വോട്ടെടുപ്പ് ഇന്ന് മൂന്നാം വട്ടം; രണ്ടു വട്ടം മുടങ്ങിയ എംബസി അപെക്സ് ബോഡി വോട്ടെടുപ്പ് ഇന്നും നാളെയും
text_fieldsദോഹ: വോട്ടിങ് ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു തവണ മാറ്റിവെച്ച ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച മുതൽ വീണ്ടും. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നീ മൂന്നു ബോഡികളിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായണ് മൂന്നു ഘട്ട വോട്ടെടുപ്പ്. ആദ്യം ഫെബ്രുവരി 17നും പിന്നെ 24നും നടത്താൻ നിശ്ചയിച്ച വോട്ടെടുപ്പാണ് വോട്ടിങ് ആപ്പായ ഡിജി ആപ് പണിമുടക്കിയതിനെ തുടർന്ന് രണ്ടാം വട്ടവും മാറ്റിവെച്ചത്.
ഇത്തവണ കൂടുതൽ കരുതലോടെ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. ആപ്പിലെ തിരക്കും, ട്രാഫിക്കും ഒഴിവാക്കുന്ന രീതിയിൽ ഓരോ ബോഡിക്കും വ്യത്യസ്ത സമയം നിശ്ചയിച്ചാണ് വോട്ടെടുപ്പ്.
ഐ.സി.സിയിലേക്ക് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ച രണ്ടു വരെ വോട്ടെടുപ്പ് നടക്കും. ഇന്ത്യൻ സ്പോർട്സ് സെന്റർ വോട്ടെടുപ്പ് ഉച്ച മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ്. ഐ.സി.ബി.എഫിലെ വോട്ടെടുപ്പ് മാർച്ച് നാലിന് ഉച്ച മൂന്നു മുതൽ രാത്രി ഒമ്പതു വരെയും നടക്കും.
വീണ്ടും ചൂടുപിടിച്ച പ്രചാരണം
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ വോട്ടിങ് ആരംഭിച്ച ശേഷമായിരുന്നു മാറ്റിവെക്കാൻ തീരുമാനിച്ചത്. വോട്ടർമാർക്ക് ഒ.ടി.പി വരാൻ വൈകിയതും വിവിധ കമ്മിറ്റികളിലെ സ്ഥാനാർഥിപട്ടിക ഇടകലർന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെ വൈകുന്നേരം അഞ്ചിനുശേഷം എംബസി ഇടപെട്ട് വോട്ടെടുപ്പ് നിർത്തിവെച്ച് പുതിയ തീയതിയിലേക്ക് മാറ്റി.
ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെയുണ്ടായ മാറ്റം സ്ഥാനാർഥികൾക്കും വോട്ടർമാർക്കും നിരാശയായി.
ആപ്പിലെ സാങ്കേതിക തകരാർ രണ്ടു വട്ടം വോട്ടെടുപ്പിനെ ബാധിച്ചതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
സ്ഥാനാർഥികളും പിന്തുണക്കുന്നവരും വോട്ടുറപ്പിക്കാനായി സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടും കാമ്പയിൻ ചെയ്തവർ, വീണ്ടും വോട്ടുറപ്പിക്കേണ്ട സാഹചര്യമായി. ആദ്യ ദിനങ്ങളിൽ മന്ദഗതിയിലായിരുന്ന വോട്ടുപിടിത്തം തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ആവേശത്തിലെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ നേരിട്ട് കണ്ടും ഫോണിലുമായി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ 5000ത്തോളം പേർ വിവിധ അപെക്സ് ബോഡികളിലേക്ക് വോട്ടർമാരായുണ്ട്. ഓരോ അപ്പെക്സ് സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്.
സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു പേരെ പൊതുതെരഞ്ഞെടുപ്പിലൂടെയും മൂന്നു പേരെ ഇന്ത്യന്‍ എംബസി നാമനിർദേശത്തിലൂടെ നേരിട്ടുമാണ് തെരഞ്ഞെടുക്കുന്നത്. അപ്പെക്സ് അനുബന്ധ സംഘടനകളില്‍ നിന്ന് മൂന്നു പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. രണ്ടു വര്‍ഷമാണ് കമ്മിറ്റി കാലാവധി.
ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ലോകകപ്പ് തിരക്കിനെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിയത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി)
പ്രസിഡന്റ് സ്ഥാനാർഥികൾ
മുഹമ്മദ് അബ്ദുറഹ്മാൻ ഇ.പി, ആഷിഖ് അഹമ്മദ് (ഇരുവരും കേരളം)
എം.സി മെംബർ
നിഹാദ് മുഹമ്മദ് അലി, പ്രദീപ് മാധവൻ പിള്ള, ഷാലിനി തിവാരി, ജോ ദേശ, ജോയ് കച്ചപിള്ളി,
ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി)
പ്രസിഡന്റ് സ്ഥാനാർഥികൾ
എ.പി. മണികണ്ഠൻ, പി. നസറുദ്ദീൻ (ഇരുവരും കേരളം)
മാനേജ്മെന്റ് കമ്മിറ്റി സ്ഥാനാർഥികൾ
മോഹൻ കുമാർ ദുരൈസാമി (തമിഴ്നാട്), എം. ജാഫർഖാൻ, എബ്രഹാം കണ്ടത്തിൽ ജോസഫ്, താഹ വളപ്പിൽ, ശംസുദ്ദീൻ മണിയമ്പാറ, ഷൈനി കബീർ (എല്ലാവരും കേരളം), സുമ മഹേഷ് ഗൗഡ (കർണാടക).
മാനേജ്മെന്റ് കമ്മിറ്റി മെംബർ (അസോ. ഓർഗനൈസേഷൻ)
വിനോദ് വള്ളിക്കോൽ (കേരള), മലിറെഡ്ഡി വിരവങ്കെട്ട സത്യനാരായണ (ആന്ധ്രപ്രദേശ്), രേണു മൽഹോത്ര (ഡൽഹി), സജീവ് സത്യശീലൻ (കേരള), സുബ്രഹ്മണ്യ ഹെബ്ബഗേലു (കർണാടക).
ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്)
പ്രസിഡന്റ് സ്ഥാനാർഥികൾ:
സാബിത് സഹീർ, ഷാനവാസ് ബാവ (ഇരുവരും കേരളം)
മാനേജ്മെന്റ് കമ്മിറ്റി സ്ഥാനാർഥികൾ
ദീപക് ഷെട്ടി (കർണാടക), ഫുആദ് ഉസ്മാൻ, കെ. മുഹമ്മദ് കുഞ്ഞി, സബീന മധുരക്കുഴിയിൽ, ഷിഹാസ് ബാബു, വർക്കി ബോബൻ (എല്ലാവരും കേരളം), കുൽദീപ് കൗർ ബഹൽ (ഹരിയാന), പ്രവീൺ കുമാർ ബുയാനി (തെലങ്കാന), സന്ദീപ് പ്രഭാകർ ജോഷു (മഹാരാഷ്ട്ര).
എം.സി മെംബർ (അസോസിയേറ്റഡ് ഓർഗനൈസേഷൻസ്)
നന്ദിനി അബ്ബഗൗനി (തെലങ്കാന), സമീർ അഹമ്മദ് (തമിഴ്നാട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.