കാർത്തേജിലെ കഴുകൻമാരെ അരിഞ്ഞുവീഴ്ത്തി സോക്കറൂസ്; ഓസ്ട്രേലിയക്ക് നിർണായക വിജയം, സ്കോർ ഓസ്ട്രേലിയ-1 ടുണീഷ്യ-0
text_fieldsദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡിയില്‍ നടന്ന നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. കാർത്തേജിലെ കഴുകൻമാരെന്നറിയപ്പെടുന്ന ടുണീഷ്യയെ 1-0നാണ് ഓസ്ട്രേലിയ പരാജയപ്പടുത്തിയത്. അൽ ജനോബ് സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ ഒരു ഗോൾ ലീഡിനുശേഷം പ്രതിരോധകോട്ടകെട്ടിയാണ് ഓസ്ട്രേലിയയുടെ സോക്കറൂസ് വിജയത്തിലേക്ക് ചുവടുവച്ചത്.
തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന ടുണീഷ്യ-ഓസ്ട്രേലിയ പോരാട്ടം വീറും വാശിയും കൊണ്ട് സമ്പന്നമായിരുന്നു. സ്കോർ കാർഡ് സൂചിപ്പിക്കുന്നത്ര വിരസമായിരുന്നില്ല മത്സരം. വിജയം അനിവാര്യമായിരുന്ന ഇരുടീമുകളും ആദ്യവസാനം പൊരുതിയാണ് കളിച്ചത്. എന്നാൽ പ്രതിരോധത്തിലെ മികവ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
23ാം മിനിറ്റിൽ മിച്ചൽ ഡ്യൂകിന്റെ മഴവിൽ ഹെഡ്ഡർ വലയിലായതോടെയാണ് ഓസ്ട്രേലിയ മുന്നിലെത്തിയത്. ക്രെയ്ഗ് ഗുഡ്‍വിന്റെ ക്രോസിൽ നിന്നായിരുന്നു കങ്കാരുക്കളുടെ ആദ്യ ഗോൾ. ഖത്തർ ലോകകപ്പിലെ 50ാം ഗോൾ ആയിരുന്നു ഇത്. ക്ലിനിക്കൽ ഫിനിഷ് ആയിരുന്നു ഗോളിന്റെ സവിശേഷത. വായുവിൽ ഉയർന്നുപൊങ്ങി മിച്ചൽ ഡ്യൂക് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് തലകൊണ്ട് ചെത്തിയിടുകയായിരുന്നു. ആദ്യ ഗോളിനുശേഷം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും നിരന്തരം അവർ ടുണീഷ്യൻ ഗോൾമുഖം റെയ്ഡ് ചെയ്യുന്നുണ്ടായിരുന്നു. മറുവശത്ത് ടുണീഷ്യയാകട്ടെ ഒരു ഗോളിനായുള്ള പോരാട്ടത്തിലും.
മികച്ച നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും പന്ത് വലയിലെത്തിക്കാൻ ടൂണീഷ്യക്കായില്ല. ക്യാപ്ടൻ യൂസുഫ് മസാക്നി മുൻനിര താരം ഇസാം ജബലി എന്നിവരായിരുന്നു ടുണീഷ്യൻ നീക്കങ്ങൾ മെനഞ്ഞത്. മിച്ചൽ ഡ്യൂക്, മാത്യു ലേക്കി, ഗുഡ്വിൻ, ഗോൾ കീപ്പർ മാത്യു റയാൻ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങൾ ടുണീഷ്യൻ ആക്രമണങ്ങളെ അപ്രസക്തമാക്കിക്കൊണ്ടിരുന്നു. അതിവേഗക്കാരനായ ഇസാം ജബലി അധ്വാനിച്ച് കളിച്ചെങ്കിലും പലപ്പോഴും ഓസീസ് ഗോൾമുഖത്ത് ഒറ്റപ്പെട്ടുപോയി. മിഡ്ഫീൽഡിൽ ആരോൺ മൂയ് ഓസ്ട്രേലിയക്കായി മികവുപുലർത്തി.
കളിയിലെ കണക്കുകൾ പരിശോധിച്ചാൽ ടുണീഷ്യയാണ് മുന്നിൽ. 58 ശതമാനം പൊസിഷനും 76 ശതമാനം പാസുകളിലെ കൃത്യതയും അവർക്ക് സ്വന്തമാണ്. ഗോളിലേക്ക് ടുണീഷ്യ 14ഉം ഓസ്ട്രേലിയ ഒമ്പതും ഷോട്ടുകൾ ഉതിർത്തു. കോർണറുകൾ നേടിയെടുക്കുന്നതിലും ടുണീഷ്യ 5-2ന് മുന്നിലായിരുന്നു.എന്നാൽ ഗോളിലേക്ക് ഇതൊന്നും പരിണമിപ്പിക്കാൻ അവർക്കായില്ല. മുഹമ്മദ് ഡ്രാഗറിന്റെ ഗോളെന്ന് ഉറച്ച മികച്ച ഷോട്ട് സൗട്ടാർ ബ്ലോക് ചെയ്തതും ആദ്യ പകുതിയെ സംഭവബഹുലമാക്കിയിരുന്നു. ടുണീഷ്യക്കായി പ്രതിരോധക്കാരൻ മരിയ യാസിനെ മികവുപുലർത്തി.
കളിയുടെ അവസാനത്തിൽ ഇരു ടീമുകളും നിരവധി സബ്സ്റ്റിട്യൂഷനുകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ടുണീഷ്യൻ സൂപ്പർ താരം ഇസാം ജബലിയെ 70ാം മിനിറ്റിൽ പിൻവലിച്ച് ഫാബി ഖസ്‍രിയെ ഇറക്കി കോച്ച് ജലീൽ ഖാദിരി നടത്തിയ പരീക്ഷണവും വിജയിച്ചില്ല. ചില മികച്ച നീക്കങ്ങൾ ടുണീഷ്യൻ മുൻനിരക്കാർ നെയ്തെടുത്തെങ്കിലും ഗോൾ കീപ്പർ റയാനും പ്രതിരോധത്തിലെ ഉയരക്കാരൻ സൗട്ടാറും ചേർന്ന് വിഫലമാക്കിെക്കാണ്ടിരുന്നു.
അവസാന വിസിൽ മുഴങ്ങുമ്പോൾ ഗോൾ കീപ്പർ കൂടിയായ ഓസ്ട്രേലിയൻ ക്യാപ്ടൻ മാത്യു റയാന്റെ കളത്തിലെ നീക്കങ്ങൾ വിജയിക്കുന്നതാണ് കണ്ടത്. തങ്ങളുടെ പ്രതിരോധ ഭടന്മാരെ കൃത്യമായി വിന്യസിക്കാനും സൗട്ടാറിനേയും റൗൾസിനേയും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും ഓസ്ട്രേലിയൻ കോച്ച് ഗ്രഹാം അർനോൾഡിനുമായി. വിജയത്തോടെ രണ്ടാംറൗണ്ട് പ്രതീക്ഷയും ഓസ്ട്രേലിയ നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.