ലോകകപ്പ് കൗണ്ട്ഡൗൺ ആഘോഷത്തിൽ വിമാനത്താവളം
text_fieldsദോഹ: ലോകകപ്പിലേക്ക് നാളുകൾ അടുത്തുകൊണ്ടിരിക്കെ കൗണ്ട്ഡൗൺ ആഘോഷമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളവും ഖത്തർ എയർവേസും ഫിഫയും.
കൗണ്ട്ഡൗൺ ആഘോഷപരിപാടികളുടെ ഭാഗമായി ഹമദ് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ, അൽ മതാർ ചീഫ് ഓപറേറ്റിങ് ഓഫിസർ എൻജി. ബദർ അൽ മീർ എന്നിവർ പങ്കെടുത്തു. ഫിഫ ലോകകപ്പ് നിറങ്ങളിൽ പെയിൻറ് ചെയ്ത പ്രത്യേക ബ്രാൻഡഡ് ബോയിങ് 777 വിമാനത്തിന് സമീപത്ത് റൺവേയിലാണ് നേതാക്കൾ ആഘോഷച്ചടങ്ങിൽ പങ്കെടുത്തത്.
2017ലാണ് ഖത്തർ എയർവേസ് ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളായി പ്രഖ്യാപിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട ഖത്തർ എയർവേസും ഫിഫയും തമ്മിലുള്ള ബന്ധം പിന്നീട് കൂടുതൽ ശക്തമാകുകയും ഇക്കാലയളവിൽ ഫിഫ കോൺഫെഡറേഷൻ കപ്പ്, റഷ്യയിൽ നടന്ന ഫിഫ ലോകകപ്പ്, ഫിഫ ക്ലബ് ലോകകപ്പുകൾ, ഫിഫ വനിത ലോകകപ്പ് തുടങ്ങി ഫിഫക്കു കീഴിലെ നിരവധി ചാമ്പ്യൻഷിപ്പുകളുടെ ഔദ്യോഗിക എയർലൈൻ പങ്കാളികൾ ഖത്തർ എയർവേസായിരുന്നു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് വലിയ നേട്ടമാണെന്നും ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിക്കാനും അവർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാനും ഞങ്ങൾ തയാറാണെന്നും അക്ബർ അൽ ബാകിർ പറഞ്ഞു.
മിഡിലീസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ആദ്യ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കാനിരിക്കുന്നതെന്നും ഈ ടൂർണമെൻറ് വമ്പിച്ച വിജയമാക്കുന്നതിൽ ഫിഫയുടെ പങ്കാളികളായ ഖത്തർ എയർവേസും ഹമദ് രാജ്യാന്തര വിമാനത്താവളവും വലിയ പങ്കാണ് വഹിക്കുന്നതെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആരാധകരെ ദോഹയിലേക്ക് സ്വാഗതം ചെയ്യാനും ആതിഥേയരാജ്യത്തിന്റെ അതുല്യമായ ആതിഥ്യം പ്രകടിപ്പിക്കാനും ഏറ്റവും മികച്ച സേവനവും അവിസ്മരണീയ അനുഭവങ്ങളും ഉറപ്പാക്കാനും അവർ തയാറാണെന്നും ഖത്തർ ലോകകപ്പിനെ ഫിഫ ചരിത്രത്തിലെ മികച്ച ലോകകപ്പ് ടൂർണമെൻറാക്കുന്നതിൽ ഇത് വലിയ സംഭാവന നൽകുമെന്നും ഇൻഫൻറിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.