താരങ്ങളെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബുകൾ
text_fieldsദോഹ: ഫുട്ബാളിലെ ഏറ്റവും വലിയ കച്ചവടസ്ഥലമാണ് ലോകകപ്പ്. തിളങ്ങുന്ന താരങ്ങളെ വമ്പൻ വിലകൊടുത്ത് റാഞ്ചിയെടുക്കാൻ ലോകോത്തര ക്ലബുകൾ വട്ടമിടുന്ന വേദി. യൂറോപ്പിലെ ക്ലബുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഗ്ദാനങ്ങളെത്തുക. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറാൻ താരങ്ങൾക്കുള്ള മികച്ച അവസരമാണ് ഈ ലോകകപ്പ്.
മാഞ്ചസ്റ്റർ യുനൈറ്റഡിൽതന്നെ പ്രധാന ഒഴിവുണ്ട്. മാഞ്ചസ്റ്ററുമായുള്ള കരാർ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു. മിഡ്ഫീൽഡ് ശക്തിപ്പെടുത്താൻ ലിവർപൂൾ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും മിടുക്കന്മാരെ അന്വേഷിക്കുന്നതായാണ് വിവരം.
ഇംഗ്ലണ്ടിന്റെ യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ് ഹാമിന് ആവശ്യക്കാരേറെയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, പി.എസ്.ജി എന്നിവർ ഈ മിടുക്കനെ നോട്ടമിട്ടിട്ടുണ്ട്. നിലവിൽ ബുണ്ടസ്‍ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമാണ് ബെല്ലിങ്ഹാം. മികച്ച താരങ്ങളെ വിൽക്കുന്നതിൽ എന്നും താൽപര്യം കാണിക്കുന്ന ക്ലബാണ് ബൊറൂസിയ.
മൊറോക്കോയുടെ മിഡ്ഫീൽഡർ അസദ്ദിൻ ഔനാഹിയെ സ്പാനിഷ് കോച്ച് ലൂയി എന്റിക്വെയടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു. അപാരമായ ഊർജത്തോടെ കളം നിറയുന്ന ഈ 22കാരൻ നിലവിൽ ഫ്രഞ്ച് ലീഗിൽ അവസാന സ്ഥാനത്തുള്ള ഏയ്ഞ്ചേഴ്സിന്റെ താരമാണ്.
റൊണാൾഡോക്ക് പകരം മാഞ്ചസ്റ്റർ യുനൈറ്റഡിൽ എത്താൻ സാധ്യതയുള്ള ഫോർവേഡാണ് നെതർലൻഡ്സിന്റെ കോഡി ഗാക്പോ. ഗ്രൂപ് ഘട്ടത്തിൽ മൂന്ന് ഗോളുകൾ നേടിയ ഗാക്പോ ലക്ഷ്യം തെറ്റാത്ത സ്ട്രൈക്കറാണെന്ന് തെളിയിക്കുന്നു. ഗാക്പോ താരമായി മാറിയെന്ന് ഡച്ച് കോച്ച് ലൂയി വാൻഗാൽതന്നെ പ്രശംസ ചൊരിഞ്ഞിരുന്നു. റൊണാൾഡോക്കു പകരം കോച്ച് ചൂതാട്ടം നടത്തിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടിയാണ് വിശ്വാസം കാത്തത്. ഈ 21കാരൻ ബെൻഫിക്കക്ക് വേണ്ടി ഈ സീസണിൽ 14 ഗോളുകൾ നേടിയിരുന്നു.
എല്ലാ കളികളിലും തിളങ്ങിയ ക്രൊയേഷ്യയുടെ സെന്റർ ബാക്ക് ജോസ്കോ മ്വാർഡിയോളിനെയും വമ്പന്മാർ കാത്തിരിക്കുന്നു. ബെൽജിയത്തിനും ബ്രസീലിനുമെതിരെ അസാധ്യ പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റേത്. മൂക്കിനേറ്റ പരിക്കിനെ തുടർന്ന് മാസ്കണിഞ്ഞ് കളിച്ച ഗ്വാർഡിയോൾ ലയണൽ മെസ്സിയെവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിലവിൽ ആർ.ബി ലെപ്സിഷ് താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.