ഖത്തർ അമീറിന് ബിഗ് സല്യൂട്ട്
text_fieldsഅയൽ രാജ്യങ്ങളുടെ ഉപരോധമായും, പിന്നെ കോവിഡിൻെറ ഭീതിതമായ നാളുകളായും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ അതിജീവിച്ച് ഏറ്റവും മനോഹരമായൊരു ലോകകപ്പിലേക്ക് ഖത്തറിനെ നയിച്ച രാഷ്്ട്ര നായകൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കാണ് എൻെർ ആദ്യ സല്യൂട്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, ലോകത്തെ ഏറ്റവും മികച്ചൊരു കായികമേളയിലേക്ക് രാഷ്ട്രത്തെ നയിച്ച നായകൻെറ ദീർഘവീക്ഷണവും സ്ഥൈര്യവും അഭിനന്ദനം അർഹിക്കുന്നതാണ്.
കേരളത്തിൻെറ പകുതിപോലും വലുപ്പമെങ്കിലും ഇന്ന് ലോകത്തോളം വളർന്നു കഴിഞ്ഞു ഖത്തർ എന്ന കുഞ്ഞു രാജ്യം. യൂറോപ്യൻ മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടത്തിയ രുക്ഷ വിമർശനങ്ങൾക്ക് ഏറ്റവും മികച്ച സംഘാടനവും ലോകോത്തരമായ അടിസ്ഥാന സൗകര്യവും, അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയങ്ങളും നിർമിച്ച് വേദിയൊരുക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേറ്റതെന്നത് അഭിനന്ദനാർഹമാണ്.
കോളജ് പഠനകാലത്തായിരുന്നു ലോകകപ്പ് ഫുട്ബാളിനെ ആദ്യമായി അറിയുന്നതും കാണുന്നതുമെല്ലാം. ടെലിവിഷൻ അപൂർവമായ 1978ൽ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞായിരുന്നു മരിയോ കെംപസിനെയും കാൾ റുമിനെഷിനെയുമെല്ലാം അറിഞ്ഞത്. പിന്നെ പൊതുപ്രവർത്തനവും മറ്റുമായി പല തിരക്കുകളിലേക്ക് അലിയുേമ്പാഴും എല്ലാ ലോകകപ്പുകളം കാണുമായിരുന്നു. അതിനിടയിൽ ഡീഗോ മറഡോണയോടുള്ള ഇഷ്ടം അർജൻറീനയുടെ കടുത്ത ആരാധകനുമാക്കി മാറ്റി.
ആദ്യമായാണ് ലോകകപ്പ് മത്സരം നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നത്. രണ്ടു മാസം മുമ്പ് ഖത്തറിൽ സൗഹൃദ സന്ദർശനത്തിനായി വന്നപ്പോൾ തന്നെ സ്റ്റേഡിയങ്ങളെല്ലാം സന്ദർശിച്ചിരുന്നു. ഓരോ സ്റ്റേഡിയങ്ങളിലും തങ്ങളുടെ പാരമ്പര്യവും സംസ്കാരവും സന്നിവേശിപ്പിച്ച് ഈ കുഞ്ഞുരാജ്യം നടത്തിയ നിർമാണങ്ങൾ അതിശയിപ്പിച്ചു. 20 വർഷം മുമ്പ് ഏഷ്യയിൽ ആദ്യമായി ലോകകപ്പ് വന്നപ്പോൾ രണ്ട് രാജ്യങ്ങൾ ചേർന്നായിരുന്നു ആതിഥ്യം വഹിച്ചത്. എന്നാൽ, ഒറ്റക്ക്, ചുരുങ്ങിയ ഭൂവിസ്തൃതിയിൽ തന്നെ മനോഹരമായൊരു ലോകകപ്പ് സംഘടിപ്പിക്കുകയെന്നത് അതിശയകരമായ നേട്ടമാണ്.
