ഡി മരിയയും ഡിപോളും ഇന്ന് തിരിച്ചെത്തുമോ? അർജന്റീന പ്രതീക്ഷയിലാണ്
text_fieldsപരിക്കുമായി പുറത്തിരിക്കുന്ന മുൻനിര താരങ്ങളായ എയ്ഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡിപോളും ഇന്ന് കരുത്തരായ ഡച്ചുപടക്കെതിരെ ക്വാർട്ടർ അങ്കത്തിൽ ഇറങ്ങുമോ? ഖത്തർ ലോകകപ്പിൽ ടീം കളിച്ച എല്ലാ മത്സരങ്ങളിലും പ്രധാന സാന്നിധ്യമായിരുന്നു ഡി പോൾ. പരിക്കുപറ്റി പുറത്തിരുന്ന ഡി മരിയ ആസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ചിട്ടില്ല. ഏതുകരുത്തരെയും പിടിച്ചുകെട്ടി ജയവുമായി മടങ്ങാൻ ഇച്ഛയും മിടുക്കുമുള്ള എതിരാളികളുമായി മുഖാമുഖം വരുമ്പോൾ ലയണൽ മെസ്സിയുടെ സംഘത്തിന് ഇരുവരുടെയും സാന്നിധ്യം അത്യാവശ്യമാണ്.
രണ്ടു പേരുടെയും നില തൃപ്തികരമാണെന്നും അവസാന ദിനത്തിലെ പരിശീലനത്തിനൊടുവിൽ ആദ്യ ഇലവനെ തീരുമാനിക്കുമെന്നും കോച്ച് സ്കലോണി പറഞ്ഞു. ഹാംസ്ട്രിങ് പരിക്കിനോട് മല്ലിടുകയാണ് ഡി പോൾ എന്നായിരുന്നു വാർത്ത. അടച്ചിട്ട കേന്ദ്രത്തിൽ പരിശീലനം നടത്തിയിട്ടും എങ്ങനെ വ്യാജവാർത്ത വന്നതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
2014ലെ ലോകകപ്പ് സെമി ഫൈനൽ തനിയാവർത്തനമായാണ് മെസ്സിപ്പട ഡച്ചുകാർക്കെതിരെ ശനിയാഴ്ച രാത്രിയിൽ ഇറങ്ങുന്നത്. എട്ടു വർഷം മുമ്പ് 120 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനൊടുവിൽ ഷൂട്ടൗട്ടിൽ അർജന്റീന കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. 1978ലെ ഫൈനലിലുൾപ്പെടെ ലോകകപ്പിൽ അഞ്ചു തവണയാണ് ഇരു ടീമുകളും നേരിട്ടത്. നെതർലൻഡ്സിനെതിരെ ആദ്യ 90 മിനിറ്റിൽ ജയിക്കാനയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാകും മെസ്സിപ്പടക്കു മുന്നിലെ ദൗത്യം.
കഴിഞ്ഞ കളികൾ പരിഗണിച്ച് ടീം പെനാൽറ്റിയിലും പരിശീലനം നടത്തിയതായി സ്കലോണി പറഞ്ഞു. ''പെനാൽറ്റി ഭാഗ്യത്തിന്റെ അംശം കൂടിയുള്ളതാണ്. അതുവരെ കളി നീട്ടിയെടുക്കാതെ ജയമുറപ്പിക്കുന്നതിലാണ് കാര്യം''- പരിശീലകൻ വ്യക്തമാക്കി. ഫുട്ബാൾ ചിലപ്പോൾ അതിമനോഹരമാകുമ്പോൾ മറ്റുചിലപ്പോൾ ക്രൂരവുമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, കഴിഞ്ഞ വർഷം ആഗസ്റ്റിൽ പരിശീലകനായി ലൂയി വാൻ ഗാൽ തിരിച്ചെത്തിയ ശേഷം ഇതുവരെയും തോറ്റില്ലെന്ന റെക്കോർഡ് സ്വന്തമായുണ്ട് ഡച്ചുകാർക്ക്. അത് മറികടക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അർജന്റീനയെ തുറിച്ചുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.