ഇതാണ് മോനേ ഗോൾ... ഒറ്റഗോളിൽ സൗദിയുടെ വീരനായകനായി അൽദൗസരി
text_fields10ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തുകയും ഒന്നാം പകുതിയിലുടനീളം കളംഭരിക്കുകയും ചെയ്ത അർജന്റീന സൗദിക്കെതിരെ ജയവുമായി കിരീടയാത്രക്ക് തുടക്കമിടുമെന്നായിരുന്നു കാണികളിലേറെയും ഉറപ്പിച്ചത്. താരപ്പൊലിമയെ അന്വർഥമാക്കി നിലക്കാത്ത ആക്രമണവുമായി ലാറ്റിൻ അമേരിക്കക്കാർ ഖത്തറിലെ ലുസൈൽ മൈതാനത്ത് നിറഞ്ഞുനിന്ന മുഹൂർത്തങ്ങൾ. ആർപ്പുവിളികളുമായി കാണികൾ ഗാലറികളിലും. എന്നിട്ടും, ഹെവാർഡ് എന്ന പരിശീലകന്റെ മന്ത്രങ്ങൾ ചെവിയിലും പിന്നെ കാലുകളിലും ഏറ്റെടുത്ത പച്ചക്കുപ്പായക്കാർ അടുത്ത പകുതിക്കായി കാത്തുനിന്നു.
അതിനിടെ, സൗദി വലക്കണ്ണികൾ വിറപ്പിച്ച് മൂന്നുവട്ടംകൂടി അർജന്റീന മുന്നേറ്റം പന്തെത്തിച്ചിരുന്നു. ഒരു വട്ടം മെസ്സിയും രണ്ടുവട്ടം ലൗട്ടറോ മാർടിനെസും. എല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. ഒരുവട്ടം മാർടിനെസിന്റെ കാലുകളും ഉടലുമെല്ലാം കൃത്യമായിട്ടും തോൾഭാഗം ഇത്തിരി കടന്നതിനായിരുന്നു റഫറിയുടെ ഓഫ്സൈഡ് വിസിൽ. പരുക്കൻ കളിയുടെ മിന്നലാട്ടവും കണ്ടു. എല്ലാം ചേർന്ന് അർജന്റീന ആക്രമണത്തിന്റെ മുനയൊടിച്ചുകളഞ്ഞപോലെയായി കാര്യങ്ങൾ.
ഇടവേളക്കു ശേഷം എത്തിയ സൗദി ടീമിൽ കണ്ടത് കാതലായ മാറ്റങ്ങൾ. എതിർ ആക്രമണത്തെ എണ്ണയിട്ട യന്ത്രംകണക്കെ ഓടിനടന്ന് പിടിക്കുകയും ഒപ്പം എതിർഹാഫിൽ അതിവേഗം ഓടിക്കയറുകയും ചെയ്യുകയായിരുന്നു സൗദി തന്ത്രം. 48ാം മിനിറ്റിൽ സാലിഹ് അൽഷഹ്രിയായിരുന്നു സ്കോറർ. അതോടെ, ശരിക്കും ഞെട്ടിയ മെസ്സിസംഘത്തെ ചിത്രവധം നടത്തിയായിരുന്നു ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകാൻ ശേഷിയുള്ള സാലിം അൽദൗസരി കുറിച്ച വിജയ ഗോളിന്റെ പിറവി.
വലതുവിങ്ങിൽ തുടക്കമിട്ട സാധാരണ നീക്കത്തിനൊടുവിൽ പെനാൽറ്റി ബോക്സിലെത്തിയ പന്ത് അർജന്റീന പ്രതിരോധം തട്ടിയകറ്റുന്നു. പന്ത് പക്ഷേ, ചെന്നുപറ്റിയത് വീണ്ടും സൗദി താരത്തിന്റെ കാലിൽ. ഊക്കൻ അടിയായി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നത് തലവെച്ചുപിടിച്ച് അർജന്റീന പ്രതിരോധം കാത്തു. അപകടമറിയിച്ച് പന്ത് പിന്നെയും വീണത് അർജന്റീന ബോക്സിൽ. ഓടിപ്പിടിച്ച അൽദൗസരിയെന്ന 31കാരന്റെ ഊഴമായിരുന്നു പിന്നീട്. വട്ടമിട്ടുനിന്ന നീലക്കുപ്പായക്കാരെ കടക്കാൻ പന്തുമായി നേരെ പുറത്തേക്കോടിയ ദൗസരി വെട്ടിയൊഴിഞ്ഞ് തിരികെക്കയറുമ്പോൾ കൂടുതൽ പേർ മുന്നിൽ. എല്ലാം മറികടന്ന് മാന്ത്രിക സ്പർശമുള്ള ഒന്നു രണ്ടു ടച്ചുകൾ. ടോപ് കോർണറിലേക്ക് വെടിയുണ്ട കണക്കെ പാഞ്ഞ പന്തിൽ കൈതൊടാൻ അർജന്റീന ഗോളി നീട്ടിച്ചാടിയെങ്കിലും ചരിത്രം പിറന്നുകഴിഞ്ഞിരുന്നു.
ഒരു പതിറ്റാണ്ടായി സൗദി ടീമിന്റെ ഭാഗമായ താരത്തിന്റെ ലോകകപ്പിലെ രണ്ടാം ഗോളായിരുന്നു ഇത്. ഖത്തർ ലോകകപ്പ് ഇതുവരെയും കണ്ട ഏറ്റവും മികച്ച ഗോൾ എന്ന് നിസ്സംശയം പറയാവുന്നത്. കളി പിടിച്ച ഗോളോടെ അൽദൗസരി ഇനി ഓരോ സൗദിക്കാരന്റെയും ഹീറോയാണ്.
വലിയ വിജയം കുറിച്ച ടീമിന് ഇനിയും കടമ്പകളേറെയുണ്ട്. ഒരു ജയമെന്ന ആനുകൂല്യം സൗദിക്ക് കരുത്തുപകരുമെങ്കിൽ അർജന്റീനക്കു മുന്നിലെ വഴികൾ കുറെകൂടി കടുപ്പമുള്ളതാണ്. ഇനിയുള്ള രണ്ടും ജയിക്കണം. അതും ബിയസ്റ്റ പരിശീലിപ്പിക്കുന്ന ലെവൻഡോവ്സ്കിയുടെ പോളണ്ടും പിന്നെ അമേരിക്കൻ കരുത്തരായ മെക്സിക്കോയും. ശനിയാഴ്ചയാണ് അർജന്റീനക്ക് അടുത്ത കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.