സുഹൃത്തായ തളിപ്പറമ്പ് സ്വദേശി എം.സി താജുദ്ദീൻെറ അതിഥിയായാണ് ലോകകപ്പിനെത്തുന്നത്. മാച്ച് ടിക്കറ്റും, താമസ സൗകര്യവുമെല്ലാം അവർ ഒരുക്കിയിരുന്നു. മലയാളികൾ സ്വന്തം വീട്ടുമുറ്റത്തെന്ന പോലെ ഈ ലോകകപ്പിനെ വരവേൽക്കുന്നത് കാണുേമ്പാൾ ഏറെ സന്തോഷമുണ്ട്. കളിക്കാനിറങ്ങുന്ന താരങ്ങൾ ഒഴികെ എല്ലായിടത്തുമുണ്ട് മലായളികൾ. നിർമാണ പ്രവർത്തനങ്ങൾ, സംഘാടനം, ഫിഫയിലെയും സുപ്രീം കമ്മിറ്റിയിലെയും ഉദ്യോഗസ്ഥർ, വളണ്ടിയർമാർ അങ്ങനെ പലമേഖലകളിൽ അവരുണ്ട്. സത്യത്തിൽ, ഇന്ത്യയിൽ ഒരു ലോകകപ്പ് നടന്നാൽ പോലും ലഭിക്കാത്ത പങ്കാളിത്തമാണ് ഖത്തർ ലോകകപ്പിൽ മലയാളികൾക്കുള്ളത് എന്നത് ഈ രാജ്യം നമ്മൾക്ക് നൽകുന്ന പരിഗണനയുടെ ഉദാഹരണമാണ്. നവംബർ 18ന് തന്നെ ഖത്തറിലെത്തിയിരുന്നു. 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിലും ഖത്തർ-എക്വഡോർ മത്സരത്തിനും സാക്ഷിയാവാനും കഴിഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഭിന്നശേഷിക്കാരാനായ ഗാനിം അൽ മുഫ്തയും ഹോളിവുഡ് താരം മോർഗൻ ഫ്രീമാനുമെത്തി ലോകത്തിനു നൽകിയ സന്ദേശവും, ലോകത്തിൻെറ വിഭിന്ന കോണുകളിൽ നിന്നും ജനങ്ങൾ കാഴ്ചക്കാരാവുന്ന നിമിഷത്തിൽ സ്വന്തം ഭാഷയായ അറബിയിൽ സംസാരിക്കുന്നതുമെല്ലാം ഒരു രാജ്യം സ്വന്തം ഐഡൻറിറ്റിയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൻെറ അടയാളമാണ്. ചൊവ്വാഴ്ച അർജൻറീന- സൗദി അറേബ്യ മത്സരത്തിന് സാക്ഷിയായി. ലുസൈലിലെ ആദ്യ അങ്കത്തിൽ അർജൻറീന തോറ്റെങ്കിലും ഒരു ഫുട്ബാൾ പ്രേമിയെന്ന നിലയിൽ മത്സരം ആവേശകരമായിരുന്നു.
സൗദിയെ നിസ്സാരമായെടുത്താണ് അർജൻറീന കളത്തിലിറങ്ങിയതെന്ന് തോന്നി. അതേസമയം, കളിയുടെ രണ്ടാംപകുതിയിൽ ഒാരോ നീക്കത്തിലും സൗദി കൂടുതൽ ആത്മവിശ്വാസം പ്രകടമാക്കി. ഗോൾകീപ്പറുടെ മികവും, ടീം ഒത്തിണക്കവും അറേബ്യൻ ടീമിന് മുതൽകൂട്ടായി.
36 മത്സരങ്ങളിൽ ജയിച്ച അർജൻറീനയെ ആയിരുന്നില്ല ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്. വിലപ്പെട്ട മൂന്ന് പോയൻറാണ് നഷ്ടമായത്. എങ്കിലും, മെക്സികോ, പോളണ്ട് എന്നിവർക്കെതിരെ ജയിച്ച് അർജൻറീന പ്രീക്വാർട്ടറിലും തുടർന്നും മുന്നേറും. പ്രിയപ്പെട്ട ടീമായ അർജൻറീന ലോകകപ്പ് നേടുന്നതാണ് എൻെറ സ്വപ്നം. ഫൈനലിലെത്തിയാൽ ലുസൈലിലെ പോരാട്ടത്തിന് സാക്ഷിയാവാൻ മോഹമുണ്ട്. ടിക്കറ്റ് ലഭിച്ചാൽ തീർച്ചയായും വീണ്ടും ഞാൻ ദോഹയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.