ഉദിച്ചു, വീണ്ടും വിസ്മയ സൂര്യൻ
text_fieldsദോഹ: അർജന്റീന പ്രതാപത്തിനുമേൽ അറേബ്യൻ സംഘം മാരകപ്രഹരമേൽപിച്ചതിന്റെ തൊട്ടുപിറ്റേന്ന് ഖത്തറിന്റെ മണ്ണിൽ ഏഷ്യൻ ഫുട്ബാളിന്റെ മറ്റൊരു വീരകാഹളം. അനിശ്ചിതത്വം കൂടുകൂട്ടിയ വിശ്വമേളയുടെ കളത്തിൽ ഇക്കുറി വിസ്മയം വിതറിയത് ഉദയസൂര്യന്റെ നാട്ടുകാർ. നാലു തവണ വിശ്വകിരീടത്തിൽ മുത്തമിട്ട പകിട്ടുമായെത്തിയ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളിന് മലർത്തിയടിച്ച് ജപ്പാൻ വിജയഭേരി മുഴക്കിയപ്പോൾ യൂറോപ്പിനെതിരെയും ഏഷ്യക്ക് വീമ്പുപറയാൻ ഒരു ചരിത്ര വിജയം.
അട്ടിമറികളുടെ തിരക്കഥകൾക്ക് സാമ്യമേറെയായിരുന്നു. ഒരുപക്ഷേ, ആ പ്രകടനത്തിൽനിന്ന് ജപ്പാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടാകണം. അർജന്റീനക്കെതിരെ ആദ്യ പകുതിയിൽ പിന്നണിയിലേക്ക് പിൻവലിയുകയും രണ്ടാം പകുതിയിൽ ആഞ്ഞുകയറുകയും ചെയ്ത സൗദിയുടെ കഥ തന്നെയായിരുന്നു ജപ്പാന്റേതും. ഒരു ഗോൾ വഴങ്ങിയശേഷമുള്ള രണ്ടു ഗോളിന്റെ സ്കോർനിലയും അതുപോലെ.
74 ശതമാനം സമയം പന്ത് കൈവശം വെക്കുകയും 26 ഷോട്ടുകൾ പായിക്കുകയും ചെയ്തിട്ടും ജർമനി അവിശ്വസനീയമായി തോറ്റു. 33ാം മിനിറ്റിൽ ഇൽകായ് ഗുൻയോഗൻ പെനാൽറ്റി സ്പോട്ടിൽനിന്ന് ലീഡ് നേടിയശേഷം അവസാന ഘട്ടത്തിൽ പകരക്കാരായ റിറ്റ്സു ദൊവാനും (75ാം മിനിറ്റ്) തകുമ അസാനോയും (83) ആണ് ചരിത്രവിജയത്തിലേക്ക് ജപ്പാനുവേണ്ടി വലകുലുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.