മറഡോണയുടെ 'ദൈവത്തിന്റെ കൈ' പന്ത് ആര് വാങ്ങും; ലേലം അടുത്തയാഴ്ച
text_fieldsലണ്ടൻ: 1986 ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലെ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിലായിരുന്നു സോക്കർ ലോകം ഇനിയും മറക്കാത്ത ആ ഗോൾ എത്തിയത്. ഗോൾ പിറക്കാതെ പോയ ആദ്യ പകുതിക്കു ശേഷം കളിയുടെ 51ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോളി പീറ്റർ ഷെൽട്ടണെയും കടന്ന് മറഡോണ അർജന്റീനയെ മുന്നിലെത്തിച്ചു. കൈകൊണ്ട് തട്ടിയിട്ടായിരുന്നു ഗോളെങ്കിലും റഫറി കാണാതെ പോയി. ഗോൾ അനുവദിക്കുകയും ചെയ്തു. 'അൽപം മറഡോണയുടെ തലയും അൽപം ദൈവത്തിന്റെ കൈയും ചേർന്നപ്പോൾ പിറവിയെടുത്ത ഗോൾ' എന്നായിരുന്നു ഇതേ കുറിച്ച് മറഡോണയുടെ ഗോൾ. അതുകഴിഞ്ഞ് നൂറ്റാണ്ടിന്റെ ഗോൾ എന്നു വിളിക്കപ്പെട്ട സോളോ ഗോളുമായി ലാറ്റിൻ അമേരിക്കൻ സംഘം സെമിയിലെത്തി. മെക്സിക്കോയിൽ 115,000 കാണികൾക്ക് മുന്നിലായിരുന്നു കളി. അതുകഴിഞ്ഞും കുതിപ്പു തുടർന്ന മറഡോണയും അർജന്റീനയും കപ്പുമായാണ് മടങ്ങിയത്.
കളി നിയന്ത്രിച്ച തുണീഷ്യക്കാരൻ റഫറി അലി ബിൻ നാസർ പതിറ്റാണ്ടുകളായി കൈവശം വെച്ചുപോന്ന പന്ത് ലേലത്തിൽ വിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബർ 16നാകും ലേലം. അഡിഡാസ് ആസ്ടെക പന്തിന് ലേലത്തിൽ കോടികൾ ലഭിക്കുമെന്നാണ് കരുതുന്നത്. ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കും സ്വന്തം കുടുംബത്തിനുമായി ഉപയോഗിക്കുമെന്ന് അലി ബിൻ നാസർ പറയുന്നു.
1966 മുതൽ 1991 വരെ റഫറിയായിരുന്ന അദ്ദേഹം 1975 മുതൽ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു. 1986ലെ ലോകകപ്പിൽ ഇതുൾപ്പെടെ രണ്ടു കളികളിലാണ് വിസിലൂതിയത്. അതത് മത്സരങ്ങളിൽ ഉപയോഗിച്ച പന്ത് റഫറിമാർക്ക് കൈവശം വെക്കാമെന്നാണ് ഫിഫ ചട്ടം. ഇതുപ്രകാരമാണ് അലി ബിൻ നാസർ പന്തുമായി മടങ്ങിയത്.
കളിയിൽ മറഡോണ ഗോൾ നേടുമ്പോൾ താൻ പിറകിലായിരുന്നുവെന്നും കൈകൊണ്ടാണ് ഗോൾ എന്നത് കാണാനായില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.