പരിക്കേറ്റ് പുറത്തായ ബെൻസേമ ഫ്രഞ്ച് ടീമിൽ തിരിച്ചെത്തുന്നു?
text_fieldsദോഹ: ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ഖത്തറിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. പരിക്കിൽനിന്ന് താരം വേഗത്തിൽ മുക്തനാകുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ.
ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നിലവിലെ ബാലൺ ദ്യോർ ജേതാവ് ടീമിൽനിന്ന് പുറത്താവുന്നത്. പകരക്കാരനെ ടീമിലുൾപ്പെടുത്താൻ അവസരമുണ്ടായിരുന്നെങ്കിലും പരിശീലകൻ ദിദിയർ ദെഷാംപ്‌സ് അത് ചെയ്തിരുന്നില്ല. ആ തീരുമാനം ടീമിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തൽ. ബെൻസേമക്ക് ഫ്രഞ്ച് ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ആർ.എം.സി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്‌ചയുടെ മധ്യത്തിൽ താരം ടീമിനൊപ്പം പരിശീലനം നടത്തുമെന്ന് മാഡ്രിഡിൽ നിന്നുള്ള മാധ്യമങ്ങളും വെളിപ്പെടുത്തുന്നു.
ലോകകപ്പ് ടീമിലുണ്ടായിരുന്ന താരത്തിന് പകരക്കാരനെ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ ഇപ്പോഴും സ്‌ക്വാഡിന്റെ ഭാഗമാണ് ബെൻസേമ. പോൾ പോഗ്ബയും എൻഗോളോ കാന്റെയും ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ പരിക്ക് കാരണം പുറത്തായ ടീമിലേക്ക് ബെൻസേമ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ഊർജം പകരുന്നതാണ്.
ടൂർണമെന്റിൽ മികച്ച ഫോമിലുള്ള ടീം ആസ്‌ട്രേലിയക്കും ഡെന്മാർക്കിനുമെതിരെ വിജയം നേടി അവസാന 16ലേക്ക് ചുവടുവെച്ച ആദ്യ ടീമായി മാറിയിരുന്നു. ബുധനാഴ്ച ടുണീഷ്യയുമായാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.