വരൂ... കണ്ടെയ്നർ കൊട്ടാരത്തിൽ രാപ്പാർക്കാം; ലോകകപ്പ് കാണികൾക്കുള്ള കാബിൻ താമസ സൗകര്യങ്ങൾ സജ്ജമായി
text_fieldsദോഹ: ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രമകലെ പുതിയൊരു കൂടാരമൊരുങ്ങിയിട്ടുണ്ട്. കണ്ടെയ്നറുകൾകൊണ്ട് സ്റ്റേഡിയം നിർമിച്ച് ലോകത്തെ വിസ്മയിപ്പിച്ച ഖത്തറിന്റെ മറ്റൊരു അത്ഭുത നിർമാണം. ലോകകപ്പിനായി എത്തുന്ന കാണികൾക്ക് ചുരുങ്ങിയ ചെലവിൽ പഞ്ചനക്ഷത്രസൗകര്യങ്ങളോടെ താമസിക്കാനൊരുക്കിയ ഫ്രീസോണിലെ കാബിൻ ഫാൻ വില്ലേജുകളാണിത്. മാസങ്ങൾക്കു മുമ്പേ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ലോകകപ്പിന് പന്തുരുളാൻ പത്തു ദിനം മാത്രം ബാക്കിനിൽക്കെ സംഘാടകർ ഈ കാബിൻ കൊട്ടാരം ലോകത്തിനായി തുറന്നു നൽകി.
നിരനിരയായി സജ്ജമാക്കിയ മഞ്ഞയും വെള്ളയും കണ്ടെയ്നറുകൾക്കിടയിൽ ഒരു ഫുട്ബാൾ മൈതാനം പോലെ പച്ചവിരിച്ച കാർപെറ്റുകൾ. അകത്തേക്ക് പ്രവേശിച്ചാൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കിടക്കകളും അനുബന്ധ സംവിധാനങ്ങളും. കുളിമുറിയും ഓരോ കാബിനോടും ചേർന്നൊരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനും അത്യാവശ്യത്തിന് ചായ തയാറാക്കാനുമുണ്ട് സൗകര്യങ്ങൾ. സ്റ്റേഡിയങ്ങളിലേക്ക് മാച്ച് ടിക്കറ്റില്ലാത്ത മത്സരങ്ങൾ വിശാലമായി തന്നെ കാണാൻ കൂറ്റൻ സ്ക്രീനുകളും, ബീൻ ബാഗ് ചെയറുകളും തയാർ.
വിവിധ രാജ്യങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാകുന്ന ഔട്ട് ലെറ്റുകൾ, അൽ മീര ഉൾപ്പെടെ ഹൈപ്പർമാർക്കറ്റുകളുടെ കൺവീനിയൻസ് സ്റ്റോറുകൾ, ഫുട്ബാൾ, വോളിബാൾ, ടേബ്ൾ ടെന്നിസ് തുടങ്ങിയ കോർട്ടുകളുമായി കളി സ്ഥലങ്ങൾ, ജിംനേഷ്യം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളോടെയാണ് കാബിൻ വില്ലേജ് സജ്ജമാക്കിയത്. ഹമദ് വിമാനത്താവളത്തിൽ നിന്നും ആറ് കിലോമീറ്റർ മാത്രം ദൂരെയാണ് ഈ കാബിൻ കൊട്ടാരമൊരുക്കിയത്. മെട്രോ സ്റ്റേഷനും, ബസ് സ്റ്റോപ്പുമെല്ലാം നടന്നെത്താവുന്ന അകലെ. അൽ ബിദ്ദയിലെ ഫിഫ ഫാൻ വില്ലേജിലേക്കും സ്റ്റേഡിയങ്ങളിലേക്കുമെല്ലാം യാത്ര എളുപ്പം.
6000 കാബിൻ വില്ലേജുകളാണ് ലോകകപ്പിനായി സംഘാടകർ ഒരുക്കിയത്. അതുവഴി, 12,000ത്തോളം കാണികൾക്ക് താമസിക്കാൻ കഴിയും. ഹോട്ടൽ, അപ്പാർട്മെൻറ് താമസ സംവിധാനങ്ങൾക്കു പുറമെയാണ് കാബിൻ സൗകര്യങ്ങളുമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.