കൊടിയേറ്റം കെങ്കേമമാവും
text_fieldsദോഹ: കളിയുടെ മഹോത്സവത്തിന് തിരിതെളിയിക്കാൻ അൽ ഖോറിലെ കൂടാരമൊരുങ്ങി. ദോഹയിൽനിന്ന് ഒരു മണിക്കൂർ യാത്രാദൂരം അകലെ മരുഭൂമിയുടെ നടുവിൽ തലയുയർത്തിനിൽക്കുന്ന തമ്പിൽ കാൽപന്തുലോകം തിങ്ങിനിറയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒരു വ്യാഴവട്ടക്കാലത്തിലേറെ നീണ്ട ഖത്തറിന്റെയും അറബ് ലോകത്തിന്റെയും കാത്തിരിപ്പിനൊടുവിൽ അൽ ബെയ്തിലെ കളിക്കൂടാരത്തിലൂടെ ഞായറാഴ്ച തിരിതെളിയുന്നു.
22ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ഞായറാഴ്ച ഖത്തർ സമയം വൈകീട്ട് അഞ്ചു മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30ന്) തുടക്കംകുറിക്കും. ഒരു മണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാവിസ്മയങ്ങളോടെയാണ് ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയുള്ള അൽ ഖോറിലെ കൂറ്റൻ സ്റ്റേഡിയത്തിൽ വിശ്വമേളക്ക് കൊടിയേറുന്നത്.
രാത്രി ഏഴിന് (ഇന്ത്യൻ സമയം 9.30) ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ കരുത്തരായ എക്വഡോറും തമ്മിലാണ് ഉദ്ഘാടനമത്സരം. കാണികൾക്ക് മൂന്നു മണിയോടെതന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
അതേസമയം, ഉദ്ഘാടന ചടങ്ങുകളുടെ വിഭവ വൈവിധ്യം അവസാന നിമിഷം വരെ സർപ്രൈസായി നിലനിർത്തുകയാണ് സംഘാടകർ. ലോകപ്രശസ്ത കൊറിയൻ പോപ് ഗ്രൂപ്പായ ബി.ടി.എസ് സംഘാംഗം ജങ് കുക്, ബോളിവുഡ് താരം നോറ ഫതേഹി, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ് തുടങ്ങിയ താരങ്ങൾ പങ്കെടുക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.