'ബേപ്പൂർ ഉരു' ലോകകപ്പിൽ താരമാവും
text_fieldsബേപ്പൂർ (കോഴിക്കോട്): ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ 18 ദിവസം ബാക്കിയിരിക്കെ, ഖത്തറിനോടൊപ്പം ബേപ്പൂരിലും ഒരുക്കം തകൃതി. ലോകകപ്പിൽ കളിക്കാൻ ഇന്ത്യക്ക് ഭാഗ്യം ലഭിച്ചില്ലെങ്കിലും ഖത്തർ ലോകകപ്പിൽ ഇത്തവണ 'ബേപ്പൂർ ഉരു' താരമാകാനുള്ള അവസാന ഒരുക്കത്തിലാണ്.
ടീമും കളിക്കാരുമൊന്നും ഇല്ലെങ്കിലും ലോകകപ്പിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് സമ്മാനം നൽകുന്നതിലൂടെ താരമാവുകയാണ് ബേപ്പൂരിന്റെ പൈതൃകപ്പെരുമയായ ഉരു. ഖത്തർ ലോകകപ്പിലേക്ക് ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച 1000 ഉരു മാതൃകയാണ് ബേപ്പൂരിൽനിന്ന് കടൽ കടക്കുന്നത്. ഇതിൽ പകുതിയോളം ഖത്തറിലെത്തി. ബാക്കി അയക്കാൻ തകൃതിയായ മിനുക്കുപണികൾ നടക്കുന്നു.
ബേപ്പൂരിലെ ഉരു നിർമാണത്തിൽ വിദഗ്ധരായവരുടെ കരവിരുതിലൊരുങ്ങുന്ന കുഞ്ഞുമാതൃകകളാണ് വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തുന്ന പ്രധാനികൾക്ക് വിശിഷ്ട സമ്മാനമായി നൽകുന്നത്. ലോകകപ്പ് വീക്ഷിക്കാനെത്തുന്ന വിശിഷ്ട വ്യക്തികൾക്ക്, കാഴ്ചവസ്തുവായി എക്കാലവും സൂക്ഷിക്കാൻ സാധിക്കുന്ന സമ്മാനമാണിത്.
അതിഥികൾക്ക് നൽകുന്ന നാലിനം സമ്മാനങ്ങളിൽ സാംസ്കാരിക വിഭാഗത്തിലാണ് ബേപ്പൂരിന്റെ പൈതൃകവും കരവിരുതും സമന്വയിക്കുന്ന ഉരുവിന് ഇടം കിട്ടിയത്. വിദഗ്ധരായ ശില്പികളുടെ മേൽനോട്ടത്തിൽ ഇവയുടെ നിർമാണം പുരോഗമിക്കുകയാണ്.
പൂർണമായും ഫിഫയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം. ഖത്തറിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടതാണ് എല്ലാ സമ്മാനങ്ങളും. സമ്മാനങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം ലഭിച്ചത് 'ബ്ലാക്ക് ആരോ ഗിഫ്റ്റ്സ് ആൻഡ് നോവൽറ്റീസ്' കമ്പനിക്കാണ്.
ലോകകപ്പിലെ സമ്മാന വിഭാഗത്തിന്റെ പ്രാതിനിധ്യം കേരളത്തിന് ലഭിക്കുന്നതും കേരളത്തിൽനിന്നുള്ള കരകൗശല ഉൽപന്നം സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതും ചരിത്രത്തിലാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.