പോളിഷ് ലോക്ക് പൊളിച്ച് മെസ്സിപ്പടയുടെ ഇരട്ടപ്രഹരം; ഗ്രൂപ് ചാമ്പ്യന്മാരായി അർജന്‍റീന പ്രീ ക്വാർട്ടറിൽ
text_fieldsദോഹ: പോളിഷ് പ്രതിരോധക്കോട്ട തകർത്ത് അർജന്‍റീനയുടെ ഇരട്ടപ്രഹരം. സി ഗ്രൂപിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മെസ്സിയും സംഘവും ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.
ആസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്‍റീനയുടെ എതിരാളികൾ. തോറ്റെങ്കിലും നാലു പോയന്‍റുമായി ഗ്രൂപിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മെക്സികോക്ക് നാലു പോയന്‍റാണെങ്കിലും ഗോൾശരാശരിയിൽ പോളണ്ട് മുന്നിലെത്തി. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്.
ബോക്സിന്‍റെ വലതുവിങ്ങിൽനിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്താണ് അൽവാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ സമനില പോലും ധാരാളമാണെന്നിരിക്കെ, പ്രതിരോധത്തിലൂന്നിയാണ് പോളണ്ട് പന്തുതട്ടിയത്. ഗോളിലേക്കുള്ള നീക്കങ്ങളൊന്നും കാര്യമായുണ്ടായില്ല. എന്നാൽ, പന്തടക്കത്തിലും പാസ്സിങ്ങിലും ആക്രമണത്തിലും അർജന്‍റീന ബഹുദൂരം മുന്നിലായിരുന്നു. ഗോളൊന്നുറപ്പിച്ച അർജന്‍റീനയുടെ പല നീക്കങ്ങളും പോളണ്ട് താരങ്ങൾ പ്രതിരോധിച്ചു. ഷോട്ട് ഓൺ ടാർജറ്റിൽ 12 തവണയാണ് അർജന്‍റീന തൊടുത്തത്.
എന്നാൽ, പോളണ്ടിന്‍റെ കണക്കിൽ ഒന്നുമില്ലായിരുന്നു. 61ാം മിനിറ്റിൽ അർജന്‍റീന നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിൽനിന്ന് അലിസ്റ്റർ തൊടുത്ത ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക്. 64ാം മിനിറ്റിൽ ബോക്സിലേക്ക് മെസ്സിയുടെ മുന്നേറ്റം. ഷോട്ട് പ്രതിരോധ താരത്തിൽ തട്ടി പുറത്തേക്ക്. 71ാം മിനിറ്റിൽ മെസ്സിയുടെ ഗോളിലേക്കുള്ള ഷോട്ട് പോളണ്ട് ഗോളി തട്ടിയകറ്റി. 73ാം മിനിറ്റിൽ അൽവാരസ് സുവർണാവസരം പാഴാക്കി. താരത്തിന്‍റെ ഷോട്ട് ബോക്സിനു തൊട്ടുരുമ്മി പുറത്തേക്ക്.
85ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽതന്നെ അർജന്‍റീനയുടെ ആക്രമണമായിരുന്നു. എന്നാൽ, മുന്നേറ്റങ്ങളെല്ലാം പോളിഷ് താരങ്ങൾ പ്രതിരോധിച്ചു. ആറാം മിനിറ്റിൽ ബോക്സിനു മുന്നിൽനിന്നുള്ള മെസ്സിയുടെ ദുർബല ഷോട്ട് പോളണ്ട് ഗോളി സെസ്നിയുടെ കൈകളിലേക്ക്. 10ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് കയറിയെത്തിയ മെസ്സി വല ലക്ഷ്യമാക്കി ഒരു ഇടങ്കാൽ ഷോട്ട് തൊടുത്തെങ്കിലും പോളണ്ട് ഗോളി പുറത്തേക്ക് തട്ടിയകറ്റി.
17ാം മിനിറ്റിൽ ബോക്സിന്‍റെ വലതു വിങ്ങിൽനിന്ന് മെസ്സി ഇടതുവിങ്ങിലുണ്ടായിരുന്ന അക്യൂനക്ക് പന്ത് ഉയർത്തി നൽകിയെങ്കിലും മുതലെടുക്കാനായില്ല. താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 28ാം മിനിറ്റിൽ പോളണ്ട് ബോക്സിനകത്ത് അപകടംവിതച്ച് അർജന്‍റീന. അക്യൂനയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക്. 33ാം മിനിറ്റിൽ എഞ്ചൽ ഡി മരിയയുടെ കോർണർ കിക്ക് നേരെ പോസ്റ്റിനുള്ളിലേക്ക്. പോളണ്ട് ഗോളി സെസ്നി തട്ടി പുറത്തേക്കിട്ടു. 38ാം മിനിറ്റിൽ ബോക്സിനുള്ളിൽ പോളണ്ട് ഗോളി സെസ്നി മെസ്സിയെ വീഴ്ത്തിയതിന് അർജന്‍റീനക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത മെസ്സിയുടെ ഷോട്ട് ഗോളി തട്ടിയകറ്റി.
പോസ്റ്റിന്‍റെ വലതുഭാഗത്തേക്ക് തട്ടിയിട്ട പന്താണ് ഗോളി പ്രതിരോധിച്ചത്. ഈ ലോകകപ്പിൽ പോളിഷ് ഗോളി സേവ് ചെയ്യുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്. അർജന്‍റീന 4-2-3-1 ഫോർമാറ്റിലും പോളണ്ട് 4-4-2 ശൈലിയിലുമാണ് കളിക്കുന്നത്. മെക്‌സികോക്കെതിരെ കളിച്ച ടീമിൽനിന്ന് നാലു മാറ്റങ്ങളോടെയാണ് പരിശീലകൻ ലയണൽ സ്‌കലോനി പോളണ്ടിനെതിരെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്.
പ്രതിരോധ നിരയിൽ ക്രിസ്‍റ്റ്യൻ റൊമേരോ, നഹുവൽ മൊലിന എന്നിവർ തിരിച്ചെത്തി. അറ്റാക്കിൽ ജൂലിയൻ അൽവാരസ്, മധ്യനിരയിൽ എൻസോ ഫെർണാണ്ടസ് എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. സൗദിക്കെതിരെ ഇറങ്ങിയ ടീമിൽ ഒരുമാറ്റവുമായാണ് പോളണ്ട് കളിക്കാനിറങ്ങിയത്.
അറ്റാക്കിങ് മിഡ്ഫീൽഡിൽ അർക്കാഡിയസ് മിലിക്കിനു പകരം കരോൾ സ്വിഡെർസ്‌കി ആദ്യ ഇലവനിലെത്തി. മത്സരത്തോടെ അർജന്‍റീനക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡ് മെസ്സി സ്വന്തമാക്കി. 22 മത്സരങ്ങൾ. 21 മത്സരങ്ങൾ കളിച്ച ഡീഗോ മറഡോണയുടെ റെക്കോഡാണ് മറികടന്നത്.
സി ഗ്രൂപിൽ മൂന്നു മത്സരങ്ങളിൽനിന്നായി രണ്ടു ജയവും ഒരു തോൽവിയുമായി അർജന്‍റീനക്ക് ആറു പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.