ്ഞു. അർജന്റീനയാണ് പ്രിയ ടീമെന്നും എന്നാൽ സൗദി ടീമിൽ തനിക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നും അബ്ദുല്ല അൽ-സലമി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.