പ്ലീസ്, ഇനിയും ഞങ്ങളുടെ താരങ്ങളെ കളിപ്പിക്കരുത്- യൂറോപ്യൻ ക്ലബുകളോട് യാചിച്ച് അർജന്റീന കോച്ച്
text_fieldsബ്യൂണസ് ഐറിസ്: 13 വരെ നീളുന്ന യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ പലതും ബാക്കിനിൽക്കെ ക്ലബുകളുടെ സഹായം തേടി അർജന്റീന കോച്ച് സ്കലോണി. മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ, പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോ, ഫോർവേഡ് പൗളോ ഡിബാല തുടങ്ങിയ പരിക്കിൽ വലയുന്നവരുടെ പട്ടിക നീളുന്ന സാഹചര്യത്തിലാണ് വിനയപൂർവമുള്ള അഭ്യർഥന.
സ്വന്തം ക്ലബായ വിയ്യ റയലിനു വേണ്ടി കളിക്കുന്നതിനിടെ പേശിക്ക് പരിക്കേറ്റ് പുറത്തായ ലോ സെൽസോ ഖത്തർ ലോകകപ്പിൽ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. റൊമേരോ, ഡിബാല എന്നിവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് സൂചന. ഇനിയും താരങ്ങൾ പുറത്തായാൽ മൂന്നര പതിറ്റാണ്ടിനിടെ വീണ്ടും കപ്പിൽ മുത്തമിടാനുള്ള മെസ്സി സംഘത്തിന്റെ മോഹങ്ങൾ പെരുവഴിയിലാകും.
''100 ശതമാനം ഫിറ്റല്ലാത്ത താരങ്ങളെ കളിപ്പിക്കാതിരിക്കാൻ ക്ലബുകളുമായി സംസാരിച്ചുവരികയാണ്. അവരെ വിട്ടുകിട്ടാനും ശ്രമം നടത്തുന്നുണ്ട്. പക്ഷേ, അതിന് സാധ്യത കുറവാണ്''- സ്കലോണി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സെവിയ്യ നിരയിൽ അലിയാന്ദ്രോ ഗോമസ്, മാർകോസ് അകുന എന്നിവരെ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കോച്ച് ഇറക്കിയിരുന്നില്ല. അർജന്റീനക്കാരനായ ജോർജ് സാംപോളിയാണ് കോച്ച്. അർജന്റീനയിൽനിന്ന് 800ലേറെ താരങ്ങളെങ്കിലും യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നുണ്ടെന്നാണ് കണക്ക്. ദേശീയ ടീമിൽ കളിക്കുന്നവരിൽ ഏറിയ പങ്കും യൂറോപിലെ മുൻനിര ക്ലബുകൾക്കൊപ്പം പന്തുതട്ടുന്നവരാണ്. അതാണ് കോച്ചിനെ ആശങ്കയിലാക്കുന്നത്.
അതേ സമയം, ടീമിനെ പ്രഖ്യാപിക്കുംമുമ്പ് താരങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് സ്കലോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.