നിരാശരായ അർജൻറീന കാണികൾക്ക് പുതുജീവൻ പകർന്ന് മെക്സികോക്കെതിരായ ജയം
text_fieldsദോഹ: നീലയും പച്ചയും നിറങ്ങളിൽ തിരയടിച്ച മുനുഷ്യക്കടലിനു മധ്യേ ഒരു സ്വർണക്കൂടാരംപോലെ തലയുയർത്തിനിന്ന ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റും ശനിയാഴ്ച രാത്രി അദൃശ്യമായൊരു പ്രഭാവലയമുണ്ടായിരുന്നു. കൂറ്റൻ തെരുവുവിളക്കും സ്റ്റേഡിയത്തിലെ ഫ്ലഡ് ലിറ്റുകളും ചിതറിയ ചുവന്ന വെളിച്ചത്തിനുകീഴെ കാൽപന്ത് ലോകത്തെ പരവതാനി വിരിച്ച് ലുസൈൽ സ്വാഗതംചെയ്ത ദിനം.
സ്പാനിഷ് ഭാഷയിൽ ''ഓലെ.. ഓലെ... വോൽവെറെമോസ് അ സെർ കാംപിയോനെസ് കോമോ എൻ എൽ 86...'' (1986ലെപ്പോലെ ഞങ്ങൾ വീണ്ടും ചാമ്പ്യന്മാരാകും...) എന്ന് തുടങ്ങുന്ന അഭിവാദ്യ ഗാനവുമായി അർജൻറീന ആരാധകർ മെേട്രാ സ്റ്റേഷനിലിറങ്ങി സ്റ്റേഡിയത്തിലേക്കുള്ള രണ്ട് കിലോമീറ്റോളം കാൽനടയാത്രക്ക് ഉത്സവച്ഛായ പകരുന്നു.
ആകാശനീലയും തൂവെള്ളയും നിറത്തിലെ കുപ്പായവും മുടിക്കെട്ടും അലങ്കാരമാക്കി സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നവർക്കിടയിൽ, അലങ്കാരങ്ങൾക്ക് ഒട്ടും കുറവില്ലാതെ മെക്സികോ ആരാധകരും. ''മെക്കിക്കോ... മെക്കിക്കോ...'' എന്നുതുടങ്ങി അർജൻറീന ആരാധകർക്ക് മറുപടി നൽകുകയാണ് വടക്കൻ അമേരിക്കൻ പച്ചക്കുപ്പായക്കാർ..
മെേട്രാ ട്രെയിനുകളിലും സ്റ്റേഷനുകളിലുംനിന്ന് തുടങ്ങുന്ന ആരവങ്ങൾക്കിടയിലും ആശങ്കകളുടെ നടുക്കടലിലായിരുന്നു അർജൻറീന ആരാധകർ. ആഘോഷങ്ങൾക്കിടയിലും മെക്സികോക്ക് മുന്നിൽ തോറ്റാൽ ഗ്രൂപ് റൗണ്ടിൽ പുറത്താവുമല്ലോയെന്ന ഭയം പങ്കുവെക്കുന്നു. മിഷൈരിബ് മെേട്രാ സ്റ്റേഷനിൽനിന്നുള്ള യാത്രക്കിടയിൽ കൂട്ടുകൂടിയ അർജൻറീനയിൽ സംഘത്തോട് എന്താവും മത്സരഫലം എന്ന ചോദ്യത്തിന് ജയിച്ചേ മതിയാവൂ എന്നായി ഉത്തരം. മെസ്സി ഗോളടിക്കുമോ എന്നായപ്പോൾ ഗ്രൗണ്ടിൽ കാണാമെന്നായി... ആദ്യ മത്സരത്തിൽ സൗദിയോടേറ്റ അട്ടിമറി തോൽവിയുടെ ആഘാതം രണ്ടാം അങ്കത്തിൽ മെസ്സിയുടെ ബൂട്ടിലൂടെ ഗോൾ പിറക്കുംവരെ ഭാരമായി ആരാധക മനസ്സിലുണ്ടായിരുന്നു.
കളമുണരുന്നതിന് ഒരുമണിക്കൂർ മുേമ്പ ലുസൈലിന്റെ ഗാലറി പടവുകൾ നിറഞ്ഞുകവിഞ്ഞു. മധ്യപൂർവേഷ്യയുടെ മാറക്കാന സ്റ്റേഡിയമായി മാറിയ കളിയിടത്തിലെ ഇരിപ്പിടങ്ങളിൽ പരമാവധി ശേഷിയേക്കാൾ കാണികളെത്തി. 80,000ത്തോളം പേർക്ക് മാത്രം സീറ്റുള്ള സ്റ്റേഡിയത്തിൽ 88,966 പേർ ഇടംപിടിച്ചിരുന്നു. ഇരിപ്പുറക്കാത്ത 90 മിനിറ്റ്.
ഒടുവിൽ, ലയണൽ മെസ്സിയുടെയും എൻസോ ഫെർണാണ്ടോയുടെയും ഗോളിലൂടെ ഉയിർത്തെഴുന്നേറ്റ അർജൻറീനയും ആർത്തിരമ്പിയ ആരാധകക്കൂട്ടവും ദോഹയെ ഉറക്കമില്ലാത്ത രാത്രിയാക്കി മാറ്റി. കളികഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും നിറംമങ്ങാതെ ലുസൈൽ ആഘോഷത്തെരുവായി. മെട്രോയിലേറി സൂഖ് വാഖിഫിലേക്കും ദോഹ കോർണിഷിലേക്കും ഒഴുകിയ ജനം രാവ് വെളുത്തിട്ടും ആഘോഷങ്ങൾ അവസാനിപ്പിക്കാതെ ആദ്യകളിയിലെ തോൽവിയുടെ ക്ഷീണമകറ്റി.
ആദ്യ മത്സരത്തിൽ അർജൻറീനയെ അട്ടിമറിച്ചതിനു പിന്നാലെ, സൗദി അറേബ്യൻ ആരാധകർ ഗാലറിയിലും സാമൂഹിക മാധ്യമങ്ങളിലുമായി 'മെസ്സി എവിടെ..?' എന്ന ചോദ്യത്തിന് ഉത്തരമായി ലുസൈൽ സ്റ്റേഡിയത്തിനു പുറത്തു നിന്നു കണ്ടാ അർജൻറീനക്കാരൻ പറഞ്ഞപോലെ .. 'മെസ്സി ഇവിടെയുണ്ട്.. മെസ്സി ഞങ്ങളുടെ ഹൃദയത്തിലുണ്ട്.. മെസ്സി ഈ ലോകത്തെല്ലാമുണ്ട്....'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.