ആറു ഗോളടിച്ച് ജയിച്ചിട്ടും ബയേണിന് ഞെട്ടൽ; സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമാകുമോ?
text_fieldsബെർലിൻ: പി.എസ്.ജിക്കെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിക്കാനിരിക്കുന്ന ബയേൺ മ്യൂണിക് നയം വ്യക്തമാക്കുന്ന പ്രകടനവുമായി കളംനിറഞ്ഞിട്ടും അപ്രതീക്ഷിത ഞെട്ടൽ. ബുണ്ടസ് ലിഗയിൽ നാലു പോയിന്റ് ലീഡെടുത്ത് തുടർച്ചയായ 10ാം കിരീടത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ടീമിനെ പ്രതിസന്ധിയിലാക്കി സൂപർ താരം സാദിയോ മാനേക്ക് പരിക്കേറ്റത്. ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ആദ മത്സരത്തിന് ഇനി 13 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സെനഗാൾ ക്യാപ്റ്റൻ കൂടിയായ മാനേ പരിക്കുമായി മടങ്ങിയത്. കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല.
കളി 15 മിനിറ്റിൽനിൽക്കെയായിരുന്നു മാനെ മൈതാനത്തുവീണത്. പ്രാഥമിക ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടതോടെ താരത്തെ പിൻവലിച്ച് പകരം ലിറോയ് സാനെയെ ഇറക്കി. കളിയിൽ ആധികാരികമായി മുന്നിൽനിന്ന ടീം എതിരാളികൾക്കുമേൽ ആറു ഗോൾ അടിച്ചുകയറ്റി ജയം ഉറപ്പാക്കി. സെർജി നബ്രി ഹാട്രിക്കുമായി കളിയിലെ ഹീറോയായി. പട്ടികയിൽ നാലു പോയിന്റ് ലീഡെടുത്ത ബയേൺ തുടർച്ചയായ 11ാം കിരീടത്തിലേക്കുള്ള കുതിപ്പിലാണ്.
അതേ സമയം, രണ്ടു തവണ തുടർച്ചയായി ആഫ്രിക്കൻ ഫുട്ബാളർ പട്ടം ചൂടിയ സാദിയോ മാനേ പുറത്തായാൽ സെനഗാളിന്റെ ലോകകപ്പ് സ്വപ്നങ്ങൾ അതിവേഗം ഒന്നുമല്ലാതാകും. ആതിഥേയരായ ഖത്തറും എക്വഡോറും ഉൾപ്പെടുന്നതാണ് ഗ്രൂപ് എ. ആഫ്രിക്ക നേഷൻസ് കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരിൽ മാനേയാണ് ടീമിന്റെ വിജയഗോൾ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.