പ്രശ്നങ്ങളുണ്ട്; അർജന്റീന ടീമിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന് കോച്ച് സ്കലോണി
text_fieldsബ്യൂണസ് ഐറിസ്: മൂന്നര പതിറ്റാണ്ടായി വീണ്ടും മാടിവിളിക്കുന്ന ലോകകപ്പ് കിരീടത്തിലേക്ക് പന്തടിച്ചുകയറാൻ ഒരുങ്ങിനിൽക്കുന്ന അർജന്റീനയുടെ 26 അംഗ സംഘത്തിൽ മാറ്റം വരുത്തിയേക്കാമെന്ന സൂചനയുമായി കോച്ച് സ്കലോണി. യു.എ.ഇക്കെതിരായ സന്നാഹമത്സരം എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച ശേഷമായിരുന്നു പ്രതികരണം.
പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോ, മുന്നേറ്റത്തിലെ നിക്കൊളാസ് ഗോൺസാലസ്, അലിയാന്ദ്രോ ഗോമസ്, പൗളോ ഡിബാല എന്നിവരെ അബൂദബിയിലെ കളിയിൽ സ്കലോണി ഇറക്കിയിരുന്നില്ല. പരിക്കിൽനിന്ന് കരകയറിവരുന്ന നാലുപേർക്കും വിശ്രമം നൽകുകയായിരുന്നു.
''ഇപ്പോഴും ടീമിനെ വലക്കുന്ന പ്രശ്നങ്ങളുണ്ട്. അന്തിമ ടീമിനെ തീരുമാനിക്കാൻ സമയമുണ്ട്. മാറ്റങ്ങളുണ്ടായേക്കാം. അത് വേണ്ടിവരില്ലെന്നാണ് കരുതുന്നത്. എന്നാലും ഉണ്ടാകാം''- സ്കലോണി പറഞ്ഞു.
ആരെയെങ്കിലും ഒഴിവാക്കുമെന്ന് ഞാൻ പറയുന്നില്ല. ശാരീരിക പ്രശ്നങ്ങളുള്ളവരുണ്ട്. അവരെ ഈ കളിയിൽ മാറ്റിനിർത്തിയതാണ്. അവരുടെ കാര്യത്തിൽ കരുതലുണ്ടാകണം.
ഉദ്ഘാടന മത്സരത്തിന് 24 മണിക്കൂർ മുമ്പുവരെ പരിക്കുള്ള താരങ്ങൾക്ക് പകരക്കാരെ പ്രഖ്യാപിക്കാൻ ഫിഫ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ് സിയിൽ മെക്സിക്കോ, പോളണ്ട് ടീമുകളാണ് മറ്റുള്ളവർ.
പുറത്തിരുന്ന നാലു പേരുടെയും പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.