വിനീഷ്യസിന്റെ വാർത്തസമ്മേളനത്തിൽ 'ക്ഷണിതാവായി' പൂച്ചയും; പിടിച്ചുപുറത്തിട്ട് മീഡിയ ഓഫീസർ, വിമർശനം
text_fieldsദക്ഷിണ കൊറിയയെ പ്രീക്വാർട്ടറിൽ അനായാസം മറിച്ചിട്ട് ക്വാർട്ടറിലെത്തിയ ബ്രസീലാണിപ്പോൾ കിരീട സാധ്യത പട്ടികയിൽ പ്രവചനക്കാരുടെ ഇഷ്ട ടീം. ആദ്യ പകുതിയിൽ അടിച്ചുകൂട്ടിയ നാലു ഗോളുകൾ ടീമിന്റെ കളിയഴകും പ്രകടനമികവും വ്യക്തമാക്കുന്നതായിരുന്നു. ക്രൊയേഷ്യയുമായി ക്വാർട്ടറിനൊരുങ്ങുന്ന ടീമിലെ മുൻനിര താരം വിനീഷ്യസ് നടത്തിയ വാർത്തസമ്മേളനത്തിന് വിരുന്നെത്തിയ പൂച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. അൽപനേരം മാറി അരികിൽനിന്ന പൂച്ച വിനീഷ്യസിനു മുന്നിലെ മേശക്കു മുകളിൽ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. ശാന്തതയോടെ സദസ്സ് വീക്ഷിച്ച് മേശക്കുമുകളിൽ വിശ്രമിച്ച പൂച്ചയുടെ ഇരിപ്പ് വിനീഷ്യസിന് അസ്വസ്ഥതയുണ്ടാക്കിയില്ലെങ്കിലും
ശരിയല്ലെന്നു തോന്നിയ ബ്രസീൽ മീഡിയ ഓഫീസർ അതിനെ പിടിച്ച് നിലത്തേക്കിട്ടു. വാർത്ത സമ്മേളനം തുടരുകയും ചെയ്തു.
ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തെത്തിയതോടെ പ്രതികരണവുമായി സമൂഹ മാധ്യമങ്ങൾ സജീവമായി. മീഡിയ ഓഫീസർ ചെയ്തത് ശരിയായില്ലെന്നും കടുത്ത നടപടിയായെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്വന്തം ടീമിൽ നിന്ന് ഇത്തരം അനുഭവമുണ്ടായതിൽ ആശങ്ക അറിയിച്ച് ബ്രസീലിലെ മൃഗ സ്നേഹികളും രംഗത്തെത്തി.
എന്നാൽ, കന്നി ലോകകപ്പിനെത്തി മാസ്മരിക പ്രകടനവുമായി കളംനിറയുന്ന വിനീഷ്യസിനോട് ചോദ്യം ചോദിക്കാനാണ് പൂച്ച എത്തിയിരുന്നതെന്നും അതിനനുവദിക്കാത്തത് കടുത്തതായി പോയെന്നും കളിയാക്കുന്നു, ചിലർ. ഈ കളിയിൽ ഞങ്ങൾക്കും താൽപര്യമുണ്ടെന്നും കൂട്ടുകാരുടെ പ്രതിനിധിയായാണ് എത്തിയതെന്നുമാണ് മറ്റൊരു പ്രതികരണം. വിനീഷ്യസിനൊപ്പം തന്നെക്കൂടി ആരെങ്കിലും അഭിമുഖത്തിന് ക്ഷണിക്കുമോയെന്നറിയാനായിരുന്നു ആശാന്റെ ഇരിപ്പ് എന്നും ചിലർ കുറിച്ചു.
സദസ്സിലിരുന്ന മാധ്യമപ്രവർത്തകരും മീഡിയ ഓഫീസറുടെ നടപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഒരു പൂച്ചയെ ഇങ്ങനെ പുറത്തിട്ട ടീം ലോകകപ്പിൽനിന്ന് ഇങ്ങനെ പുറത്തുപോകാതിരിക്കട്ടെ എന്ന പ്രാർഥന പങ്കുവെച്ചവരുമുണ്ട്.Brazil's press officer leaves World Cup journalists in disbelief as he brutally disposes of CAT in Vinicius Jr interview
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.