പ്രതിഭയിൽ റിച്ചാണ് ബ്രസീൽ
text_fieldsദോഹ: വളരെ ഓർഗനൈസ്ഡ് ആയിരുന്നു സെർബിയ. എന്നാൽ, അതിനെയൊക്കെ താളംതെറ്റിക്കാൻ പോന്ന ക്രിയേറ്റിവ് മാജിക്കിന്റെ അപ്പോസ്തലന്മാരായിരുന്നു ബ്രസീൽ. എതിരാളികളുടെ നീക്കങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് മറുതന്ത്രം മെനയുന്ന ടീമുകളൊന്നും ഒരൊറ്റ നിമിഷാർധത്തിൽ റിച്ചാർലിസൻ കാഴ്ചവെച്ച ആ മാന്ത്രികതയെ തടയാനുള്ള പാഠങ്ങളൊന്നും പഠിച്ചിട്ടുണ്ടാവില്ല. വിനീഷ്യസ് പ്രതിരോധക്കാർക്കിടയിലൂടെ ഒളിപ്പിച്ചു കടത്തിയ ആ പന്തും അതിനെ കാലിലൊന്നെടുത്തുയർത്തി റിച്ചാർലിസൻ നടത്തിയ ആ കുതറിച്ചാട്ടവും ബ്രസീലിയൻ സ്ട്രീറ്റ് ഫുട്ബാൾ ലോകത്തിനു കാഴ്ചവെച്ച ഫോക്ലോർ ദൃശ്യങ്ങളുടെ തനിപ്പകർപ്പാണ്. കണ്ണു തെറ്റിപ്പോവുന്ന ഒരു സെക്കൻഡു മാത്രം മതി യൂറോപ്പിന്റെ മുരട്ടു ഡിഫൻസിവ് സ്ട്രാറ്റജിയെ അതിന് മലർത്തിയടിക്കാനെന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു അത്.
അങ്ങനെയൊരു അതിശയം പിറവി കൊള്ളുമ്പോൾ ലുസൈൽ പൊട്ടിത്തെറിക്കാതിരിക്കുന്നതെങ്ങനെ? 88,103 കാണികളിൽ മുക്കാൽ ഭാഗവും മഞ്ഞക്കുപ്പായമിട്ടുവന്ന നാളിൽ അതു പിറന്നുവെന്നത് ആ മത്സരത്തിന്റെ കാവ്യനീതി കൂടിയായി. സ്റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിയിൽ ചെങ്കുപ്പായമണിഞ്ഞ ചുരുക്കം പേരെ മാറ്റിനിർത്തിയാൽ മഞ്ഞയണിഞ്ഞ ആ സിമന്റു പടവുകൾ 90 മിനിറ്റും ബ്രസീലിന്റെ നന്മയെ മാത്രം ആഗ്രഹിച്ചു. എന്നിട്ടും ഒരു മണിക്കൂർ നേരം അവർക്ക് ഉന്മാദം കൊള്ളാൻ കാരണങ്ങളുണ്ടായതേയില്ല. പ്രതിരോധത്തിന്റെ പടുകോട്ടകൾ കെട്ടി സെർബിയ അണകെട്ടി നിർത്തിയപ്പോഴൊക്കെ ഗാലറി കോർണർ കിക്കുകളും ക്ലിയറിങ്ങുകളും ത്രോ ഇന്നുകളും വരെ കൈയടികളോടെ ആഘോഷിച്ചുകൊണ്ടിരുന്നു.
ഇതു പുതിയൊരു ബ്രസീലാണ്. പുതിയ കൂട്ടം താരങ്ങളടങ്ങിയ പുതിയൊരു യുഗപ്പിറവി. പരമ്പരാഗത ആക്രമണ ഫുട്ബാളിന്റെ വശ്യതയിലേക്ക് മടങ്ങിയെത്തുന്ന സംഘം. ടൂർണമെന്റ് ഫേവറിറ്റുകളായെത്തി അതിനൊത്ത പകിട്ടിൽ പന്തുതട്ടിത്തുടങ്ങിയ ടീം. അവർക്ക് ആത്മവിശ്വാസത്തിന്റെ കൂട്ട് വേണ്ടുവോളമുണ്ടായിരുന്നു. ആഞ്ഞടിച്ചാൽ തകരാത്ത കോട്ടകളില്ലെന്നും അവർക്കുറപ്പുണ്ടായിരുന്നു. ഒരുവിധ സമ്മർദവുമില്ലാതെ ടീം ബസിൽ പാട്ടുപാടി നൃത്തം ചെയ്ത് അവരെത്തിയപ്പോഴേ ഉറപ്പിക്കാമായിരുന്നു. ബ്രസീൽ ധീരന്മാരുടെ നിരയാണ് ഇത്തവണ.
