മുടിക്കല്ലിൽ അടിമുടി കളിയാവേശം; 75 അടി നീളത്തിൽ ഫ്ലക്സ് സ്ഥാപിച്ച് ബ്രസീൽ ഫാൻസ്
text_fieldsഎറണാകുളം: ലോകകപ്പിൽ പന്ത് തട്ടിത്തുടങ്ങാൻ ആറ് ദിവസം മാത്രം ശേഷിക്കെ ആരാധകരുടെ ആവേശം പരകോടിയിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ ടീമുകളുടെ ആരാധകർ തമ്മിൽ സൗഹൃദപ്പോരും മത്സരവും പൊടിപൊടിക്കുകയാണ്. ചെറിയ ഗ്രാമങ്ങളിൽ പോലും ഫുട്ബാൾ ആവേശത്തിന്റെ ഫ്ലക്സുകളും കട്ടൗട്ടുകളും ഉയർന്നു കഴിഞ്ഞു. കട്ടൗട്ടിന്റെയും ഫ്ലക്സിന്റെയും വലുപ്പത്തിലും മത്സരമുണ്ട്. കോഴിക്കോട് പുള്ളാവൂരിൽ പുഴയിൽ സ്ഥാപിച്ച മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടുകയും 'ഫിഫ' ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇതിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ ഫുട്ബാൾ ഫാൻസുകാർ കൂടുതൽ ആവേശത്തിലായി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കല്ലിൽ ബ്രസീൽ ഫാൻസ് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 75 അടി നീളവും പത്തടി ഉയരവുമുള്ള ഫ്ലക്സ് സ്ഥാപിക്കാൻ വയോധികരടക്കമുള്ള ആരാധകർ റോഡ്ഷോ നടത്തുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ അർജന്റീന ഫാൻസ് കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് 75 അടി നീളത്തിൽ ഫ്ലക്സ് ഒരുക്കിയത്. ബ്രസീൽ പരിശീലകനും പ്രമുഖ താരങ്ങളും മാത്രമല്ല, ഇതിഹാസ താരം പെലെ അടക്കമുള്ളവരും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.
ഞായറാഴ്ച പകൽ മുഴുവൻ പരിശ്രമിച്ച് വൈകുന്നേരത്തോടെയാണ് ഫ്ലക്സ് സജ്ജമാക്കിയത്. തുടർന്ന് റോഡ് ഷോ നടത്തി വഞ്ചിനാട് കവലയിൽ സ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.