കാൽപന്തിന്റെ അർജന്റീനൻ ചന്തം
text_fieldsനീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ ആത്മവിശ്വാസത്തോടെയാണ് അർജന്റീന ഖത്തറിലെത്തുന്നത്. 2018 ലോകകപ്പിൽ തകർന്നടിഞ്ഞ ലോകോത്തര താരങ്ങളടങ്ങിയ ഒരു കൂട്ടത്തെ, ടീം എന്ന നിലയിലേക്ക് മാറ്റിയെടുത്ത് 35 മത്സരങ്ങളിൽ അപരാജിത കുതിപ്പിലേക്ക് നയിച്ചത് അവരുടെ കോച്ച് ലയണൽ സ്കോലോണിയുടെ തന്ത്രങ്ങൾ തന്നെയായിരുന്നു. ലോക ഫുട്ബാലെ അതുല്യ പ്രതിഭ ലയണൽ മെസ്സി മുന്നിൽനിന്ന് നയിക്കുന്ന അർജന്റീന ഖത്തർ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന സംഘമായി ഇന്ന് മാറിയിരിക്കുന്നു.
എന്നും അർജന്റീന ടീമിന്റെ പ്രധാന പോരായ്മയായിരുന്ന പ്രതിരോധ നിരയിലേക്ക് സെർജിയോ റൊമേരോയുടേയും ലിസാൻഡ്രോ മാർട്ടിനെസിന്റെയും കടന്നുവരവും മിന്നും ഫോമിലുള്ള പഴയ പടക്കുതിര നിക്കോളാസ് ഓട്ടൊമേണ്ടിയുടെ സാന്നിധ്യവും കരുത്താവും.
നൈലോൺ വലകൾക്കു മുന്നിൽ ചോരാത്ത കൈകളുമായി പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറിയ എമിലിയാനോ മാർട്ടിനെസ് എന്ന ഗോൾ കീപ്പർ കൂടി അണിനിരക്കുമ്പോൾ അർജന്റീനൻ പ്രതിരോധ വലയം തകർക്കുക എന്നത് പ്രതിഭാനിരയുള്ള ടീമുകൾക്കുപോലും അത്ര എളുപ്പമായിരിക്കില്ല. ഏയ്ഞ്ചൽ ഡിമരിയ, ലിയാൻഡ്രോ പാരഡസ്, ജിയോവാനി ലോ സെൽസോ, ലോതാറോ മാർട്ടിനെസ്, റോഡ്രിഗോ ഡി പോൾ, പൗലോ ഡിബാല എന്നിവർ അടങ്ങുന്ന സംഘത്തെ പ്രതിരോധിക്കലും അത്ര എളുപ്പമായ കാര്യവുമല്ല.
എല്ലാറ്റിലുമുപരി ഇടതുകാലുകൊണ്ട് കളിക്കളത്തിൽ കവിത രചിക്കുന്ന ലയണൽ മെസ്സി എന്ന അർജന്റീനയുടെ ക്യാപ്റ്റനെ പിടിച്ചുകെട്ടുക എന്നത് തന്നെയായിരിക്കും അർജന്റീനയെ എതിരിടുന്ന ഓരോ ടീമിന്റെയും ഏറ്റവും വലിയ വെല്ലുവിളി. തുടർച്ചയായി മത്സരങ്ങളിൽ ടീം കാണിക്കുന്ന സ്ഥിരതയാർന്ന പ്രകടനവും ടീം എന്ന നിലയിലുള്ള ഒത്തിണക്കവും അർജന്റീന ടീമിന് വലിയ പ്രതീക്ഷകൾ തന്നെയാണ് നൽകുന്നത്.
ഡിബാല, ഡിമരിയ എന്നിവരുടെ പരിക്കുകളും അമിത പ്രതീക്ഷകളും വില്ലനായില്ലെങ്കിൽ അറേബ്യൻ മണൽത്തരികളെ പുളകമണിയിച്ച് ഒരിക്കൽകൂടി മറഡോണയുടെ പിന്മുറക്കാർ ലോകകിരീടവുമായി ഫുട്ബാളിനെ നെഞ്ചോടു ചേർത്തുവെക്കുന്ന റൊസാരിയോ തെരുവീഥികളിൽ ആനന്ദനൃത്തമാടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.