പറന്നിറങ്ങാൻ കാനറികൾ, തടുത്തുനിർത്തി സ്വിസ് പട; ആദ്യ പകുതി ഗോൾ രഹിതം
text_fieldsദോഹ: ഗോൾമുഖം ലക്ഷ്യമിട്ട് പറന്നിറങ്ങിയ കാനറിപ്പടയെ പൂട്ടിട്ടുനിർത്തി സ്വസ് പട. റാസ് അബൂഅബൂദിൽ ഗ്രൂപ്പ് ജിയിലെ ബ്രസീൽ-സ്വിറ്റ്സർലന്റ് മത്സരം ആദ്യ പകുതിയിൽ ഗോൾരഹിതം. മത്സരത്തിന്റെ ഗതി നിർണയിച്ചത് ബ്രസീലാണെങ്കിലും സ്വിസ് ബോക്സിനുള്ളിലേക്ക് കടന്നുകയറി അധികം ഭീഷണിയുയർത്താൻ സാധിച്ചില്ല. മറുവശത്ത് സ്വിറ്റ്സർലന്റ് കിട്ടിയ അവസരങ്ങളിൽ അതിവേഗം ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിത്തെറിപ്പിച്ചു.
28ാം മിനിറ്റിൽ റാഫീന്യ സുന്ദരമായി നീട്ടി നൽകിയ പന്ത് വിനീഷ്യസ് ജൂനിയറിന് ഗോളാക്കി മാറ്റാനായില്ല. സ്വിസ് പൂട്ടിനുള്ളിൽ നിന്നും പലകുറി വെട്ടിച്ചുകയറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഹീറോയായ റിച്ചാർലിസണ് കാര്യമായ ഭീഷണിയൊന്നും ഇതുവരെയും സൃഷ്ടിക്കാനായിട്ടില്ല.
പനി ലക്ഷണങ്ങൾ ഉള്ളതിനാൽ കളത്തിലിറങ്ങില്ലെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗോൾ കീപ്പർ അലിസൺ ബെക്കർ കളത്തിലിറങ്ങിയത് ബ്രസീൽ ആരാധകർക്ക് ആശ്വാസം നൽകി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്രെഡാണ് പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ഇറങ്ങിയത്. ഇരു ടീമുകളും ആദ്യ മത്സരത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കളത്തിൽ പന്തുതട്ടിയത്. കഴിഞ്ഞ ലോകകപ്പിൽ ഇരുടീമുകളും പന്തു തട്ടിയപ്പോൾ മത്സരം 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ബ്രസീൽ ടീം ലൈനപ്പ്:
ഗോൾകീപ്പർ: അലിസൺ ബെക്കർ
പ്രതിരോധം: ഇഗർ മിലിറ്റ്യാവോ, മാർക്വിന്യോസ്, തിയാഗോ സിൽവ, അലക്സ് സാൻട്രോ
മധ്യനിര: ലൂക്കാസ് പെക്വറ്റ, കാസിമിറോ, ഫ്രെഡ്
മുന്നേറ്റം: റാഫീന്യ, റിച്ചാർലിസൻ, വീനീഷ്യസ് ജൂനിയർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.