എംബാപ്പെയെ പിടിച്ചുകെട്ടാൻ മൊളീനക്കാകുമോ?
text_fieldsദോഹ: കിലിയൻ എംബാപ്പെയുടെ അതിവേഗത്തിലാണ് ഫ്രഞ്ച് പ്രതീക്ഷകളുടെ കാതൽ. കഴിഞ്ഞ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ എംബാപ്പെ അർജന്റീനക്കുമുമ്പാകെ അത് തെളിയിച്ചതുമാണ്. അന്ന് 31 വയസ്സുണ്ടായിരുന്ന ഗബ്രിയേൽ മെർകാഡോയെയായിരുന്നു എംബാപ്പെയെ പൂട്ടാൻ നിയോഗിച്ചിരുന്നത്.
എന്നാൽ, 19 വയസ്സിന്റെ ചോരത്തിളപ്പിൽ ആ കത്രികപ്പൂട്ടുകൾ അതിവേഗം പൊട്ടിച്ച യുവതാരത്തിന്റെ മികവിൽ ഫ്രാൻസ് 4-3ന് അർജന്റീനയെ വീഴ്ത്തുകയായിരുന്നു. ഇക്കുറി പക്ഷേ, 23വയസ്സുള്ള എംബാപ്പെയെ നേരിടുന്നത് 24കാരനായ നഹുവേൽ മൊളീന. മൊളീന മികച്ച പ്രകടനമാണ് ടൂർണമെന്റിൽ പുറത്തെടുക്കുന്നത്. മണിക്കൂറിൽ 37 കി.മീ വേഗത്തിൽ കുതിച്ചുപായുന്ന പി.എസ്.ജിക്കാരന് കാര്യങ്ങൾ പഴയതുപോലെ എളുപ്പമായേക്കില്ല.
ആദ്യ നാലു മത്സരങ്ങളിൽ അഞ്ചു ഗോളുകളടിച്ച ശേഷം അടുത്ത രണ്ടു കളികളിലും എംബാപ്പെയുടെ പ്രഹരശേഷിക്ക് എതിരാളികൾ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് റൈറ്റ് ബാക്ക് കെയ്ൽ വാക്കർ ഫ്രഞ്ചുകാരനെ വരിഞ്ഞുമുറുക്കിയതിൽ മൊളീനക്കും അർജന്റീനക്കും പാഠങ്ങളേറെയുണ്ട്. മൊറോക്കോയും അഷ്റഫ് ഹക്കീമിയുടെ നേതൃത്വത്തിൽ എംബാപ്പെയെ പിടിച്ചുകെട്ടിയിരുന്നു. ഗത്യന്തരമില്ലാതെ അവസാന ഘട്ടത്തിൽ വിങ്ങിൽനിന്ന് സെൻട്രൽ സ്ടൈക്കറുടെ പൊസിഷനിലേക്ക് മാറിക്കളിക്കുകയായിരുന്നു ഭൂമിയിൽ ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ.
നിക്കോളാസ് ഒടാമെൻഡിയും ക്രിസ്റ്റ്യൻ റൊമോറോയും സെൻട്രൽ ഡിഫൻസിൽ കോട്ട കാക്കുന്ന അർജന്റീന ഡിഫൻസിൽ സസ്പെൻഷൻ കഴിഞ്ഞ് മാർകോസ് അക്യൂന ലെഫ്റ്റ് ബാക്ക് പൊസിഷനിൽ തിരിച്ചെത്തും. ക്രൊയേഷ്യക്കെതിരെ പരീക്ഷിച്ച് വൻ വിജയമായ 4-4-2 ഫോർമേഷനിലായിരിക്കും ഫ്രാൻസിനെതിരെയും പടനീക്കം. ലിസാൻഡ്രോ മാർട്ടിനെസ് പകരക്കാരന്റെ റോളിലാകും.
ഏയ്ഞ്ചൽ ഡി മരിയ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ പരേഡസോ മാർട്ടിനെസോ ഡിഫൻസിന് തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെടാനും വഴിയുണ്ട്. എൻസോ x ഷ്വാമെനി, ഗ്രീസ്മാൻ x മക്അലിസ്റ്റർ തുടങ്ങി ഒട്ടേറെ ഇൻഡിവിജ്വൽ പോരാട്ടങ്ങൾക്ക് കൂടി ഈ മത്സരം വേദിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.