2016ൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ കത്തെഴുതിയ ആ 16കാരൻ കൂടിയാണ് ഇത്തവണ അർജന്റീനയെ ലോകജേതാക്കളാക്കിയത്. താരത്തെ അറിയാം
text_fields‘‘ഞങ്ങൾ ഒന്നിനുമാകാത്ത ദുരന്തങ്ങളാകുമ്പോൾ എങ്ങനെയാണ് നിങ്ങളെ ബോധ്യപ്പെടുത്താൻവരിക? നിങ്ങൾ ചുമലിലേറ്റിയ സമ്മർദത്തിന്റെ ഒരു ശതമാനം പോലുമില്ലാത്തവന് എങ്ങനെയാണത് ശരിയാകുക? ഓരോ നാളും ഉണർന്നെഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ നാലു കോടി ജനങ്ങളെങ്കിലും ഏറ്റവും മികച്ചവന്റെ പ്രകടനം കാത്തിരിക്കുന്നുവെന്നറിയുക. മാത്രമല്ല, അത് ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് അവർ വിശ്വസിക്കുക. നിങ്ങൾ ഒരു മനുഷ്യനാണെന്ന്, അസാധ്യ പ്രതിഭ കാലിലാവാഹിച്ച ഒരുത്തനാണെന്ന്, ലോകത്തെ ഏറ്റവും മികച്ച താരമാണെന്ന്, എന്നാൽ അതിലുപരി ഒരു മനുഷ്യനാണെന്ന് തിരിച്ചറിയാതെ എങ്ങനെയാണ് വിശ്വസിപ്പിക്കാൻ ശ്രമിക്കുക?....’’ എന്നിങ്ങനെ തുടങ്ങി ദീർഘമായ ഒരു കത്ത് ഒരു കൗമാരക്കാരൻ സമൂഹമാധ്യമായ ഫേസ്ബുക്കിലിട്ടിരുന്നു. 2016ൽ മെസ്സി രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴായിരുന്നു അത്. താരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ഇഷ്ടവും പരസ്യമാക്കിയ വരികൾ. വെല്ലുവിളികൾ എത്ര കടുത്തതെങ്കിലും തിരിച്ചുവരാൻ ശ്രമിക്കണമെന്ന ആദരപൂർവമുള്ള നിർബന്ധമായിരുന്നു കത്ത് മുഴുക്കെയും.
‘‘അവധിയാഘോഷിച്ച് ഏതെങ്കിലും കടൽത്തീരത്ത് അർമാദവുമായി കഴിയേണ്ടവൻ ചിലർക്ക് കണ്ടുകൊണ്ടിരിക്കാൻ വിവിധ വർണങ്ങളിലുള്ള ജഴ്സികളണിഞ്ഞ് നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കിഷ്ടമുള്ളതൊക്കെയും ചെയ്തോളൂ, ലയണൽ. എന്നാലും ടീമിൽ തുടരാൻ തന്നെ ശ്രമിക്കൂ. ആളുകൾ നിങ്ങളിൽനിന്ന് എടുത്തുകളഞ്ഞ വിനോദം നിങ്ങൾക്കുകൂടിയാണെന്ന് കരുതി തുടരുക.... ഒരു കുഞ്ഞായിരിക്കെ, നിങ്ങളും രാജ്യത്തിന്റെ ജഴ്സിയിൽ കളിക്കണമെന്ന് കൊതിച്ചിട്ടുണ്ടാകും. നിങ്ങൾ നീലയിലും വെളുപ്പിലും കളിക്കുന്നത് കാണുന്നതാണ് ലോകത്തെ ഏറ്റവും മികച്ച അഭിമാനം. വിനോദത്തിനു വേണ്ടി നിങ്ങൾ കളിക്കൂ. കാരണം, നിങ്ങൾക്കറിയില്ല, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിനോദമെത്രയെന്ന്... നന്ദി’’- ഇതായിരുന്നു കത്തിലെ അവസാന വരികൾ.
അന്ന് സമ്മർദത്തിനൊടുവിൽ ദേശീയ ടീമിലേക്ക് തിരികെയെത്തിയ മെസ്സി കഴിഞ്ഞ വർഷം കോപ അമേരിക്കയിലും അവസാനം ഖത്തർ ലോകകപ്പിലും അർജന്റീനയെ കിരീടത്തിലെത്തിച്ചു.
എന്നാൽ, അന്ന് താരത്തിന് കത്തെഴുതിയ 16കാരൻ ഇന്ന് അർജന്റീന ടീമിനൊപ്പമുണ്ട്. അയാൾ ആയിരുന്നു ഇത്തവണ ലോകകപ്പിലെ മികച്ച യുവതാരമായിമാറിയ എൻസോ ഫെർണാണ്ടസ്. അർജന്റീന നീക്കങ്ങളിൽ മെസ്സിക്ക് കൂട്ടുനൽകിയ താരം വളരെ പെട്ടെന്നാണ് ഈ ലോകകപ്പിൽ ടീമിന്റെ അവിഭാജ്യ ഘടകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.