കാനറിക്ക് പരീക്ഷണപ്പറക്കൽ
text_fieldsദോഹ: സെർബിയക്കെതിരായ മത്സരത്തിലെ ആധികാരിക ജയവും റിച്ചാർലിസന്റെ ലോകം നെഞ്ചേറ്റിയ ഗോളുകളും നൽകിയ ആവേശത്തിൽ ബ്രസീൽ ഗ്രൂപ് ജിയിയിൽ തിങ്കളാഴ്ച രണ്ടാം അങ്കത്തിന്. ആദ്യ കളിയിൽ കാമറൂണിനെതിരെ ഒറ്റ ഗോൾ വിജയം നേടിയ സ്വിറ്റ്സർലൻഡാണ് എതിരാളികൾ. പരിക്കേറ്റ സൂപ്പർതാരം നെയ്മറിന്റെ അഭാവത്തിലിറങ്ങുന്ന മഞ്ഞപ്പടയെ സംബന്ധിച്ച് സ്വിസ് സംഘത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കൽ അനിവാര്യമാണ്. 2014ൽ നെയ്മറിന് പരിക്കേറ്റശേഷം ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായ അനുഭവമുണ്ട്. എന്നാൽ, ഇക്കുറി അതുണ്ടാവില്ലെന്ന് പരിശീലകൻ ടിറ്റെക്ക് ഉറപ്പാക്കിയേ പറ്റൂ. തോൽവിയെന്നത് സ്വിറ്റ്സർലൻഡിനെ സംബന്ധിച്ചും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ട്.
നെയ്മറില്ലാതെ കളിക്കുകയും ജയിക്കുകയും ചെയ്യുക എന്നതിലേക്ക് ടീമിനെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് ടിറ്റെയുടെ വിജയം. 2019 കോപ അമേരിക്കയിലടക്കം അത് തെളിയിച്ചതാണ്. സ്വന്തം നാട്ടിൽ നടന്ന ടൂർണമെൻറിൽ കാനറികൾ കിരീടം നേടി. എട്ടു മാസം മുമ്പ് നടന്ന ബൊളീവിയക്കെതിരായ മത്സരത്തിലും നെയ്മറിന്റെ അഭാവത്തിൽ ടീം ഉജ്ജ്വല ജയം നേടി. ഇന്നത്തെ ഇലവനിൽ ചില പരീക്ഷണങ്ങൾക്ക് മുതിരാൻ ടിറ്റെ നിർബന്ധിതനാവും. നെയ്മറും റിച്ചാർലിസനും ചേർന്ന് ആക്രമണം നയിച്ച മധ്യനിരയിൽ പുതിയ സമവാക്യങ്ങളുണ്ടാവും. ഫ്രെഡോ മറ്റോ മിഡ്ഫീൽഡിൽ പകരക്കാരാവും. റൈറ്റ് ബാക്ക് ഡാനിലോയും പരിക്കിന്റെ പിടിയിലാണ്. ഇത് ഡാനി ആൽവിസിനോ എഡെർ മിലിറ്റാവോക്കോ വാതിൽ തുറന്നേക്കും. കാമറൂണിനെതിരായ പ്രകടനത്തിൽ സംതൃപ്തനാണ് സ്വിസ് പരിശീലകൻ മുറാത് യാകിൻ. വിജയസംഘത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. കളത്തിൽ മുൻതൂക്കം ബ്രസീലിനുതന്നെയാണെങ്കിലും കണക്കിൽ നേരിയ മേൽക്കൈയേ ഉള്ളൂ. ഇരു ടീമും ഇതുവരെ ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നു പ്രാവശ്യം ബ്രസീലും രണ്ടു തവണ സ്വിറ്റ്സർലൻഡും ജയിച്ചു. നാലു മത്സരങ്ങൾ സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.