'രാജാവി'ന് അമീറിന്റെ രാജകീയ ആദരം
text_fieldsദോഹ: ലോകത്തിന്റെ പലകോണുകളിൽനിന്നും ടെലിവിഷൻ സ്ക്രീനിലൂടെ ഉറ്റുനോക്കിയ ശതകോടി ആരാധകർക്കുമുമ്പാകെ ലയണൽ മെസ്സിക്കുള്ള അറബ് മണ്ണിന്റെ ആദരമായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അണിയിച്ച 'ബിഷ്ത്'. കാൽപന്തുകളിയുടെ രാജകിരീടമണിഞ്ഞ ഇതിഹാസതാരത്തിനുള്ള രാജകീയ ആദരം.
സ്വർണ കരകളോടെയുള്ള നേരിയ കറുപ്പ് മേൽവസ്ത്രമണിഞ്ഞ് സ്വർണക്കപ്പുയർത്തിയ ലണയൽ മെസ്സിയുടെ ആഘോഷം ഇനി എക്കാലത്തും 2022 ലോകകപ്പിന്റെ നിമിഷമായി ഓർമിക്കപ്പെടും.
അമീർ ഉൾപ്പെടെ രാജകുടുംബാംഗങ്ങളും മറ്റു അറബ് രാഷ്ട്ര നേതാക്കളും ശൈഖുമാരും ആഘോഷ വേളകളിലും വിശിഷ്ട ചടങ്ങുകളിലും അണിയുന്ന മേൽകുപ്പായമായ 'ബിഷ്ത്' അറബ് ജീവിതത്തിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ്. പണ്ടുകാലങ്ങളിൽ യുദ്ധം ജയിച്ചെത്തുന്ന വീരന്മാരെ ബിഷ്ത് അണിഞ്ഞായിരുന്നു വരവേറ്റത്.
വിവാഹചടങ്ങുകളിൽ വരന്മാരും പിതാവും അതിഥികളെ വരവേൽക്കുമ്പോഴും വെള്ളിയാഴ്ചയിൽ ഖുതുബ നിർവഹിക്കുന്ന ഇമാമുമാരും അണിയുന്ന 'ബിഷ്ത്' എന്നും അറേബ്യൻ ജനതക്കിടയിൽ ആദരവിന്റെ പ്രതീകമായിരുന്നു. അതാണ്, അതിവിശിഷ്ടമായ മുഹൂർത്തത്തിൽ ലയണൽ മെസ്സിക്ക് ഖത്തറിന്റെ ആദരമായി സമർപ്പിച്ചത്. കിരീടം ഏറ്റുവാങ്ങാനെത്തിയ മെസ്സിയെ അമീർ, ബിഷ്ത് അണിയിക്കുമ്പോൾ അദ്ദേഹം ഒരു കുട്ടിയെപ്പോലെ അനുസരണയോടെ നിന്നു. ശേഷം, കിരീടം ഏറ്റുവാങ്ങി, പതുക്കെ ആഘോഷത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.