ജയം ബെൽജിയത്തിന്
text_fieldsദോഹ: എതിർടീമും താരങ്ങളും ഒത്തിരി മുന്നിലാണെന്നറിഞ്ഞ് ആക്രമണവുമായി കളംനിറഞ്ഞിട്ടും അനുഭവ സമ്പത്തിനുമുന്നിൽ കളി കൈവിട്ട് കാനഡ. നീണ്ട ഇടവേളക്കുശേഷം ആദ്യമായി ലോക പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്ത് എത്തിയ വടക്കേ അമേരിക്കക്കാരെ എതിരില്ലാത്ത ഒറ്റഗോളിന് ഗ്രൂപ് എഫ് പോരാട്ടത്തിൽ ബെൽജിയം മറികടന്നത്. മിച്ചി ബറ്റ്ഷൂയിയാണ് സ്കോറർ.
കിക്കോഫ് വിസിൽ മുതൽ തളരാതെ ബെൽജിയം ഹാഫിൽ വട്ടമിട്ടുനിന്ന കാനഡ ടീമിന്റെ കാലുകളിൽ തന്നെയായിരുന്നു അവസരങ്ങളേറെയും ചെന്നുതൊട്ടത്. എന്നാൽ, അസാധാരണ മെയ്വഴക്കത്തോടെ ക്രോസ്ബാറിനു താഴെ നിലയുറപ്പിച്ച തിബോ കൊർട്ടുവയെ കടന്നു വലയിലെത്തിക്കാൻ മാത്രം അൽഫോൺസോ ഡേവിസിനും സംഘത്തിനുമായില്ല. ആദ്യ പകുതിയിൽ കാനഡ തീർത്ത സുവർണ നീക്കങ്ങളിൽ ആദ്യത്തെയായിരുന്നു 10ാം മിനിറ്റിലെ പെനാൽറ്റി. പെനാൽറ്റി ബോക്സിൽ പന്ത് കൈയിൽ തട്ടിയതിനു ലഭിച്ച സ്പോട്ട്കിക്ക് എടുത്ത ഡേവിസിനു പക്ഷേ, ലക്ഷ്യം നേടാനായില്ല. ഗോളി കൊർട്ടുവ തടുത്തിട്ട പന്ത് റീബൗണ്ട് ചെയ്തെത്തിയത് ഓടിയെത്തി വീണ്ടും നിറയൊഴിക്കാൻ ഡേവിസ് നടത്തിയ ശ്രമവും പാളി. അതുകഴിഞ്ഞും കാനഡ തന്നെയായിരുന്നു ചിത്രത്തിൽ.
ബെൽജിയം പതിയെ കളിച്ചപ്പോൾ അതിവേഗത്തിലായിരുന്നു കാനഡ നിരയുടെ പടയോട്ടം. ഡേവിസ് മുന്നിൽനിന്നു നയിച്ച നീക്കങ്ങളിൽ പലതും ബെൽജിയം ഗോൾമുഖത്ത് അപായ സൂചന നൽകിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ കളിയുടെ ഗതിക്കെതിരായി ബെൽജിയം ഗോൾ നേടി. ലോങ് പാസ് കാലിലെടുത്ത് അതിവേഗം കുതിച്ച് മിച്ചി ബറ്റ്ഷൂയിയുടെ വകയായിരുന്നു കണ്ണഞ്ചും ക്ലോസ് റേഞ്ച് ഗോൾ. രണ്ടാം പകുതിയിൽ പക്ഷേ, കളിയുടെ ഗിയർ മാറ്റിപ്പിടിച്ച ബെൽജിയത്തിന്റെ കാലുകളിലായി കളിയും ഗോൾനീക്കങ്ങളും. ആദ്യ പകുതിയിൽ കുതിച്ചോടിയതിന്റെ ക്ഷീണം കണ്ട കാനഡ നിര തളർന്നുനിന്നപ്പോൾ അവസരം മുതലെടുത്ത് ബെൽജിയം തുടർ അവസരങ്ങളുമായി വിജയമുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.