പന്തുകളിയുടെ നാട്ടിൽ സുഹൈലും തുറായയും ഹാപ്പിയാണ്...
text_fieldsകാഴ്ചക്കാരെ കാണുമ്പോൾ സുഹൈലിനും തുറായക്കും സന്തോഷം. 21 ദിവസമായി ഇവിടെയിങ്ങനെ അടച്ചിരിക്കുകയായിരുന്നു. ചൈനയിൽനിന്ന് പറന്നിറങ്ങിയ ശേഷമുള്ള ക്വാറന്റീൻ കാലാവധി കഴിഞ്ഞു. പന്തുകളിയുടെ നാട്ടിൽ ഇനി ഈ ഭീമൻ പാണ്ടകളെ കാണാൻ ആളുകൾ ഇഷ്ടംപോലെയെത്തും. പുതിയ ദേശവും സാഹചര്യങ്ങളുമായൊക്കെ ഇരുവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. ചാടിയും മറിഞ്ഞും ഉണങ്ങിയ മരത്തിൽ പാഞ്ഞുകയറിയുമൊക്കെ രണ്ടുപേരും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂട്ടിലെ പഴങ്ങൾ കഴിച്ചും മരം കൊണ്ടുണ്ടാക്കിയ പാലത്തിൽ വിശ്രമിച്ചുമൊക്കെ ഇരുവരും ഹാപ്പിയാണ്.
നാളെ ഉദ്ഘാടന മത്സരത്തിന് വേദിയൊരുക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയത്തിന് എട്ടു കിലോമീറ്റർ അകലെ അൽഖോർ പാർക്കിൽ സജ്ജമാക്കിയ പാണ്ട ഹൗസ് പാർക്കിലാണ് സുഹൈലും തുറായയും ഇപ്പോഴുള്ളത്. ശീതീകരിച്ച്, പച്ചപ്പോടെ പ്രത്യേകം സജ്ജമാക്കിയതാണ് പുതിയ കേന്ദ്രം. വെള്ളിയാഴ്ചയാണ് ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഒഴിവുദിവസമായതുകൊണ്ടുതന്നെ പാണ്ടകളെ കാണാൻ ആളുകളുടെ തിരക്കായിരുന്നു.
ചൈനയിലെ വൊളോങ് ഷെൻഷൂപിങ് പാണ്ട ബേസിലാണ് ഇവരുടെ ജനനം. ലോകകപ്പ് ആതിഥേയരായ ഖത്തറിന് ചൈനയുടെ സമ്മാനമായാണ് നാലു വയസ്സുകാരനായ സുഹൈലും മൂന്നു വയസ്സുകാരിയായ തുറായയും അൽഖോറിലെത്തിയത്. സി ഹായ് എന്ന ചൈനീസ് പേരു മാറ്റിയാണ് തുറായ എന്നായത്. സുഹൈലിന്റെ ചൈനീസ് പേര് ജിങ് പിങ് എന്നായിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന് ചൈനയുടെ ആശംസകൾ കൈമാറാനും പാണ്ടകളുടെ വരവ് വഴിയൊരുക്കുമെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ ഷൂ ജിയാൻ പറഞ്ഞിരുന്നു.
രാവിലെ 10 മുതൽ വൈകീട്ട് ആറുമണി വരെയാണ് പാർക്കിലേക്ക് പ്രവേശനം. മുതിർന്നവർക്ക് 50 ഖത്തർ റിയാലാണ് (ഏകദേശം 1100 രൂപ) പ്രവേശന ഫീസ്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 ഖത്തർ റിയാൽ നൽകണം. ടിക്കറ്റുകൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ഓൺലൈൻ വഴിയാണ് എടുക്കേണ്ടത്.
ചൈനയിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് ഇവർ ദോഹയിലെത്തിയത്. സുഹൈലും തുറായയും എത്തിയതോടെ ഭീമൻ പാണ്ടകളുള്ള മധ്യ പൂർവേഷ്യൻ രാജ്യം എന്ന ബഹുമതി ഇപ്പോൾ ഖത്തറിന് സ്വന്തമാണ്. ദോഹയിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ഇവരെ അൽഖോർ പാർക്കിലെത്തിച്ചത്. മാറ്റ് സുവോളജിക്കൻ ഓപറേഷൻസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പാണ്ടകൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.