ലോകകപ്പ് ഫൈനലിൽ പെരുമാറ്റദൂഷ്യമെന്ന്; അർജന്റീനക്കെതിരെ വാളെടുത്ത് ഫിഫ- നടപടി വരുമോ?
text_fieldsഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി കപ്പുയർത്തിയ അർജന്റീനക്കുമേൽ അച്ചടക്കത്തിന്റെ വാളുമായി ഫിഫ. താരങ്ങളും ഒഫീഷ്യലുകളും നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ നടപടികൾ ആരംഭിച്ചതായി ആഗോള ഫുട്ബാൾ സംഘടന അറിയിച്ചു. അർജന്റീന ഫുട്ബാൾ അസോസിയേഷൻ മാധ്യമ, മാർകറ്റിങ് ചട്ടങ്ങൾ ലംഘിച്ചതായും ഫിഫ പറയുന്നു.
ലയണൽ മെസ്സിയുടെ ചിറകേറി ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തറിലെ ലുസൈൽ മൈതാനത്ത് അർജന്റീന കപ്പുയർത്തിയത്. താരങ്ങൾക്കെതിരെ നടപടിയുണ്ടെന്ന് പറയുന്നുവെങ്കിലും ആരൊക്കെ ഇതിന്റെ പരിധിയിൽവരുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.
ആസ്റ്റൺ വില്ല താരം കൂടിയായ ഗോൾകീപർ എമിലിയാനോ മാർടിനെസ് മികച്ച ഗോളിക്കുള്ള പുരസ്കാരം കൈയിലെടുത്ത് അശ്ലീലച്ചുവയുള്ള പ്രദർശനം നടത്തിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഫ്രഞ്ച് താരം എംബാപ്പെയെ ഡ്രസ്സിങ് റൂമിലും ആഘോഷങ്ങൾക്കിടെയും അപമാനിച്ചതും വാർത്തയായി. എംബാപ്പെയുടെ മുഖമുള്ള കുഞ്ഞുകളിപ്പാവയുമായാണ് ചിലയിടങ്ങളിലെ ഘോഷയാത്രയിൽ താരം പങ്കെടുത്തത്. ഇവ അച്ചടക്ക ലംഘനമായി കണ്ട് നടപടിയുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഫിഫ ചട്ടം 11, 12, 44 എന്നിവ പ്രകാരമാണ് നടപടികൾ സ്വീകരിക്കുക. ഫെയർ െപ്ല ചട്ടലംഘനം, താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പെരുമാറ്റദൂഷ്യം, മാർക്കറ്റിങ് നിയന്ത്രണങ്ങൾ മറികടക്കൽ എന്നിവയാണ് ഈ വകുപ്പുകളുടെ പരിധിയിൽ വരുന്നത്.
ആദ്യ ഘട്ടത്തിൽ അർജന്റീനക്കെതിരെ ഫിഫ സമിതി അന്വേഷണം നടത്തും. ഇതിനു മുമ്പാകെ അർജന്റീന ഫുട്ബാൾ അസോസിയേഷന് വിശദീകരണം നൽകാം. സെമിയിൽ അർജന്റീന വീഴ്ത്തിയ ക്രൊയേഷ്യക്കെതിരെയും ചട്ടലംഘനങ്ങളുടെ പേരിൽ അന്വേഷണം നടത്തുന്നുണ്ട്.
ലോകകപ്പിൽ ഇതുവരെ അച്ചടക്കലംഘനത്തിന്റെ പേരിൽ സെർബിയ, മെക്സിക്കോ, എക്വഡോർ എന്നീ രാജ്യങ്ങൾക്കാണ് ഫിഫ പിഴ ചുമത്തിയത്. സ്വിറ്റ്സർലൻഡിനോട് തോറ്റ ഗ്രൂപ് ജി മത്സരത്തിനിടെ ഗാലറിയിലിരുന്ന സെർബിയൻ ആരാധകർ മുഴക്കിയ മുദ്രാവാക്യങ്ങൾക്ക് 44,000 പൗണ്ടാണ് സെർബിയക്ക് പിഴ. മെക്സിക്കോക്ക് സമാനമായ പ്രശ്നങ്ങളുടെ പേരിൽ ഇരട്ടി തുക പിഴയും അടുത്ത മത്സരം അടച്ചിട്ട ഗാലറിക്കു മുന്നിൽ നടത്താനുമാണ് നിർദേശം. എക്വഡോറിന് 17,650 പൗണ്ട് പിഴയും പകുതി അടച്ചിട്ട ഗാലറിയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.