അഷ്റഫ് ഹകീമി: മാഡ്രിഡിൽ ജനിച്ച മൊറോക്കൻ സ്റ്റാർ
text_fieldsപ്രീ ക്വാർട്ടറിൽ മൊറോക്കോ-സ്പെയിൻ മത്സരം നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ. നിർണായക പെനാൽറ്റി എടുക്കാൻ അഷ്റഫ് ഹകീമി എത്തുമ്പോൾ ഒരു രാജ്യത്തിന്‍റെ പ്രതീക്ഷ മുഴുവൻ ആ കാലുകളിലായിരുന്നു, ഒപ്പം തന്‍റെ ഭൂതകാലത്തിന്‍റെ ഭാരവും.
കിക്കെടുത്ത ഹകീമി കൂളായി പന്ത് വലയിലെത്തിക്കുമ്പോൾ, മൊറോക്കോ എന്ന ആഫ്രിക്കൻ അറബ് രാജ്യം ചരിത്രത്തിലേക്ക് കൂടിയാണ് പന്ത് പായിച്ചത്. ഗാലറിയിൽ ആരാധകരുടെ വിജയനൃത്തം. ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം നമ്പറുകാരായ ബെൽജിയത്തെ അട്ടിമറിച്ചതോടെ തന്നെ ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്ന വിളിപ്പേര് ടീം സ്വന്തമാക്കിയിരുന്നു.
മുൻ ചാമ്പ്യന്മാരായ സ്പാനിഷ് പടയെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും വരിഞ്ഞുമുറുക്കി പെനാൽറ്റി ഷൂട്ടൗട്ടിൽ ആധികാരിക ജയം നേടിയാണ് അറ്റ്ലസ് ലയൺസ് അവസാന എട്ടിലെത്തിയത്. പി.എസ്.ജി താരമായ ഹകീമി, സ്പെയിനിലെ മാഡ്രിഡിൽ 1998ലാണ് ജനിക്കുന്നത്. സ്പെയിനിലേക്ക് ഉപജീവനത്തിനായി കുടിയേറിയ മൊറോക്കോ ദമ്പതികളായിരുന്നു രക്ഷിതാക്കൾ. എട്ടാം വയസ്സിൽ റയൽ മാഡ്രിഡിന്‍റെ യൂത്ത് ക്ലബിൽ ചേർന്നു. കരിയറിലെ തുടക്കത്തിൽ കളിച്ചിരുന്നത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് യൂത്ത് ടീമിൽ.
എന്നാൽ, അണ്ടർ -20 മുതൽ അന്താരാഷ്ട്ര തലത്തിൽ മാതൃരാജ്യമായ മൊറോക്കോയെ പ്രതിനിധീകരിച്ചാണ് താരം കളത്തിലിറങ്ങിയത്. 'എന്‍റെ മാതാവ് വീട്ടു ജോലിക്കാരിയും പിതാവ് തെരുവ് കച്ചവടക്കാരനുമാണ്. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു നിർധന കുടുംബത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. ഇന്ന് ഞാൻ അവർക്കുവേണ്ടി എല്ലാ ദിവസവും പോരാടുന്നു. അവർ എനിക്കുവേണ്ടി സ്വയം സമർപ്പിച്ചവരാണ്' -ഒരിക്കൽ ഹകീമി പറഞ്ഞു.
ഏതാനും ദിവസങ്ങൾ താരം സ്പാനിഷ് നാഷനൽ ക്യാമ്പിലുണ്ടായിരുന്നു. എന്നാൽ, ഇത് തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് തോന്നിയതോടെയാണ് അവിടം വിട്ടത്. വീട്ടിലാണെന്ന തോന്നലുണ്ടായില്ല. ഒരു മൊറോക്കൻ ആയതിനാൽ, ഞാൻ വളർന്നുവന്ന അറബ് സംസ്കാരമായിരുന്നില്ല അത്. അതുകൊണ്ടാണ് മാതൃരാജ്യത്തേക്ക് പോയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.
നേരത്തെ, ബെൽജിയത്തിനെതിരെയുള്ള അട്ടിമറി ജയത്തിനു പിന്നാലെ ഹകീമിയുടെ മാതാവിനൊപ്പമുള്ള വൈകാരിക നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മത്സരം അവസാനിച്ചയുടൻ ഹകീമി, അൽ തുമാമ സ്റ്റേഡിയലത്തിലെ മുൻനിരയിൽ ഇരിപ്പുറപ്പിച്ച മാതാവ് സെയ്ദ മൗവിനടുത്തേക്ക് ഓടിയെത്തി ചുംബിക്കുന്നത് കണ്ടു നിന്നവരുടെ കണ്ണും ഈറനണിയിച്ചിരുന്നു.
മാഡ്രിഡിൽ ജനിച്ചിട്ടും ഫുട്ബാളിൽ മാതൃരാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആ തീരുമാനം അത്രമേൽ വൈകാരികമായിരുന്നു താരത്തിന്. ക്വാർട്ടറിൽ പോർചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.