സെർബിയക്കും കൈയടിക്കണം. തരാതരം പോലെ താരപ്പകിട്ടുള്ള വമ്പൻ ടീമിനെതിരെ അവർക്ക് സാധ്യമാവുന്നതുപോലെ അവർ പിടിച്ചുനിന്നു. ഗോളുകളുടെ മാലപ്പടക്കം തീർക്കാൻ കെൽപുള്ള ബ്രസീലിന്റെ കരുത്തുറ്റ നിരയെ രണ്ടിൽമൂന്നു സമയവും വല കുലുക്കാൻ അനുവദിക്കാതെ കോട്ടകെട്ടിയെന്നത് അഭിമാനിക്കാവുന്നതുതന്നെയാണ്. ഗോളി ഒഴികെ മുഴുവൻ കളിക്കാരും ക്രിയേറ്റിവ് ആയി പന്തുതട്ടാൻ മിടുക്കരായ ഒരു നിരയെ എത്രമാത്രം പിടിച്ചുനിർത്താൻ കഴിയുമെന്നതു മാത്രമായിരുന്നു ചോദ്യം. സെൻട്രൽ ഡിഫൻസ് കാക്കുന്ന നായകൻ തിയാഗോ സിൽവയും മാർക്വിഞ്ഞോസും വരെ കയറിയെത്തി. ആദ്യപകുതിയിൽ ജാഗ്രത പാലിച്ചു പന്തുതട്ടിയ ബ്രസീൽ പക്ഷേ, രണ്ടാം പകുതിയിൽ തങ്ങളുടെ സ്വതസ്സിദ്ധമായ ശൈലിയിൽ ആഞ്ഞടിച്ചതോടെ സെർബിയൻ പ്രതിരോധം ആടിയുലഞ്ഞു. പരമ്പരാഗത ബ്രസീലിയൻ പ്രെസ്സിങ് ഗെയിമിൽ ഗാലറിയും തരളിതമായി. വിങ്ങുകളിൽനിന്നും മധ്യനിരയിൽനിന്നും ഇടതടവില്ലാതെ പന്ത് പാഞ്ഞെത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സെർബിയ ആശയക്കുഴപ്പത്തിലായ നിമിഷങ്ങൾ. ഏതു നിമിഷവും അവരുടെ പിൻനിര പൊളിയുമെന്നു വന്നതോടെ കാണികൾ പ്രതീക്ഷയിലാണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. 62ാം മിനിറ്റിൽ വിനീഷ്യസിന്റെ ഒന്നാന്തരം ആംഗുലർ ഷോട്ട്. സേവിച്ച് വീണുകിടന്നു തടഞ്ഞപ്പോൾ റീബൗണ്ടിൽ റിച്ചാർലിസന്റെ ആദ്യഗോൾ. പിന്നാലെ 11 മിനിറ്റിനുശേഷം അക്രോബാറ്റിക് ഷോട്ടിന്റെ മനോഹാരിതയിൽ ലോക ഫുട്ബാളിനെ കോരിത്തരിപ്പിച്ച ഫിനിഷിങ്. താരം റിച്ചാർലിസൺ തന്നെയായിരുന്നു.
അലക്സ് സാന്ദ്രോയുടെയും കാസിമിറോയുടെയും പൊള്ളുന്ന ഷോട്ടുകൾ പോസ്റ്റിനെ പിടിച്ചുകുലുക്കിയതുകൂടി കൂട്ടിവായിക്കണം. ബ്രസീൽ രണ്ടാം പകുതിയിൽ കളിച്ച കളി കപ്പ് കൈകളിലേന്താൻ തിടുക്കവുമായെത്തിയ ഏതു നിരകൾക്കുമുള്ള മുന്നറിയിപ്പാണ്. ഏതുരീതിയിൽ കോട്ട കെട്ടിയാലും ജാഗ്രതയുടെ കണ്ണുപൊട്ടിച്ച് ഏതെങ്കിലുമൊരു അസാധ്യകോണിൽനിന്ന് ഒരു അക്രോബറ്റിക് ഷോട്ട് ഇതുപോലെ പിറവികൊണ്ടേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.