നൃത്തച്ചുവടുകളിലെ ബ്രസീലിയൻ ബ്രില്യൻസ്
text_fieldsദോഹ: താൻ മനസ്സിൽ കണ്ടത് കുട്ടികൾ അതേപടി കളത്തിൽ വരച്ചുകാട്ടുമ്പോൾ ആഹ്ലാദ നൃത്തത്തിനായി അവർ ക്ഷണിച്ചാൽ ടിറ്റെ ഒപ്പം ചേരാതിരിക്കുന്നതെങ്ങനെ? നൃത്തച്ചുവടുകളുമായി നിറഞ്ഞാടി, കളിയുടെ ഫോക് ലോറിനെ എക്കാലത്തും സമൃദ്ധമാക്കിയ ബ്രസീലിയൻ ഫുട്ബാളിന്റെ മിന്നലാട്ടങ്ങൾ നിറഞ്ഞതായിരുന്നു ആ പ്രീ ക്വാർട്ടർ. ഈ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബാൾ. ദക്ഷിണ കൊറിയക്കെതിരെ ആദ്യ 45 മിനിറ്റിൽ ബ്രസീൽ കാഴ്ചവെച്ചത് അതായിരുന്നു.
എതിരായി ബ്രസീൽ ആശങ്കിച്ചതൊന്നും സംഭവിച്ചതേയില്ല. കൊറിയയുടെ ഗതിവേഗമാർന്ന കൗണ്ടർ അറ്റാക്കിങ്ങുകളെയായിരുന്നു അവർക്ക് ഭയം. അതിന് തടയിടുകയായിരുന്നു തിയാഗോ സിൽവക്കും കൂട്ടർക്കും മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യം. ഓരോ പത്തുമിനിറ്റിലും ഓരോ ഗോളെന്ന നിലയിൽ തുടക്കത്തിലേ എണ്ണിയെണ്ണി എതിർവലയിൽ നിക്ഷേപിച്ചതോടെ ആ ഭീതിയകന്നു. മാനസികമായി തളർന്നുപോയ കൊറിയക്ക് പ്രത്യാക്രമണങ്ങളില്ലാതായി. രണ്ടു ഗോൾ പിറന്ന 13 മിനിറ്റിൽ മത്സരഗതി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഏഴാംമിനിറ്റിൽ തുടങ്ങിയ ആദ്യപ്രഹരത്തിൽനിന്ന് ഏഷ്യക്കാർക്ക് എഴുന്നേറ്റുനിൽക്കാൻ കഴിഞ്ഞതേയില്ല. പാരമ്പര്യമായിക്കിട്ടിയ കളിയഴകിന്റെ വിശ്വരൂപം പുറത്തെടുത്ത് കളി ചൂടുപിടിക്കുംമുമ്പുതന്നെ കൊറിയയെ ബ്രസീൽ ചങ്ങലക്കിട്ടിരുന്നു.
കളിയിലേക്കിറങ്ങിയതു മുതൽ ഒട്ടും ആസൂത്രിതമായിരുന്നില്ല കൊറിയൻ ഡിഫൻസെന്ന് വെളിപ്പെടുകയായിരുന്നു. ബ്രസീലിയൻ മുന്നേറ്റങ്ങളാകട്ടെ, അതു മുതലെടുക്കുകയും അതിനെ നിഷ്പ്രഭമാക്കുകയും ചെയ്യുന്ന രീതിയിൽ കുശാഗ്രതയും കൃത്യതയും മേളിച്ചതായി. കരുത്തുറ്റ ബ്രസീൽ മുന്നേറ്റങ്ങളെ ഏതുവിധം കൈകാര്യം ചെയ്യണമെന്ന കേവല പദ്ധതികൾ പോലുമില്ലാതെയാണ് കൊറിയ കളത്തിലെത്തിയതെന്നു തോന്നിച്ചു. ആദ്യ ഗോൾ തന്നെ അതിന്റെ തെളിവായിരുന്നു. വലതു വിങ്ങിൽ റഫീഞ്ഞ മിക്കപ്പോഴും ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്നു. അപ്പുറത്ത് വിനീഷ്യസും. കൊറിയയുടെ ആ രണ്ടു പിഴവുകളുടെയും ആകത്തുകയായിരുന്നു ആദ്യ ഗോൾ. റഫീഞ്ഞയിൽനിന്ന് പന്ത് വിനീഷ്യസിലെത്തുമ്പോൾ തടയാൻ കൊറിയക്കാരുണ്ടായിരുന്നില്ല. പന്ത് നിയന്ത്രിച്ച്, സമയമെടുത്ത്, പഴുതുകൾ നോക്കി വിനീഷ്യസ് തൊടുത്ത പ്രഹരം വലയിലെത്തുമ്പോഴും അയാളുടെ അടുത്തേക്ക് ഒരു കൊറിയൻ ഡിഫൻഡർ ഓടിയെത്തിയതുപോലുമില്ല. പരിക്കുമാറിയെത്തിയ നെയ്മറിനും അതോടൊപ്പം അയാളെ കേന്ദ്രീകരിച്ചു കളിച്ച ടീമിനും ഉണർവായി 13ാം മിനിറ്റിൽ അൽപം സംശയകരമായൊരു പെനാൽറ്റി. 'വാറി'ലേക്ക് പോകാതിരുന്ന തീരുമാനത്തിൽ നെയ്മറിന് അനായാസ ഗോൾ.
