'ടെക്നോളജി സാക്ഷി': ഒടുവിൽ അഡിഡാസും പറഞ്ഞു, ആ പന്ത് റൊണാൾഡോ തൊട്ടിട്ടില്ല
text_fieldsദോഹ: പന്ത് ബാറ്റിലുരസിയോ, ഗ്ലൗവിൽ ഉരസിയോ എന്നെല്ലാമുള്ള തർക്കങ്ങൾ ക്രിക്കറ്റിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ അത് ഫുട്ബാളിലേക്കും ചുവട് മാറിയിരിക്കുന്നു. പോർച്ചുഗൽ-ഉറുഗ്വായ് മത്സരത്തിൽ പോർച്ചുഗീസുകാർ നേടിയ ആദ്യ ഗോളിന്റെ അവകാശി റൊണാൾഡോയാണോ, ബ്രൂണോ ഫെർണാണ്ടസാണോ എന്നതാണ് സംശയം. മത്സരത്തിൽ ബ്രൂണോയുടെ പേരിൽ തന്നെയാണ് ഗോൾ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഗോളിനെച്ചൊല്ലി റൊണാൾഡോ അവകാശവാദം ഉന്നയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൂടുതൽ വിശദീകരണം ആവശ്യമായി വന്നത്.
ഒടുവിൽ വിശദീകരണവുമായി സ്പോർട്സ് ഉപകരണ നിർമാതാക്കളായ അഡിഡാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്ല പന്തിന്റെ നിർമാതാക്കൾ കൂടിയാണ് അഡിഡാസ്. തങ്ങളുടെ ഇൻസിസ്റ്റ് ടെക്നോളജിയുടെ സഹായത്തോടെ അഡിഡാസ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ: ''500Hz IMU സെൻസർ പന്തിനുള്ളിലുള്ളതിനാൽ തന്നെ ഞങ്ങളുടെ വിശദീകരണം കൃത്യമായിരിക്കും. പന്തിന്റെ സഞ്ചാര ദിശയിൽ പുറത്തുനിന്നുള്ള ഒന്നും സ്പർശിച്ചിട്ടില്ലെന്ന് ഈ ഗ്രാഫിലെ സ്പന്ദനം നോക്കിയാൽ മനസ്സിലാകും''. ഗ്രാഫിക് സ്കെയിലും അഡിഡാസ് ചിത്രത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിന്റെ 54ാം മിനിറ്റിലായിരുന്നു നാടകീയ രംഗങ്ങൾ. ഇടതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിയടിച്ച ക്രോസിന് തലവെക്കാൻ റൊണാൾഡോ ഉയർന്നുചാടി. പന്ത് നേരെ വലയിൽ കയറി. റൊണാൾഡോ പതിവുരീതിൽ ആഘോഷമാക്കുകയും ചെയ്തു. ഗോൾ രേഖപ്പെടുത്തിയതും റൊണാൾഡോയുടെ പേരിൽ. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന യുസേബിയോയുടെ റെക്കോർഡിനൊപ്പമെത്തിയെന്ന വിശദീകരണവും വന്നു.
എന്നാൽ, വൈകാതെ ഗോളിന്റെ യഥാർഥ അവകാശി ബ്രൂണോ ഫെർണാണ്ടസാണെന്ന് ഔദ്യോഗിക വിശദീകരണമെത്തി. പന്ത് റൊണാൾഡോയുടെ തലയിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഫിഫ, ഗോൾ ബ്രൂണോയുടെ പേരിൽ രേഖപ്പെടുത്തിയത്. ഇതോടെ, അടിക്കാത്ത ഗോളിനാണ് റൊണാൾഡോയുടെ അതിരുവിട്ട ആഘോഷമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും വന്നു. മറ്റൊരു താരത്തിന്റെ ഗോൾ സ്വന്തം പേരിലാക്കാനുള്ള സ്വാർത്ഥതയെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.