ബ്രസീലിയൻ ഫുട്ബാളിന്റെ ബ്രില്യൻസ് നിറഞ്ഞുനിന്നതായിരുന്നു മൂന്നാം ഗോൾ. അതിൽ, പന്ത് തലയിലെടുത്ത് മൂന്നു തവണ അമ്മാനമാടുകയും പൊടുന്നനെ കാലിലിറക്കി വെട്ടിയൊഴിഞ്ഞ് നുഴഞ്ഞു കയറുകയും ചെയ്ത റിച്ചാർലിസന്റെ വൈയക്തിക മികവുണ്ടായിരുന്നു. അതിലേക്ക് വരച്ചുവെച്ചതുപോലെ കാസെമിറോയുടെ വൺ ടച്ചും തിയാഗോ സിൽവയുടെ ത്രൂപാസും ചേരുംപടി ചേർന്നു. എത്ര താഴിട്ടുപൂട്ടിയാലും തുറക്കാൻ കഴിയാത്ത കോട്ടകളില്ലെന്ന ബ്രസീലിയൻ പാരമ്പര്യത്തിന്റെ വിളംബരമായിരുന്നു അത്. ബോക്സിന്റെ എഡ്ജിൽ ആരും കൊതിക്കുന്ന പിൻപോയന്റ് പാസിങ്. കാനറികളുടെ ആ സിഗ്നേച്ചർ ഗോൾ, വരാനിരിക്കുന്ന എതിരാളികൾക്കുള്ള അപായസൂചനയായിരുന്നു. കാമറൂണിനെതിരായ പരാജയത്തിൽ പരിഹസിച്ചവർക്കുള്ള മറുപടിയും. തെക്കുഭാഗത്തുള്ള താഴേഗാലറിയിൽ ചെങ്കുപ്പായമിട്ടു വന്ന കുറച്ച് കൊറിയൻ ആരാധകർ അപ്പോഴും നിർത്താതെ പാടിക്കൊണ്ടിരുന്നു. അതൊന്നും പക്ഷേ, അവരുടെ കളിക്കാരെ ഉണർത്തിയില്ല. ആ പാട്ടിനിടയിലാണ്, മൈതാനത്ത് ഈണവും താളവുമില്ലാതെ ഉഴറിയ എതിരാളികൾക്കുമേൽ പക്വേറ്റ നാലാമത്തെ നിറയൊഴിച്ചത്. വിനീഷ്യസിന്റെ ഉൾക്കാഴ്ചയിലൊരു കണിശതയാർന്ന പാസ്. പക്വേറ്റയുടെ എണ്ണംപറഞ്ഞ വോളി. കളി പാതിവഴിയിലെത്തുംമുമ്പുതന്നെ തിരിച്ചുവരവിന്റെ നേരിയ പ്രതീക്ഷകളുമറ്റ് കൊറിയൻ ഹൃദയം തകർന്നു. ഇടവേളക്കു മുമ്പുതന്നെ ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ ഏറക്കുറെ ഉറപ്പായി. രണ്ടാം പകുതിയിലെ കൊറിയ കൂടുതൽ തകർച്ചകളില്ലാതെ പിടിച്ചുനിൽക്കുന്നതിൽ വിജയിച്ചുവെന്ന് മാത്രം. ഒരു ഗോളെങ്കിലും തിരിച്ചടിച്ച് മാനം കാക്കുന്നതിലും അവർ ലക്ഷ്യം നേടി. 30 വാര അകലെനിന്ന് ഒരു ഗ്ലോറിയസ് സ്ട്രൈക്കിലൂടെ പൈക് സിയൂങ് ഹോ ഗോളിയെ കീഴടക്കിയതോടെ മനോഹര ഗോളുകൾ കണ്ട രാവിൽ അതിലേക്ക് ഒന്നുകൂടിയായി.
മഞ്ഞപ്പടക്കു മുന്നിൽ ഇനി ക്രൊയേഷ്യയാണ്. ഈ മായാജാലം ആവർത്തിക്കാനായാൽ അവരും എതിർപ്പുകളില്ലാതെ വഴിമാറേണ്ടിവരും. അതല്ല, കൊറിയ വരുത്തിയ പിഴവുകളിൽനിന്ന് പാഠമുൾക്കൊണ്ട് ലൂക്ക മോഡ്രിച്ചും കൂട്ടരും പ്രതിരോധം ശക്തമാക്കിയാൽ പോരാട്ടം ഒപ്പത്തിനൊപ്പമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.